വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിലുകള്‍ മൂന്നു മാസത്തിനകം സര്‍വ്വീസ് തുടങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കോട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും നിരവധി പുതുമകളാണ് ട്രെയിനിനുള്ളതെന്നും മന്ത്രി വെളിപ്പെടുത്തി. ബെംഗളൂരുവിലെ ബിഇഎംഎലില്‍ എത്തിയ മന്ത്രി കോച്ചുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തി. ഇതിന്റെ വീഡിയോയും പുറത്തു വന്നു.
160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സ്ലീപ്പര്‍ ട്രെയിനില്‍ എസി കംപാര്ട്ട്മെന്റുകളുള്പ്പെടെ 16 കോട്ടുകളാണ് ഉണ്ടാവുക. ആകെ 823 ബെര്‍ത്തുകളുണ്ടാകും. ഓരോ ബെര്‍ത്തിലും റീഡിങ് ലൈറ്റ്, ചാര്‍ജ് ചെയ്യുന്നതിനായി സോക്കറ്റ്, മൊബൈല്‍ വയ്ക്കാനും മാസിക വയ്ക്കാനുമുള്ള സൗകര്യം, സ്നാക് ടേബിള്‍ തുടങ്ങിയവ സജ്ജമാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. പൂര്‍ണ്ണമായും യൂറോപ്യന്‍ നിലവാരത്തില്‍ തയ്യാറാക്കുന്ന കോച്ചുകള്‍ യാത്രക്കാര്‍ക്ക് ലോകോത്തര നിരവാരത്തിലെ യാത്രാനുഭവം നല്‍കുമെന്നാണ് കണ്‍സള്‍ട്ടന്റായ ഇസി എഞ്ചിനീയറിംഗ് പറയുന്നത്. യാത്ര്കകാരുടെ സുരക്ഷയ്ക്കും സൗകര്യപ്രദമാര്‍ന്ന യാത്രയ്ക്കുമാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ട്രെയിനിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിയിടി ഒഴിവാക്കുന്നതിനായി കവച് സംവിധാനം സ്ലീപ്പര്‍ ട്രെയിനിലുണ്ടാകും. സെന്‍സര്‍ വാതിലുകളും പരിസ്ഥിതിക്ക് ഇണങ്ങുന്ന ശുചിമുറിയുമാകും സ്ലീപ്പറിലുണ്ടാവുക.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ, പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ള വന്ദേ ചെയര്‍കാര്‍, വന്ദേ സ്ലീപ്പര്‍, വന്ദേ മെട്രോ, അമൃത് ഭാരത് ട്രെയിനുകള്‍ ലോകത്തെ ഏറ്റവും മികച്ച ട്രെയിനുകളുമായി താരതമ്യം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇടത്തരക്കാര്‍ക്കുള്ള ഗതാഗത മാര്‍ഗ്ഗം എന്ന നിലയില്‍ യാത്രാനിരക്ക് താങ്ങാനാവുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Recent Comments