സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതഞ്ജനുമായ പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീത സംവിധാനത്തില്‍ ആദ്യമായി വിനീത് ശ്രീനിവാസന് പാടുന്നു. മാധ്യമ പ്രവര്‍ത്തകനായ ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമയിലെ പ്രധാനഗാനമാണ് വിനീത് ആലപിക്കുന്നത്. പാട്ടിന്റെ റിക്കാര്‍ഡിങ് എറണാകുളത്ത് ഫ്രെഡി സ്റ്റുഡിയോയില്‍ നടന്നു. വിനോദ് വൈശാഖി രചിച്ച ‘നോക്കി നോക്കി നില്‍ക്കെ നെഞ്ചിലേക്ക് വന്നു’ എന്ന ഗാനത്തിനാണ് രമേശ് നാരായന് ഈണമിട്ടത്.
കൂത്തുപറമ്പ് സ്വദേശികളാണ് പണ്ഡിറ്റ് രമേശ് നാരായണും വിനീത് ശ്രീനിവാസനും. ഇവര്‍ ഗുരുശിഷ്യന്മാരുമാണ്.
‘ആദാമിന്റെ മകന് അബു എന്ന ചിത്രത്തില്‍ വിനീതിനെകൊണ്ട് പാടിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അവിചാരിതമായ കാരണങ്ങളാല്‍ അത് നടക്കാതെ പോയി.’ രമേശ് നാരായണ്‍ പറഞ്ഞു.
‘രമേശ് നാരായണന് സാറിന്റെ പാട്ട് പാടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മനോഹരവും ലളിതവുമായ ഗാനമാണ് തനിക്ക് ആലപിക്കാന്‍ കഴിഞ്ഞത്. കേരളം അത് ഏറ്റുപാടുമെന്നാണ് പ്രതീക്ഷ.’ വിനീത് ശ്രീനിവാസന് പറഞ്ഞു.
റിക്കോര്‍ഡിങ് വേളയില്‍ രമേശ് നാരായണന്, സംവിധായകന് ഷമീര്‍ ഭരതന്നൂര്‍, ഗായികയും നടിയുമായ മനീഷ, ലൈന്‍ പ്രൊഡൂസര്‍മാരായ ഫ്രെഡി ജോര്‍ജ്, അന്‍വര്‍ നിലമ്പൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സഖറിയ, അജ്മീര്‍, നടന് സന്തോഷ് അങ്കമാലി, നടി സമന്ന, ചിത്രത്തിന്റെ ക്രയേറ്റീവ് സപ്പോര്‍ട്ടര്‍ റഹീം ഭരതന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫ്രാന്‍സിസ് കൈതാരത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്.ഒ. എ.എസ്. ദിനേശ്
Recent Comments