അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാളി ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യും. എ പാന്‍ ഇന്ത്യന്‍ സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളിയായ ഫഹദ് സിദ്ദിക്കാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രണ്ട് കുടുംബങ്ങളുടെ പാശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ജോണി ആന്റണി, ധര്മ്മജന് ബോള്‍ഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ജേതാവായ ഡാവിഞ്ചി, പാര്‍വണ ദാസ്, ഋതുപര്‍ണ്ണ, വിജയനുണ്ണി, ഡോ. ഷിറില്‍ എന്നിവരാണ് അഭിനേതാക്കള്‍. പുതുമുഖം വിസ്മയ ശശികുമാറാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍, സംഗീതം ഭൂമി, സൗണ്ട് ഡിസൈനര്‍ ഷൈജു എം, ആര്‍ട്ട് റെജു, കളറിംഗ് വിഎഫെക്സ് ഷിനു, പ്രൊഡക്ഷന്‍ കണ്ട്രോളര് വിജയനുണ്ണി.
ആളൊരുക്കം എന്ന ആദ്യ ചിത്രത്തിലൂടെ പ്രിയ നടന് ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി നേടിക്കൊടുത്തതിലൂടെയാണ് വി സി അഭിലാഷ് ശ്രദ്ധിക്കപ്പെടുന്നത്. ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ നേടിയ ആളൊരുക്കത്തിന് ശേഷം വി സി അഭിലാഷ് ഒരുക്കിയ സബാഷ് ചന്ദ്രബോസും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. സബാഷ് ചന്ദ്രബോസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. ആഫ്രിക്ക ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്ലില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമയായിരുന്നു സബാഷ് ചന്ദ്രബോസ്.
Recent Comments