വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് 2 ഡിസംബർ 20ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ മറ്റ് താരങ്ങളുടെ സമീപകാലത്തെ പരാജയചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അവതാരകന്റെ വായടപ്പിച്ച്യ വിജയ് സേതുപതി. വിടുതലൈ 2 എന്ന ചിത്രത്തിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രൊമോഷന് എത്തിയതായിരുന്നു അദ്ദേഹം. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയെ തേടി ഈ ചോദ്യം എത്തിയത്. കങ്കുവയും വിജയ് ചിത്രം ഗോട്ടും തെലുങ്ക് സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടതിനെക്കുറിച്ചായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് താന്‍ എന്തിനാണ് മറുപടി പറയുന്നതെന്ന് വിജയ് സേതുപതി ഉടന്‍ തിരിച്ച് ചോദിച്ചു.
“പ്രൊമോഷനുവേണ്ടി വരുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഞാന്‍ എന്തിനാണ് സര് സംസാരിക്കുന്നത്? അത് (പരാജയങ്ങള്‍) എനിക്കും സംഭവിച്ചിട്ടുണ്ട്. ആളുകള്‍ ട്രോള്‍ ചെയ്തിട്ടുണ്ട്. പരാജയം എന്നത് സാധാരണമാണ്. ബിസിനസ് തുടങ്ങുന്ന എല്ലാവരും വിജയിക്കാറില്ല. എല്ലാവര്ക്കും വിജയിക്കണമെന്നാവും ആഗ്രഹം. ഒരു ചെറിയ ഹോട്ടല്‍ തുടങ്ങുന്നയാള്‍ക്ക് അത് ലാഭമായി, വലിയ ഹോട്ടല്‍ ആക്കണമെന്നാവും ആഗ്രഹം. സിനിമയുടെ കാര്യവും അങ്ങനെതന്നെ. റിലീസിന് മുന്‍പ് ചുറ്റുമുള്ള ആളുകളെ നമ്മള് സിനിമകള്‍ കാണിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാനാണ് അത്. അവരുടെ അഭിപ്രായം അറിയാന്‍ വേണ്ടി”, വിജയ് സേതുപതി പറഞ്ഞു.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ആർ എസ് ഇൻഫോടെയ്ന്മെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം. സംഗീത സംവിധാനം ഇളയരാജയാണ്.
Recent Comments