ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. എല്ലാ പേരുകള്‍ക്ക് പിന്നിലും ചില കൗതുകങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. അല്ലെങ്കില്‍ ചില ഇഷ്ടാനിഷ്ടങ്ങള്‍. അതുമല്ലെങ്കില്‍ ആരോടെങ്കിലുമുള്ള ആരാധന, ഭക്തി. അങ്ങനെ പോകുന്നു ആ പേര് വിശേഷങ്ങള്‍. അങ്ങനെയുള്ള മൂന്നു പേരുകാരെയാണ് തലക്കെട്ടില്‍ ചേര്‍ത്തിരിക്കുന്നത്.
നയന്‍താര-വിഘ്നേശ് ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ആണ്‍കുട്ടികള്‍ പിറന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. മാതാപിതാക്കള്‍ അവര്‍ക്ക് രണ്ട് ഓമനപ്പേരുകളും നല്കി- ഉയിര്, ഉലക്. ആ പേരിനെ കുറേക്കൂടി പരിഷ്ക്കരിച്ചിരിക്കുകയാണ് നയന്‍താരയും വിഘ്നേഷും. ഉയിര് രുദ്രോണി എന്‍. ശിവന്, ഉലക് ധൈവാഗ് എന്‍. ശിവന്.
കുട്ടികള്‍ ജനിച്ചപ്പോള്‍തന്നെ നയന്‍താരയും വിഘ്നേഷും അവരെ വിശേഷിപ്പിച്ചത് അവരുടെ ജീവനും ലോകവുമെന്നാണ്. ആ നിലയ്ക്കാണ് കുട്ടികള്‍ക്ക് ഉയിര് എന്നും ഉലക് എന്നും ഓമനപ്പേര് നല്‍കിയത്. അതിനെയാണിപ്പോള്‍ അവര്‍തന്നെ പരിഷ്ക്കരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടി ഷംന കാസിമും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തൊട്ടുപിന്നാലെ ആ കണ്മണിക്കും അവര്‍ പേര് നല്കി. ഹംദാന്‍. ദുബായ് കിരീടാവകാശി ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുള്ള ആദരവായിട്ടാണ് ഈ പേര് നല്‍കിയിരിക്കുന്നതെന്ന് ഷംനയും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. കഴിഞ്ഞ 24 വര്‍ഷമായി ദുബായില്‍ ജീവിക്കുന്ന ഷാനിദ് ജെസിബി ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ്.
Recent Comments