പ്രശസ്ത ചലച്ചിത്ര സംവിധായകന് വി.എ. ശ്രീകുമാറിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. രാവിലെ ഒന്‍പതരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
നാഗാലാന്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശ്രീവത്സം ഗ്രൂപ്പിന് രണ്ട് ബ്രാഞ്ചുകളാണുള്ളത്. ടി.എസ്. എന്റര്‍പ്രൈസസും എക്സലന്റ് എന്റര്‍പ്രൈസസും. ഇവരില്‍നിന്ന് സിനിമാനിര്മ്മാണത്തിനായി ഏഴുകോടി രൂപയാണ് ശ്രീകുമാര്‍ സ്വന്തം കമ്പനിയായ പുഷ് ഐ.ടി. കമ്പനിയിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങിയത്. 2016 ലാണ് സംഭവം. ഇക്കാലത്തിനിടയില്‍ സിനിമാനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരു ചുവടുപോലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശ്രീവത്സം ഗ്രൂപ്പിനുവേണ്ടി രാജേന്ദ്രന് കേസ് ഫയല്‍ ചെയതത്.
തുടര്‍ന്ന് രണ്ട് തവണ ശ്രീകുമാറിന് നോട്ടീസ് അയയ്ക്കുകയുണ്ടായി. ഇലക്ഷനുമുമ്പേയായിരുന്നു ആദ്യത്തെ നോട്ടീസ്. ഇലക്ഷന് വര്‍ക്കുകളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാല്‍ തല്ക്കാലം ഹാജരാകാനാവില്ലെന്ന് കാണിച്ച് ശ്രീകുമാര്‍ മറുപടി നല്‍കിയിരുന്നു. ഇലക്ഷനുശേഷം വീണ്ടും നോട്ടീസ് അയച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് വാറണ്ട് ഉണ്ടായത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ശ്രീകുമാര്‍ കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ഇന്നലെ രാത്രി ഒന്‍പതരയോടെ പാലക്കാട്ടെ ഓഫീസില്‍നിന്ന് ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയപ്പോള് ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് വാങ്ങിയ പണം കമ്പനിയുടെ (പുഷ്) ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്നാണ് ശ്രീകുമാര്‍ പറഞ്ഞത്. ഇതിന് കൃത്യമായ രേഖകളൊന്നും ഹാജരാക്കാന്‍ ശ്രീകുമാറിന് കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്നാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ശ്രീകുമാറിനെ ഹാജരാക്കും. കോടതി നടപടിപ്രകാരം റിമാന്റ് ചെയ്യുകയാണ് അടുത്ത പടി. അങ്ങനെയായാല്‍ ആലപ്പുഴ ജില്ലാ ജയിലിലേയ്ക്കായിരിക്കും ശ്രീകുമാറിനെ കൊണ്ടുപോകുക. ഇപ്പോള്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ശ്രീകുമാര്‍ ഉള്ളത്.
ജാമ്യത്തിനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീകുമാറിന്റെ അഭിഭാഷകര്‍.
Recent Comments