കാമ്പുള്ള കുടുംബചിത്രങ്ങള്‍ മാത്രമല്ല, തികഞ്ഞ ഫാന്റസി എന്റര്‍ടെയ്നറുകളും സംവിധാനം ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് വിനയന്. വിനയന്റെ സംവിധാനത്തിലൂടെ അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 18 വര്‍ഷത്തിനു ശേഷം രണ്ടാം ഭാഗത്തില്‍ പക്രുവിനൊപ്പം ഉണ്ണിമുകുന്ദന് പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതകൂടി രണ്ടാം ഭാഗത്തിനുണ്ട്. സിജു വില്‍സണുമായുള്ള ചിത്രത്തിനു ശേഷം അത്ഭുത ദ്വീപിന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വിനയന് വ്യക്തമാക്കി.
ആദ്യ ചിത്രത്തില്‍ പക്രുവിനൊപ്പം 200 കുള്ളന്മാരാണ് അഭിനയിച്ചതെങ്കില്‍ ഇക്കുറി 400 പേരാണ് വേഷമിടുന്നത്. മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചിത്രത്തിന്റെ ഭാഗമാണ്. അഭിലാഷും വിനയനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഉയരമുള്ള മനുഷ്യരെ രാക്ഷസന്മാരായി കണക്കാക്കുന്ന മറ്റൊരു ലോകമായിരുന്നു ആദ്യ ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗം വ്യത്യസ്തമായിരിക്കും.
അത്ഭുത ദ്വീപിലേക്ക് എത്തുന്ന മറ്റൊരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഇത് ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും.
’18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024 ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും.’ വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.
‘അങ്ങനെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും അത്ഭുത ദ്വീപിനെ സ്നേഹിക്കുന്ന നിങ്ങളും കാത്തിരുന്ന ആ പ്രഖ്യാപനം വിനയന് സാറില്‍ നിന്നും വന്നെത്തിയിരിക്കുന്നു… ഒരുപാടു സന്തോഷവും അതിലേറെ ആവേശവും… കാരണം രണ്ടാം ഭാഗത്തില്‍ ഞങ്ങള്‍ക്കൊപ്പം പ്രിയപ്പെട്ട ഉണ്ണിയും, അഭിലാഷ് പിള്ളയും ഉണ്ട്.. അത്ഭുത ദ്വീപിലെ പുതിയ വിസ്മയ കാഴ്ചകള്‍ക്കായി നമുക്ക് കാത്തിരിക്കാം,’ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ പക്രു പ്രതികരിച്ചു.
നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് അത്ഭുതദ്വീപിനെ തേടിയെത്തിയത്. 2005-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, കല്പന, പൊന്നമ്മ ബാബു, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് പക്രു എന്ന അജയകുമാര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. തുടര്‍ന്ന് ഉണ്ടപക്രു എന്ന തന്റെ പേര് ഗിന്നസ് പക്രു എന്നാക്കി അദ്ദേഹം മാറ്റിയിരുന്നു.
Recent Comments