ചിന്മയി നായര്‍ ഇപ്പോള്‍ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. പത്താംക്ലാസിലേയ്ക്ക് കടക്കുന്നതിന് മുമ്പേ ആ കൊച്ചുമിടുക്കി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഗ്രാന്‍ഡ്മാ എന്നായിരുന്നു അതിന്റെ പേര്. മോഹന്‍ലാലാണ് ആ ഷോര്‍ട്ട് ഫിലിം തന്റെ ഫെയ്സ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. അതിനുപിന്നാലെ അഭിനന്ദനപ്രവാഹമാണ് ചിന്മയിയെ തേടിയെത്തിയത്. എന്നെങ്കിലുമൊരിക്കല്‍ സിനിമ ചെയ്യുകയാണെങ്കില്‍ അത് നിര്‍മ്മിക്കാന്‍ അവരിലൊരാള്‍ വാഗ്ദാനവും ചെയ്തു. അതിന്റെ തുടര്‍ച്ചയാണ് ചിന്മയി നായര്‍ സംവിധാനം ചെയ്ത ക്ലാസ് ബൈ എ സോള്‍ജ്യര്‍.
പത്താംക്ലാസ്സില്‍ പഠിക്കുന്ന നാല് കൂട്ടികളിലുടെ കഥ പറയുന്ന സിനിമയാണിത്. മീനാക്ഷിയാണ് ഇവരില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എല്ലാ വര്‍ഷവും അവരുടെ സ്കൂളില്‍ നടക്കുന്ന സേവനവാരത്തില്‍ പങ്കുകൊള്ളാന്‍ ആരും ക്ഷണിക്കാതെ ഒരു പട്ടാളക്കാരന് അവിടെ എത്തുമായിരുന്നു. അദ്ദേഹം പിന്നീട് എങ്ങനെയൊക്കെ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും ചിത്രം പറയുന്നു. പട്ടാളക്കാരന്റെ വേഷം വിജയ് യേശുദാസ് തന്നെ ചെയ്യണമെന്നതും ചിന്മയിയുടെ നിര്‍ബ്ബന്ധമായിരുന്നു. കഥ കേട്ടപ്പോള്‍ വിജയ്യും സമ്മതം അറിയിച്ചു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഷെഡ്യൂള്‍ ചിങ്ങം 1 ന് തുടങ്ങാനിരിക്കുകയാണ്.
ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. രാഷ്ട്രപതാകയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ് അതിലൊരു ഗാനം. അത് പാടിയിരിക്കുന്നത് വിജയ് യേശുദാസാണ്. രാജ്യം സ്വതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അതിന് ആദരമര്‍പ്പിച്ച് സ്വാതന്ത്ര്യദിനത്തില്‍ ആ പാട്ടും പുറത്തിറക്കി. മലയാളത്തിലാണ് ഈ ഗാനം എഴുതി കമ്പോസ് ചെയ്തിരിക്കുന്നത്. കവിപ്രസാദ് ഗോപിനാഥിന്റെ ഈരടികള്‍ക്ക് എസ്.ആര് സൂരജ് ഈണം പകര്‍ന്നിരിക്കുന്നത്. പാട്ട് ഇഷ്ടപ്പെട്ടതോടെ വിജയ് യേശുദാസ് തന്നെ മുന്‍കൈ എടുത്ത് അത് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍കൂടി പാടി പുറത്തിറക്കി. അതിന്റെ റൈറ്റ്സും അദ്ദേഹമാണ് സ്വന്തമാക്കിയത്. തമിഴില്‍ ഈ ചിത്രം റീമേക്ക് ചെയ്ത് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു.
തിരക്കഥാകൃത്തും സംവിധായകനുമായ അനില്‍ രാജ് ആണ് ചിന്മയിയുടെ അച്ഛന്. അനില്‍രാജിന്റെ കീഴിലാണ് ചിന്മയി സിനിമയുടെ ബാല്യപാഠങ്ങള്‍ അഭ്യസിച്ചത്. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും അനില്‍രാജാണ്.
Recent Comments