ഇന്നലെയാണ് വിക്രമിന്റെ ചെന്നൈയിലെ വീട്ടില്‍ ഉണ്ണിമുകുന്ദന് എത്തിയത്. ഉണ്ണിമുകുന്ദനുമായി നല്ല ആത്മബന്ധം പുലര്‍ത്തുന്ന നടന് കൂടിയാണ് വിക്രം. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ഉണ്ണിയുടെ മാര്‍ക്കോ ഹിന്ദിയിലടക്കം തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് ഈ കണ്ടുമുട്ടലെന്നതും ശ്രദ്ധേയമാണ്. മാര്‍ക്കോ തീയേറ്ററുകളില്‍ കണ്ടതിനുശേഷം വിക്രം ഉണ്ണിയെ പ്രശംസകള്‍ കൊണ്ട് മൂടിയിരുന്നു. ഉണ്ണിയുടെ കരിയറിലുണ്ടായ ഈ മഹത്തായ നേട്ടത്തെ അദ്ദേഹം സ്വന്തം വിജയംപോലെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തു. ഇരുവര്‍ക്കുമിടയിലെ ഈ ആത്മബന്ധമാണ് ചെന്നൈയിലെത്തി വിക്രമിനെ കാണാന്‍ ഉണ്ണിയെ പ്രേരിപ്പിച്ചതും.
ഉണ്ണിയോടൊപ്പം മാര്‍ക്കോയുടെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദും ഉണ്ടായിരുന്നു. വിക്രം ഇരുവരെയും ഹൃദയപൂര്‍വ്വം സ്വീകരിച്ചു. വിക്രത്തിന്റെ മകനും ആ ഒത്തുചേരലിന് സാക്ഷിയായി. സിനിമാചര്‍ച്ചകളും ഇവര്‍ക്കിടയില്‍ നടന്നു. ഉണ്ണിയും വിക്രമും ഒന്നിക്കുന്ന ഒരു പ്രൊജക്ടിനെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായി.
മാര്‍ക്കോയുടെ രണ്ടാം ഭാഗം നിലവില്‍ അനൗണ്‍സ് ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. മാര്‍ക്കോയുടെ രണ്ടാം ഭാഗത്തില്‍ വിക്രം എത്തിയേക്കുമെന്ന് സൂചനകളുണ്ട്. അല്ലാത്തപക്ഷം ഇരുവരും ഒന്നിക്കുന്ന മറ്റൊരു പ്രൊജക്ടിലേയ്ക്ക് ലാന്റ് ചെയ്യാനും സാധ്യത തെളിഞ്ഞിട്ടുണ്ട്.
Recent Comments