രാഷ്ട്രീയത്തില്‍ വരവറിയിച്ച് തമിഴ് സൂപ്പര്‍താരം വിജയ്. പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പ്രഥമ സംസ്ഥാന സമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടന്നു. പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്യുടെ ഓരോ വാചകത്തെയും പ്രവര്‍ത്തകരും ആരാധകരും കയ്യടികളോടെയാണ് വരവേറ്റത്. തമിഴ് സിനിമയിലെ പോലെ മാസ് ചെരുവകളോടെയാണ് ടിവികെയുടെ സമ്മേളനം വിജയ്യുടെ പ്രസംഗവും രൂപപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ ഞാനൊരു കുട്ടിയാണെന്നും ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നും വിജയ് പറഞ്ഞു.
സമ്മേളനവേദിയില്‍ തമിഴക വെട്രി കഴകത്തിന്റെ പതാക ഉയര്‍ത്തിയും പിന്നീട് തമിഴ് തായ് വാഴ്ത്ത് പാടി പാര്‍ട്ടി സമ്മേളനത്തിന് തുടക്കമിട്ടു. ചടങ്ങില്‍ വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖര്‍, ശോഭ ചന്ദ്രശേഖര്‍ പങ്കെടുത്തു.
തമിഴ് സ്വത്വം ഓര്‍മ്മിപ്പിച്ച്, പുതിയ രാഷ്ട്രീയനയം പ്രഖ്യാപിച്ച് ടിവികെ സമ്മേളനം. 2026 ഒരു പുതിയ രാഷ്ട്രീയത്തിന്റെ പുതിയ വര്‍ഷമെന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച ശേഷം, പാര്‍ട്ടിയെപ്പറ്റി വിജയ് വിശദീകരിക്കുന്ന വീഡിയോ സമ്മേളനവേദിയില്‍ പ്രദര്‍ശിപ്പിച്ചു. സമ്മേളനത്തിനുശേഷം പ്രവര്‍ത്തകരെ കൈവീശി കാണിച്ച് വിജയ് വേദിയില്‍നിന്ന് മടങ്ങി.
വിജയ്യുടെ പ്രസംഗത്തില്‍ നിന്ന്
ഞാന്‍ ഒരാളെയും പേരെടുത്തു പറഞ്ഞില്ല. ചിലര്‍ ഇവന് ഭയമാണോ എന്ന് ചോദിക്കുന്നു. പേര് പറയാന്‍ ഭയമുണ്ടായിട്ടല്ല, പറയാന്‍ അറിയാഞ്ഞിട്ടുമല്ല, അതിനല്ല ഞാന്‍ ഇവിടെ വന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും സുരക്ഷ, അതിനായി പ്രത്യേക വകുപ്പ് വേണം. സമത്വത്തിന് പ്രാതിനിധ്യ റിസര്‍വേഷന്‍ വേണം. ജാതി സെന്‍സ് വേണമെന്നും വിജയ് പറഞ്ഞു.
സിനിമ എന്നാല്‍ നിസ്സാരമാണോ? അത് എല്ലാത്തിനെയും പേടിയില്ലാതെ പുറത്തുകൊണ്ടുവരും. അതില്‍ എനിക്ക് മാതൃകയാണ് എംജിആറും എന്‍ടിആറും. സാധാരണ മനുഷ്യനായി, പിന്നെ നടനായി, വിജയിച്ച നടനായി, രാഷ്ട്രീയക്കാരനായി, നാളെ ഞാന്‍ എന്താകും? എന്നെ മാറ്റിയത് ഞാനല്ല, നിങ്ങള്‍ ജനങ്ങളാണ്.
ഫാഷിസം എന്ന പേര് പറഞ്ഞ് നിങ്ങള്‍ ഭയം കാട്ടുന്നു. ദ്രാവിഡ മോഡല്‍ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് വിജയ്.
നിങ്ങളില്‍ ഒരാളായി നിന്ന് നിങ്ങളുടെ സഹോദരനായി, മകനായി, തോഴനായി, നിങ്ങളില്‍ ഒരാളായി വന്ന് നമ്മള്‍ക്ക് ലക്ഷ്യം നേടിയെടുക്കാനാകും. പണത്തിന് വേണ്ടിയല്ല, നല്ല നാളേയ്ക്കായി കെട്ടിപ്പെടുത്ത രാഷ്ട്രീയപാര്ട്ടിയാണിത്. അഴിമതിക്കാരെ ജനാധിപത്യ പ്രക്രിയയില്‍ നമ്മള് നേരിടും. 2026 ലെ തെരഞ്ഞെടുപ്പ് വേദിയില്‍ നമ്മള് അവരെ നേരിടും. തമിഴ്നാട്ടിലെ 234 മണ്ഡലത്തിലും ടിവികെ ചിഹ്നത്തില്‍ അവരെ നമ്മള് തകര്‍ക്കും.
രാഷ്ട്രീയത്തില്‍ ഞാനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. പാമ്പായാലും രാഷ്ട്രീയമായാലും അതിനെ കയ്യിലെടുത്ത് കളിക്കാന്‍ ആരംഭിച്ചാല്‍ പിന്നെ കളി മാറും. എതിരാളികളെ എതിരിടണം. ശ്രദ്ധയോടെ കളിക്കണം. സദസ്സില്‍ ഇരുന്നാലും താഴെ ഇരുന്നാലും ഇനി വ്യത്യാസമില്ല. താഴെ ആര്, മുകളില്‍ ആര് എന്ന വ്യത്യാസമില്ല. എല്ലാവരും ഒന്ന്, എല്ലാവരും സമം.
ഇവിടെ രാഷ്ട്രീയക്കാരെ പറ്റി പ്രസംഗിച്ച് സമയം കളയുന്നില്ല, എന്നുവച്ച് കണ്ണ് മൂടിയിരിക്കാനും ഉദ്ദേശിക്കുന്നില്ല. വികാരാധീനനായി വിജയ്.
Recent Comments