തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലയെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ. വിശ്വനാഥ് വിടവാങ്ങി. 92 വയസ്സായിരുന്നു. ഒരിക്കലും നികത്താനാകാത്ത വിടവ് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്.
1930 മാര്‍ച്ച് 19 നായിരുന്നു വിശ്വനാഥിന്റെ ജനനം. ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയില്‍ ഒരു സൗണ്ട് റിക്കോര്ഡിസ്റ്റായിട്ടായിരുന്നു സിനിമയിലേയ്ക്കുള്ള പ്രവേശനം. പിന്നീട് സഹസംവിധായകനായി ഒട്ടേറെ ചിത്രങ്ങള്‍. സ്വതന്ത്രമായി ചെയ്ത ആദ്യ ചിത്രംതന്നെ ദേശീയ അംഗീകാരം നേടിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളായിരുന്നു അദ്ദേഹം കൂടുതലും തന്റെ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ശങ്കരാഭരണം, സ്വാതിമുത്ത്യം, സാഗരസംഗമം, ശുഭരേഖ, സപ്തപതി തുടങ്ങിയ സിനിമകള്‍ തെലുങ്കാനയിലും തമിഴകത്തും ഒപ്പം മലയാളത്തിലും ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 1980 ല്‍ റിലീസ് ചെയ്ത ശങ്കരാഭരണത്തിന്റെ തമിഴ്, മലയാളം പതിപ്പുകള്‍ കേരളത്തില്‍ 150 ഓളം ദിവസം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അന്‍പത്തിമൂന്നോളം ചലച്ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. തമിഴ്, തെങ്കുങ്ക്, കന്നഡ എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. മമ്മൂട്ടി നായകനായ സ്വാതികിരണം എന്ന ചിത്രം സംവിധാനം ചെയ്തതും കെ. വിശ്വനാഥായിരുന്നു. കമലിനൊപ്പം കുരുതിപുന്നല്, രജനി ചിത്രം ലിങ്ക, വിക്രമിന്റെ രാജപാട്ടെ, സൂര്യ നായകനായ സിങ്കം 2 എന്നിവ വിശ്വനാഥ് അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.
തെലുങ്കും തമിഴിലും കൂടാതെ ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് തവണ ദേശീയ പുരസ്കാരവും ഏഴിലേറെ പ്രാവശ്യം നന്തി അവാര്‍ഡും നിരവധി തവണ ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു. കൂടാതെ ഇന്ത്യന്‍ സിനിമയിലെ പരമോന്നത അവാര്‍ഡായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത് ശുഭപ്രദം എന്ന ചിത്രമായിരുന്നു.
Recent Comments