ഇനി ആ വാനമ്പാടി ഉണ്ടാവില്ല. ആ സ്വർഗ്ഗീയ നാദവും. രണ്ടും ഉപേക്ഷിച്ച് അവർ മറ്റൊരു ലോകത്തേക്ക് യാത്രയായി. പക്ഷേ ഇനിയും ഇന്ത്യയുടെ വാനമ്പാടി ജീവിക്കും. അവർ ആലപിച്ച എണ്ണമറ്റ ഗാനങ്ങൾ ഈ ലോകത്ത് അവശേഷിക്കും വരെ.
കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി അവർ ചികിത്സയിലായിരുന്നു. ഇന്നലെ അസുഖം മൂർച്ഛിക്കുകയും വെന്റിലേറ്ററിൽ പ്രവേശിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. 92 വയസ്സുണ്ടായിരുന്നു.
ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി അവരെ രാജ്യം ആദരിച്ചിരുന്നു. ഭാരതരത്നയ്ക്ക് പുറമേ പത്മഭൂഷണും പത്മവിഭൂഷണും ലഭിച്ച അപൂർവം ഗായകരിൽ ഒരാൾ കൂടിയാണ് ലതാമങ്കേഷ്കർ. 1989 ൽ ദാദാസാഹേബ് പുരസ്കാരവും അവരെ തേടിയെത്തിയിരുന്നു. നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ വേറെയും.
മറാത്തി, ഹിന്ദി, തുളു, കൊങ്ങിണി, ഉറുദു, ഭോജ്പുരി, പഞ്ചാബി, ഗുജറാത്തി, ഒഡിയ, ആസാമി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ബംഗാളി തുടങ്ങിയ ഇരുപതോളം ഇന്ത്യൻ ഭാഷകളിലായി അവർ ആലപിച്ച് തീർത്തത് ഇനിയും എണ്ണി തിട്ടപ്പെടാനാകാത്ത ഗാനശേഖരങ്ങളായിരുന്നു. വയലാർ രാമവർമ്മ എഴുതി സലിൽ ചൗധരി സംഗീതം പകർന്ന നെല്ല് എന്ന ചിത്രത്തിലെ കദളി ചെങ്കദളി എന്നു തുടങ്ങുന്ന ഗാനമാണ് മലയാളത്തിൽ അവർ ആലപിച്ച ഏക ഗാനം.
സംഗീതജ്ഞനായിയുന്ന പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറാണ് ലതയുടെ അച്ഛൻ. അച്ഛന്റെ കീഴിലാണ് ലത സംഗീതപാഠങ്ങൾ അഭ്യസിച്ച് തുടങ്ങിയത്. ദീനനാഥിന്റെ ആദ്യ ഭാര്യയുടെ പേര് നർമ്മദ എന്നായിരുന്നു. വിവാഹശേഷം അവർ കുറച്ച് നാലുകളേ ജീവിച്ചിരുന്നുള്ളൂ. അതിനുശേഷം ആദ്യ ഭാര്യയുടെ അനുജത്തി ശീവന്തിയെ ദീനനാഥ് വിവാഹം ചെയ്തു. ശീവന്തി-ദീനനാഥ് ദമ്പതികൾക്ക് അഞ്ച് കുട്ടികൾ. അതിൽ മൂത്ത കുട്ടിയാണ് ലതാമങ്കേഷ്കർ. മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവരാണ് മറ്റു സഹോദരങ്ങൾ. ഇതിൽ ആശാ ഭോസലെയും അറിയപ്പെടുന്ന ഗായികയാണ്.
ഹേമ എന്നായിരുന്നു തങ്ങളുടെ മൂത്ത മകൾക്ക് അവർ നൽകിയിരുന്ന പേര്. മങ്കേഷ്കർ എന്നത് കുടുംബപേരാണ്. ഗോവയിലെ മങ്കേഷിക്കാരാണ് ദിനനാഥിന്റെ കുടുംബക്കാരെല്ലാം.
വളരെ ചെറുപ്പം മുതൽ അച്ഛന്റെ നാടകങ്ങളിൽ ഹേമ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. അച്ഛന്റെ പ്രശസ്തമായ ഒരു നാടകത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ പേര് ആയിരുന്നു ലത. പിന്നീട് മകൾക്ക് ലത എന്ന് പേരിടുവാനുള്ള കാരണവും അതാണ്. അച്ഛന്റെ മരണശേഷമാണ് ലത സിനിമാ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. നവയുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയും ദീനനാഥിന്റെ സുഹൃത്ത് കൂടിയായ വിനായക് ദാമോദർ കർണാടകിയാണ് ലതാമങ്കേഷ്കറെ സിനിമയുടെ തിരുവരങ്ങിൽ എത്തിക്കുന്നത്. കിറ്റി ഹസാൽ എന്ന മറാത്തി സിനിമയിൽ പാടി കൊണ്ടായിരുന്നു തുടക്കം. നിർഭാഗ്യവശാൽ ആ പാട്ട് പുറത്തുവന്നില്ല. ആദ്യകാലത്ത് സിനിമയിൽ ചില രംഗങ്ങളിലും പാടി അഭിനയിച്ചിരുന്നു.
നേർത്ത സ്വരമെന്ന് പറഞ്ഞ് ആദ്യകാലത്ത് അവസരം നിഷേധിച്ചിരുന്ന പല സംഗീതസംവിധായകരും നിർമാതാക്കളും പിന്നീട് ലതയെ കൊണ്ട് പാടിക്കാൻ അവരുടെ വീട്ടുപടിക്കൽ കാത്തുകിടന്ന് നിന്നിരുന്ന കാലം ഉണ്ടായിരുന്നു.
മെഹബൂബ് സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം ആനിന്റെ തമിഴ് റീമേക്കിലൂടെയാണ് ലത മങ്കേഷ്കറുടെ ശബ്ദം ആദ്യമായി സൗത്ത് ഇന്ത്യയിൽ മുഴങ്ങുന്നത്.ആനിലെ ഗാനം ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകൻ നൗഷാദായിരുന്നു. ഗാന രചയിതാവ് ഷക്കീൽ ബദായൂനിയും. തമിഴിൽ വലത് വിവർത്തനം ചെയ്തത് കമ്പദാസനായിരുന്നു.
1987 ൽ റിലീസിനെത്തിയ കണ്ണുക്കൊരു വണ്ണക്കിളി എന്ന തമിഴ് ചിത്രത്തിലാണ് ലത പിന്നീട് പാടുന്നത്. ഇളയരാജയായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ. പക്ഷേ ഇന്നും എല്ലാ തലമുറയും ഒരുപോലെ നെഞ്ചിലേറ്റുന്ന തമിഴ് ഗാനം ലതയ്ക്ക് സമ്മാനിച്ചതും ഇളയരാജയായിരുന്നു. വാലിയുടെ രചനയിൽ ഇളയരാജ തന്നെ സംഗീത സംവിധാനം നിർവഹിച്ച സത്യയിലെ ‘വലയോശൈ’ എന്ന് തുടങ്ങുന്നതാണ് ആ ഗാനം.
Recent Comments