ഒരുപാട് മഹാരഥന്മാരായ നടന്മാര് വിടപറഞ്ഞ് പോയിട്ടുണ്ട്. പക്ഷേ ഇത്രത്തോളം ദുഃഖിച്ച ഒരു ദിവസം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഞാന്‍ ഒരുപാട് കരഞ്ഞു. അദ്ദേഹം എനിക്ക് ആരായിരുന്നു? സംശയമില്ല, എന്റെ ഗുരു. ഇനി ഒരുപക്ഷേ പെരുന്തച്ചനില്‍ ഞാന്‍ അഭിനയിക്കാന്‍പോലും കാരണക്കാരനായത് അദ്ദേഹമായിരിക്കണം.
പെരുന്തച്ചനില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രത്തിനുവേണ്ടി അനവധിപ്പേരെ തേടുന്ന സമയമായിരുന്നു അത്. എന്റെ ഏതോ സീരിയല്‍ കണ്ടിട്ട് എനിക്കും ക്ഷണം കിട്ടി. കോട്ടയത്തുനിന്ന് തീവണ്ടി കയറി മംഗലാപുരത്ത് ഇറങ്ങി. അവിടെ എത്തിയ എനിക്ക് ആരെയും പരിചയമുണ്ടായിരുന്നില്ല. സംവിധായകനെയോ, നിര്‍മ്മാതാവിനെയോ അങ്ങനെ ആരെയും. ചെറുതായിട്ടെങ്കിലും പരിചയം വേണുച്ചേട്ടനെയായിരുന്നു. അതും നേരിട്ടല്ല, അച്ഛന് വഴിയുള്ള പരിചയമാണ്.
സിനിമയില്‍ തന്നെയുള്ള ഒരു രംഗം അഭിനയിച്ച് കാണിക്കാനായിരുന്നു എന്നോട് ആവശ്യപ്പെട്ടത്. എനിക്ക് ഓപ്പോസിറ്റ് നിന്ന് അഭിനയിച്ചത് വേണുച്ചേട്ടനും. വിധികര്‍ത്താക്കളായി സംവിധായകനും ചീഫ് അസോസിയേറ്റ് ഡയറക്ടറും.
എന്റെ പ്രകടനം കണ്ടിട്ട് സംവിധായകന് ഇഷ്ടമായോ എന്ന് അറിയില്ല. പക്ഷേ വേണുച്ചേട്ടന് അവരോട് ചെന്ന് പറഞ്ഞത്, ‘ഈ പയ്യന് കൊള്ളാം. ഇവന് ചെയ്തുകൊള്ളുമെന്നാണ്.’ അദ്ദേഹത്തിന്റെ വാക്കിന്റെ പുറത്തായിരിക്കാം അവരെന്നെ കാസ്റ്റ് ചെയ്തതും.
അതിനുശേഷം ഞങ്ങള്‍ എത്രയോ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. സര്‍ഗ്ഗം, പരിണയം, ഗസല്‍ അങ്ങനെയങ്ങനെ…
എന്തിന് ഏറ്റവും ഒടുവില്‍ ‘എന്റെ മഴ’ എന്ന ചിത്രത്തിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ഒരു മാസം മുമ്പാണ് അതിന്റെ ഷൂട്ടിംഗ് നടന്നത്. ഒറ്റപ്പാലത്തിനടുത്തായിരുന്നു ഷൂട്ടിംഗ്. ഒന്നരദിവസത്തെ വര്‍ക്കേ വേണുച്ചേട്ടനുണ്ടായിരുന്നുള്ളൂ. ആ മണിക്കൂറുകളില്‍ ഞങ്ങള്‍ സംസാരിച്ചത് മുഴുവനും പഴയ കാര്യങ്ങളെക്കുറിച്ചായിരുന്നു. ഇടയ്ക്ക് പാട്ടും കടന്നുവന്നു. ആ സിനിമയുടെ സെറ്റില്‍വച്ച് ഞാന്‍ പാട്ട് പാടിയപ്പോള്‍ എനിക്ക് താളമിട്ടുതന്നത് വേണുച്ചേട്ടനായിരുന്നു.
ആകെയൊരു വിഷമമേയുള്ളൂ. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച അഭിനേതാവായിരുന്നു വേണുച്ചേട്ടന്. അദ്ദേഹം ചെയ്യാത്ത കഥാപാത്രങ്ങളില്ല. എന്നിട്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരം വേണുച്ചേട്ടന് ലഭിച്ചില്ല. അദ്ദേഹം അതിന് അര്ഹനായിരുന്നിട്ടുകൂടിയും അങ്ങനെയൊരു വേദന കൂടിയുണ്ട്, എനിക്ക് മാത്രമല്ല, സിനിമയെ സ്നേഹിക്കുന്ന മുഴുവന്‍ പേര്‍ക്കും. ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേരുന്നു.
Recent Comments