ബോളിവുഡിലെ പ്രശസ്ത നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയില്‍ കഴിയുകയായിരുന്നു. മനോജ് കുമാറിന്റെ മരണവാര്‍ത്ത സംവിധായകനായ അശോക് പണ്ഡിറ്റാണ് പുറത്തുവിട്ടത്.
ദേശസ്നേഹത്തെ പ്രമേയമാക്കിയ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് മനോജ് കുമാര്‍. ‘ഉപകാര്,’ ‘ഷഹീദ്,’ ‘പുരബ് ഓർ പശ്ചിം,’ ‘റൊട്ടി കപ്ഡ ഓർ മകാന്‍’ തുടങ്ങി നിരവധി ദേശസ്നേഹ സിനിമകളിലെ അഭിനയവും സംവിധാനവും അദ്ദേഹത്തെ പ്രേക്ഷകഹൃദയങ്ങളിലേക്കെത്തിച്ചു. ദേശീയ ദിനങ്ങളില്‍ പ്രധാനമായും പാടുന്ന ‘മേരേ ദേശ് കി ദർതി’ എന്ന ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്ന ഉപകാര് ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ പ്രധാന മൈൽസ്റ്റോണുകളിൽ ഒന്ന്.
ലാൽ ബഹദൂർ ശാസ്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മനോജ് കുമാറിന് അദ്ദേഹത്തിന്റെ ദേശസ്നേഹപരമായ സംഭാവനകള്‍ക്കായി “ഭരത് കുമാർ” എന്ന പേരിൽ വിശേഷണം ലഭിച്ചിരുന്നു. 1995-ൽ പത്മശ്രീയും 2015-ൽ ദാദാസാഹിബ് ഫാൽകെ അവാർഡും ഉള്‍പ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയര്‍ അവാർഡുകളും അദ്ദേഹം കരസ്ഥമാക്കി.
ഹരികൃഷ്ണന് ഗോസ്വാമി എന്ന യഥാര്‍ഥ നാമധേയത്തില്‍ 1937 ജൂലൈ 24-ന് പഞ്ചാബിലെ അമൃത്സറിലാണ് മനോജ് കുമാര്‍ ജനിച്ചത്.
Recent Comments