വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒക്ടോബര്‍ 19 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഇരിക്കെ, കോളിവുഡില്‍നിന്ന് അത്ര അശാസ്യകരമല്ലാത്ത വാര്‍ത്തകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വിജയ്യും ലോകേഷും തമ്മില്‍ അകലുന്നു എന്നാണ് അന്തപുര സംസാരം. ഇതിന് തെളിവായി പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകേഷിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളുടെയെല്ലാം പേരുകളുണ്ടെങ്കിലും ലിയോയെ ഒഴിവാക്കി. ആദ്യം ലിയോ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്‍വലിച്ചതാണെന്ന് പറയപ്പെടുന്നു.
ലിയോയുടെ ഷൂട്ടിംഗ് സമയത്ത് വിജയ്യുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഇവരുടെ അകല്‍ച്ചയ്ക്ക് കാരണമായത്. സ്ക്രിപ്റ്റിലില്ലാത്ത പല രംഗങ്ങളും ഉള്‍പ്പെടുത്താന്‍ വിജയ് ലോകേഷിനെ പ്രേരിപ്പിച്ചതായിട്ടാണ് അറിയുന്നത്. അതിന് ലോകേഷ് വഴങ്ങിയില്ലെന്ന് മാത്രമല്ല, ഇത് തന്റെമാത്രം സിനിമയാണ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. പിന്നീട് വിജയ് നിര്‍ദ്ദേശിച്ച ചില രംഗങ്ങളിലെങ്കിലും ഷൂട്ട് ചെയ്തത് ലോകേഷിന്റെ അസിസ്റ്റന്റും സുഹൃത്തുമായ രത്നകുമാര്‍ ആണെന്നും പറയപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണത്രെ തന്റെ ഒഫീഷ്യല്‍ അക്കൗണ്ടില്‍നിന്ന് ലോകേഷ് ലിയോയുടെ പേര് ഒഴിവാക്കിയത്.
എന്നാല്‍ ഇതൊക്കെ ശത്രുക്കള്‍ ഉണ്ടാക്കിയ ഇല്ലാകഥകളെന്നാണ് വിജയ് ആരാധകരുടെ പക്ഷം. വിജയ്യും ലോകേഷും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ലിയോ വെള്ളിത്തിരയില്‍ എത്തിക്കാനുള്ള കഠിന ശ്രമങ്ങളിലാണ് ഇവരെന്നും പറയുന്നു. ഏതായാലും ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ലോകേഷിന്റെ മറ്റൊരു മാജിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകലോകം.
Recent Comments