പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന് 2025 ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വിമര്‍ശനങ്ങളില്‍ വി.ഡി. സതീശന് കടുത്ത അതൃപ്തി എഐസിസിയെ അറിയിച്ചു. എല്ലാ കാലത്തും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകാറുണ്ട്. ഇത്തവണയും അതില്‍ മാറ്റമില്ല. നേരത്തെ ഗ്രൂപ്പുകള്‍ തമ്മിലാണ് പോരാട്ടമെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ വ്യക്തികള്‍ തമ്മിലുള്ള ചക്കളത്തിപോരാട്ടങ്ങളാണ് ശക്തമാവുന്നത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലാണ് പ്രധാന അങ്കം. ഇവര്‍ രണ്ടുപേരും മുന്‍ ഐ ഗ്രൂപ്പ് നേതാക്കളാണ്. എ ഗ്രൂപ്പ് ഈ രണ്ട് നേതാക്കള്‍ക്കും എതിരാണ്. മുന്‍ ഐ ഗ്രൂപ്പ് നേതാവായിരുന്ന കെ മുരളീധരന് ഇപ്പോള്‍ എ ഗ്രൂപ്പിനോടോപ്പവുമാണ്.
ചില നേതാക്കള്‍ വിഡി സതീശനെ വിമര്‍ശിച്ചതോടെ കട്ടകലിപ്പിലാണ് അദ്ദേഹം. ഇനി ഹൈക്കമാന്‍ഡ് ഇടപെടല്‍ ഇല്ലാതെ മിഷന് 2025 ചുമതല ഏറ്റെടുക്കില്ലെന്നാണ് വി.ഡി. സതീശന്റെ തീരുമാനം. മിഷന് ചുമതലയെ കുറിച്ച് ഇറക്കിയ സര്‍ക്കുലറിന്റെ പേരിലുണ്ടായ വിമര്‍ശനങ്ങളില്‍ സതീശന് എഐസിസിയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ ചേര്‍ന്ന ലീഡേഴ്സ് മീറ്റില്‍ എഐസിസി നിര്‍ദേശ പ്രകാരം മിഷന് ചുമതല ഏറ്റെടുത്തിട്ടും കെപിസിസി അധ്യക്ഷന്‍ അടക്കം വിമര്‍ശിച്ചതിലാണ് സതീശന് അതൃപ്തി. നിലവില്‍ ജില്ലകളില്‍ ചുമതല ഉള്ള കെപിസിസി ഭാരവാഹികളെ മറികടന്ന് പുതിയ നേതാക്കള്‍ക്ക് മിഷന് വഴി ചുമതല നല്‍കിയതില്‍ ആണ് സതീശനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പ്രശ്ന പരിഹാരത്തിനായി കെ.സി. വേണുഗോപാല്‍ ഉടന്‍ വി.ഡി. സതീശനും കെ. സുധാകരനുമായി സംസാരിക്കും.
അതേസമയം, വയനാട് ചേര്‍ന്ന കോണ്‍ഗ്രസ് ക്യാമ്പ് എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നതിനിടെ കോഴിക്കോട് ഡിസിസി ക്യാമ്പ് എക്സിക്യുട്ടീവ് ഇന്ന് ചേരും. രാവിലെ 9.30ന് തുടങ്ങുന്ന ക്യാമ്പില്‍ ജില്ലയിലെ കെപിസിസി ഭാരവാഹികള്‍ മുതല്‍ ബ്ലോക്ക് ഭാരവാഹികള്‍ വരെ പങ്കെടുക്കും. രാജ് മോഹന്‍ ഉണ്ണിത്താന് എം പി വയനാട് ക്യാമ്പിലെ തീരുമാനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം പി മാരായ എം കെ രാഘവന്, ഷാഫി പറമ്പില്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
ഇന്നലെ(ജൂലൈ 26) ബെന്നി ബെഹനാന് യുക്തിചിന്ത പ്രോത്സാഹന ബില്ലിന് ലോകസഭയില്‍ അനുമതി തേടിയത് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിക്കുന്നുണ്ട്. അടുത്തകാലത്ത് സുധാകരനെതിരെ നടത്തിയ കൂടോത്രം വിവാദമായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നിയമനിര്‍മ്മാണം നടത്തുകയാണ് ബെന്നി ബഹന്നാന് അവതരിപ്പിച്ച ബില്ലിന്റെ ലക്ഷ്യം. ഇത് തന്നെ ഉദ്ദേശിച്ചാണെന്നും തന്നെ മാത്രം ഉദ്ദേശിച്ചതാണെന്നും സുധാകരന് ചില നേതാക്കളോട് രഹസ്യമായി പറഞ്ഞെന്നും കേള്‍ക്കുന്നു.
Recent Comments