ലോകേഷ് കനകരാജിന്റെ മാനഗരം കണ്ടിട്ടാണ് തന്റെ പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധാന ചുമതല ലോകേഷിനെ ഏല്‍പ്പിച്ചതെന്ന് ഒരു ചടങ്ങില്‍വച്ച് വിജയ് പറഞ്ഞിരുന്നതോര്‍ക്കുന്നു. ഇതൊരു താരത്തിന് സംവിധായകനുമേലുള്ള പ്രതീക്ഷയാണെങ്കില്‍ അതിനൊക്കെ എത്രയോ മേലെയാണ് പ്രേക്ഷകര്‍ക്ക് ആ പടത്തിനുമേലുള്ളത്. തമിഴകം മാത്രമല്ല, കേരളവും മാസ്റ്ററിന്റെ വരവിനായി കാത്തിരിക്കുന്നു. അതിന് മറ്റൊരു കാരണംകൂടിയുണ്ട്. മലയാളികളുടെ മറ്റൊരു ഇഷ്ടതാരമായ വിജയ് സേതുപതിയും ഈ ചിത്രത്തില്‍ ശക്തമായ വേഷം ചെയ്യുന്നു.
ചിത്രീകരണം പൂര്‍ത്തിയായ മാസ്റ്ററിന്റെ പ്രദര്‍ശനം ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ മാസ്റ്ററായിരിക്കും കോവിഡാനന്തരം ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.
‘മാസ്റ്റര്‍ ഒരു തീയേറ്ററിക്കല്‍ മൂവിയാണ്. അത് തീര്‍ച്ചയായും ബിഗ് സ്ക്രീനില്‍തന്നെ കണ്ട് രസിക്കണം. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ വമ്പന്‍ ഓഫറുകള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ അതെല്ലാം നിരസിച്ചത് ഇക്കാരണം കൊണ്ടുകൂടിയാണ്.’ നിര്‍മ്മാതാവായ സേവ്യര്‍ ബ്രിട്ടോ പറഞ്ഞു.
കേരളത്തില്‍ മാസ്റ്റര്‍ വിതരണത്തിന് ഏറ്റെടുത്തിരിക്കുന്നത് രണ്ടുപേരാണ്. തെക്കന്‍ കേരളത്തിലെ വിതരണാവകാശം മാജിക് ഫ്രെയിംസിനും കൊച്ചിന് മലബാര്‍ ഭാഗങ്ങളിലെ വിതരാണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.
മാളവിക മേനോനാണ് മാസ്റ്ററില്‍ വിജയ്യുടെ നായിക. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്മ്മിയ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകന്‍ സത്യന് സൂര്യനും എഡിറ്റര്‍ ഫിലോമിന്‍ രാജുവുമാണ്. സംഗീതം അനിരുദ്ധ്.
ലോക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലെ തീയേറ്ററുകള്‍ ഏതാണ്ട് തുറന്നുവെങ്കിലും കേരളത്തിലെ തീയേറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്. വിജയ് യെപോലൊരു നടന്റെ മാസ്സ് പടത്തിന് ആളുകള്‍ ഇടിച്ചു കയറുമെന്നതിനാല്‍ മാസ്റ്ററിനുവേണ്ടി തീയേറ്ററുകള്‍ തുറന്നിടാനും കേരളത്തിലെ പ്രദര്‍ശന ഉടമകള്‍ തയ്യാറായേക്കും.
സി.കെ. അജയ് കുമാര്‍
Recent Comments