തമിഴകത്തിന്റെ മക്കള്‍ ശെല്‍വനാണ് വിജയ് സേതുപതി. താഴേയ്ക്കിടയില്നിന്നും വന്ന കലാകാരനായതുകൊണ്ടാകാം അദ്ദേഹം ഭൂമിയോളം ക്ഷമ കാണിക്കുന്ന സ്വഭാവക്കാരനുമാണ്. ആരെയും പിണക്കാതെ ഒരു പുഞ്ചിരിയോടെമാത്രമേ അദ്ദേഹം എല്ലാവരേയും സമീപിക്കാറുള്ളൂ. ഒരുപക്ഷേ, തന്റെ ആരാധകരെ സ്നേഹത്തോടെ ആലിംഗനം ചെയ്ത് കവിളില്‍ ചുംബനം നല്കുന്ന ഏക സെലിബ്രിറ്റിയും അദ്ദേഹമായിരിക്കും.
കരിയറിന്റെ തുടക്കംമുതല്‍ക്കുതന്നെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് വിജയ് സേതുപതി ശ്രമിച്ചിട്ടുള്ളത്. അതൊക്കെത്തന്നെ വിജയത്തിലെത്തുകയും ചെയ്തു. ഏറ്റവും ഒടുവില്‍ തമിഴകത്തിന്റെ ദളപതി വിജയ് യുടെ പ്രതിനായകനായി വിജയ് സേതുപതി തിമിര്‍ത്താടിയ ചിത്രമായിരുന്നു മാസ്റ്റര്‍. നായകനേക്കാളും നിരൂപകപ്രീതിയും പ്രേക്ഷക കയ്യടിയും ആവോളം നേടിയ ഭവാനി എന്ന കഥാപാത്രം മറ്റൊരു നടനിലൂടെ നമുക്ക് സങ്കല്‍പ്പിക്കാനുമാവില്ല.
ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്യപ്പെട്ട മാസ്റ്റര്‍ വടക്കേ ഇന്ത്യയില്‍ ഭേദപ്പെട്ട വിജയം കാഴ്ചവച്ചു. ഇപ്പോഴിതാ തമിഴകത്തിന്റെ പ്രിയ താരത്തിന് ബോളിവുഡിലെ ഒരു പുതിയ പ്രോജക്ടിലേയ്ക്ക് കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഒരു മെഗാ വെബ് സീരീസിലേയ്ക്ക് ഷാഹിദ് കപൂറിനൊപ്പം അത്രയുംതന്നെ പ്രാതിനിധ്യമുള്ള മറ്റൊരു കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഒപ്പം നായികയായി രാസിഖന്നയും. ഈ വെബ് സീരീസിലേയ്ക്ക് വിജയ് സേതുപതി ഇന്നുവരെ വാങ്ങിയിട്ടില്ലാത്ത വലിയൊരു പ്രതിഫലമാണ് അതിന്റെ നിര്‍മ്മാതാക്കള്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. 55 കോടി രൂപയ്ക്കാണ് ആ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. കൂടെ അഭിനയിക്കുന്ന ഷാഹിദ് കപൂറിനുപോലും 40 കോടിയാണ് പ്രതിഫലം. വിജയ് സേതുപതിയുടെ ഉയര്‍ന്ന ഈ പ്രതിഫലം കണ്ട സിനിമാലോകം ഞെട്ടിയിരിക്കുകയാണ്.
സണ്ണി എന്ന് നാമകരണം ചെയ്യപ്പെട്ട ഈ മെഗാ വെബ് സീരീസിന്റെ സംവിധായകര്‍ രാജുവും ഡി.കെയുമാണ്. ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സീരീസ് ആമസോണ്‍ പ്രൈംടൈമിലൂടെ 2021 അവസാനം പ്രേക്ഷകരിലേയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
Recent Comments