ബിജെപിയാണ് എല്‍ഡിഎഫിന്റെ ഐശ്വര്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജനം ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തനിക്ക് ബിജെപിക്കാരനാവാനോ ഒന്നുമാവാന്‍ പറ്റില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്നത് എസ് എന്‍ ഡി പി യോഗത്തെയാണ്. എസ് എന്‍ ഡി പയില്‍ ബിജെപിക്കാരുണ്ട്, കമ്മ്യൂണിസ്റ്റുകാരുണ്ട്, കോണ്‍ഗ്രസുകാരുണ്ട്, ആര്‍എസ്പിക്കാരുണ്ട്, എല്ലാ പാര്‍ട്ടിക്കാരുമുണ്ട്.
ഞാന്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കെഎസ്യുവായിരുന്നു, കോണ്‍ഗ്രസായിരുന്നു. എന്നെ കമ്യൂണിസ്റ്റാക്കിയതാണ്, സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലെ ലീഡര്‍ ആയിരുന്നു. അന്ന് എന്നോടൊപ്പം വയലാര്‍രവിയും എകെ ആന്റണിയും എന്റെ സൈക്കിളില്‍ നടന്ന ആളുകളാണ്. ഞാന്‍ ചില്ലറ കൊടുത്താണ് ഇവര്‍ വണ്ടിയില്‍ യാത്ര ചെയ്തിരുന്നത്. ഇവര്‍ക്കെല്ലാം ചെല്ലും ചെലവും കൊടുത്ത് ഞാന്‍ കൊണ്ട് നടന്നതാണ്. ഞാന്‍ ആദര്‍ശം പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ എന്നെ കമ്യൂണിസ്റ്റുകാരനാക്കി.
1963 ല്‍ ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും 15 വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ തോല്‍വിയായിരുന്നു. അതുകഴിഞ്ഞു ഞാന്‍ പല മേഖലകളിലും പ്രവര്‍ത്തിച്ചു. കണിച്ചുകുളങ്ങര ക്ഷേത്രം കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവര്‍ത്തനം. മാധവസേന മാനവസേന എന്നതായിരുന്നു എന്റെ വിശ്വാസം. സാധാരണക്കാരുടെ ദുരിതവും ദുഃഖവും അവസാനിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു എന്റെ പ്രവര്‍ത്തനം. ഭഗവാനു വിശപ്പില്ല ഭക്തനു വിശപ്പുണ്ട്. വിശപ്പും ദുരിതവും അനുഭവിക്കുന്ന ഭക്തനു ഭഗവാനില്‍ സമര്‍പ്പിച്ച സമ്പത്ത് ഞാന്‍ വാരിക്കോരി കൊടുത്തു. പാവങ്ങള്‍ക്ക് ആശ്രയമാക്കി കാണിച്ചുകുളങ്ങര ക്ഷേത്രത്തെ മാറ്റി. 60 കൊല്ലമായി കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പ്രസിഡന്റാണ് ഞാന്‍.
ഞാന്‍ കമ്യൂണിസ്റ്റല്ല.സാമൂഹ്യ നീതി നടപ്പിലാക്കണമെന്നാഗ്രഹമുള്ള ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനാണ്. സിപിഎം സെക്രട്ടറി എം വി ഗോവിന്ദന് കാര്യങ്ങള്‍ അറിയാതെ ഓരോന്നും പറയുകയാണ്.അതേസമയം പിണറായി പറയുമെന്ന് തോന്നുന്നില്ല .മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കാര്യങ്ങള്‍ പഠിച്ചിരുന്നു. ഞാന്‍ പ്രശ്നാധിഷ്ഠിതമായി കാര്യങ്ങള്‍ പറയുന്നുയെന്ന് മാത്രം. ശബരിമല വന്നപ്പോള്‍ ഞാന്‍ നല്ലതായിരുന്നല്ലോ. ഇപ്പോള്‍ എന്ത് പറ്റി. എന്തുകൊണ്ടാണ് ഈഴവരുടെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതെന്ന് ഇവര്‍ പഠിക്കണം. മലബാറിലെ തിയ്യരുടെ വോട്ട് എവിടെപ്പോയി. എല്ലാവരുടെയും വോട്ടുകള്‍ എന്റെ പോക്കറ്റിലാണോ.
എസ്എന്‍ഡിപിയെ പിടിച്ചടക്കാന്‍ പണ്ട് കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചിട്ടുണ്ട്. അതിനു വേണ്ടി കൊച്ചിയില്‍ കമ്യൂണിസ്റ്റ് നേതാവായ പി ഗംഗാധരനെ എസ്എന്ഡിപിയിലേക്കയച്ചു. ഒടുവില്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ഞങ്ങളുടെ കൂടെയായി. ഗോവിന്ദന് മാഷിനോട് എനിക്ക് വിരോധമില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ അദ്ദേഹത്തിനറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ അണികള്‍ക്കറിയാം. സ്വന്തം കുറ്റങ്ങള്‍ പറയാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള ശ്രമമായി അതിനെ കണ്ടാല്‍ മതി.
സിപിഎം എന്തിനു ന്യൂന പക്ഷ പ്രീണനം നടത്തി. അപ്പോള്‍ ഭൂരിപക്ഷത്തിനു വിഷമം ഉണ്ടാവില്ലേ. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അപാകതകള്‍ സിപിഎമ്മിനു തിരിച്ചടിയായിട്ടുണ്ട്. ആലപ്പുഴയില്‍ ആരിഫിനെ മാറ്റി തോമസ് ഐസക്കിനെയോ ജി സുധാകരനെയോ നിര്‍ത്തിയിരുന്നെങ്കില്‍ വിജയ സാധ്യത ഉണ്ടാകുമായിരുന്നു.
ബിജെപിയല്ലേ എല്‍ഡിഎഫിന്റെ ഐശ്വര്യം. എല്‍ഡിഎഫിനു വിജയം നേടികൊടുക്കുന്നത് ബിജെപിയാണ്. സജി ചെറിയാന് ജയിക്കുന്നത് എങ്ങനെയാണ്? ത്രികോണമത്സരം കൊണ്ടല്ലേ. അതിനു മുമ്പ് കോണ്‍ഗ്രസുകാര്‍ ജയിച്ചുകൊണ്ടിരുന്നതല്ലേ. അവിടെ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ കോണ്‍ഗ്രസിനാണ് മുന്‍കാലങ്ങളില്‍ കിട്ടിയിരുന്നത്. ഇരിങ്ങാലക്കുടയില്‍ എന്തുകൊണ്ട് തോമസ് ഉണ്ണിയാടന് തോറ്റു. ഞങ്ങളുടെ യൂണിയന് പ്രസിഡന്റ് മത്സരിച്ചപ്പോള്‍ ഉണ്ണിയാടന് തോറ്റു പോയി. അടുത്ത തവണ ഞങ്ങളുടെ യൂണിയന് പ്രസിണ്ടന്റിനെ മാറ്റി ബിജെപി മത്സരിച്ചപ്പോള്‍ പ്രൊഫസര്‍ (ആര്. ബിന്ദു) വീണ്ടും ജയിച്ചു. വര്‍ക്കല കഹാര്‍ തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരുന്നതല്ലേ. കഹാര്‍ എങ്ങനെ തോറ്റു പോയി. ഓരോ മണ്ഡലങ്ങള്‍ നോക്കിയാലും കാര്യങ്ങള്‍ മനസിലാവും.
(പ്രദീപ് പിള്ളയാണ് അഭിമുഖം നടത്തിയത്.)
Recent Comments