കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഗുരുവായൂര്‍ അമ്പലം തീപ്പെടുന്നതിനും മുമ്പ്. അന്ന് ഇത്രയ്ക്ക് തിക്കും തിരക്കുമൊന്നുമായിട്ടില്ല. സാമൂതിരിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ക്ഷേത്രകാര്യങ്ങള്‍ നടന്നുവന്നിരുന്നത്.
ആയിടയ്ക്ക് ഒരിക്കല്‍ കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മ ഗുരുവായൂരിലെത്തി. അവിടെയൊരു കവിയരങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ജയശ്രീ ഹോട്ടലിലാണ് താമസം. വയലാര്‍ അവിടെ എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അദ്ദേഹത്തെ കാണാന്‍ റൂമിലെത്തി. സംസാരിച്ചിരിക്കുന്നതിനിടെ ചൊവ്വല്ലൂര്‍ പറഞ്ഞു.
‘ഞാന്‍ ഗുരുവായൂരപ്പനെ തൊഴാന്‍ പോവുകയാണ്. കുട്ടേട്ടന് (വയലാറിനെ അങ്ങനെയാണ് അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്) വരുന്നുണ്ടോ?’
‘ഇല്ല, ഞാന്‍ വരുന്നില്ല. താന്‍ പൊയ്ക്കോ.’
‘ഇത്രയും ദൂരം വന്നതല്ലേ. ഗുരുവായൂരപ്പനെ ഒന്ന് കാണാലോ?’
‘ഞാനില്ല.’ വയലാര്‍ തീര്‍ത്തും പറഞ്ഞു.
വീണ്ടും നിര്‍ബ്ബന്ധിച്ചപ്പോള്‍ അല്‍പ്പനേരത്തെ മൗനത്തിനുശേഷം വയലാര്‍ പറഞ്ഞു- ‘പൊയ്ക്കളയാം.’
രണ്ടുപേരും കൂടി നടന്ന് ഗുരുവായൂര്‍ നടയിലെത്തി. കൊടിമരത്തിന് മുന്നിലെത്തിയപ്പോള്‍ വയലാര്‍ പറഞ്ഞു.
‘ചൊവ്വല്ലൂര്‍ ഭഗവാനെ തൊഴുതു വന്നോളൂ. ഞാന്‍ ഇവിടെ നിന്നോളാം.’
ചൊവ്വല്ലൂര്‍ നാലമ്പലത്തിനകത്തേയ്ക്ക് കയറിപ്പോയി. വയലാര്‍ ആ കൊടിമരത്തിന് ചുവടെ തന്നെ നിന്നു. ഭഗവത് ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ചൊവ്വല്ലൂര്‍ കണ്ടത് കൊടിമരത്തിനടുത്തുനിന്ന് ഭഗവാനെ നോക്കിനില്ക്കുന്ന വയലാറിനെയാണ്. പിന്നെ ഇരുവരും ക്ഷേത്രപ്രദക്ഷിണം ചെയ്തു. അതിന് പിന്നാലെ റൂമിലേയ്ക്ക് മടങ്ങി.
റൂമില്‍ മടങ്ങിയെത്തുമ്പോള്‍ വയലാര്‍ ചൊവ്വല്ലൂരിനോട് പറഞ്ഞു.
‘ഞാനിന്ന് മറ്റൊരു കവിതയാണ് ചൊല്ലാനായി കൊണ്ടുവന്നത്. അത് ചൊല്ലുന്നില്ല. ഗുരുവായൂരപ്പനെ കണ്ടുകഴിഞ്ഞപ്പോള്‍ ഒരു കവിത എഴുതാന്‍ തോന്നുന്നു. ഞാനൊന്ന് എഴുതിക്കൊള്ളട്ടെ.’
പിന്നെ ജനലുകളും വാതിലും അടച്ച് എഴുതാന്‍ ഇരുന്നു. ‘ആയിരം നാവുള്ള മൗനമേ’ എന്ന് തുടങ്ങുന്ന കവിത പിറന്നത് അന്നാണ്. ആ കവിയരങ്ങില്‍ വയലാര്‍ ചൊല്ലിയതും ഈ കവിതയായിരുന്നു. പിന്നീടതൊരു കവിതയായി പ്രസിദ്ധീകരിച്ചോ എന്നൊന്നും ചൊവ്വല്ലൂരിന് തിട്ടമില്ല. പക്ഷേ ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞുവന്നതിന് പിന്നാലെയാണ് ആ കവിത പിറന്നതെന്ന് അദ്ദേഹം വ്യക്തമായും ഓര്‍മ്മിക്കുന്നു.
ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്ക് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ സുരേഷ്ഗോപി എത്തിയപ്പോള്‍
ചൊവ്വല്ലൂര്‍ മരണപ്പെടുന്നതിനുമൊക്കെ മുമ്പ് അദ്ദേഹത്തെ കാണാന്‍ വീട്ടിലെത്തിയപ്പോള്‍ നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരോടും ബാബു ഗുരുവായൂരിനോടും അദ്ദേഹം പങ്കുവച്ചതാണ് വയലാറിനൊപ്പമുള്ള ഈ ഓര്‍മ്മകള്‍.
Recent Comments