മലയാള സിനിമയില്‍ ഒരു കാലത്ത് നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച മുതിര്‍ന്ന നടന് രവികുമാര്‍ അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തൃശൂർ സ്വദേശിയായ രവികുമാർ ഏറെക്കാലമായി ചെന്നൈയിലായിരുന്നു താമസം. 100-ലധികം മലയാള ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.
1970 കളിലും 1980കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ് രവികുമാർ ശ്രദ്ധേയനാകുന്നത്. 1967 ല്‍ പുറത്തെത്തിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റ അരങ്ങേറ്റം. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.
പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു.ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. “എൻ സ്വരം പൂവിടും ഗാനമേ”, “സ്വർണ്ണ മീനിന്റെ” തുടങ്ങി മലയാളികൾ ഇന്നും കേട്ടാസ്വദിക്കുന്ന പല നിത്യഹരിത ഗാനങ്ങളിലും അഭിനയിച്ചത് അദ്ദേഹമായിരുന്നു.
Recent Comments