മറ്റൊരു ജീവിതകഥ കൂടി വെള്ളിത്തിരയിലേക്ക്. അനാഥമൃതദേഹങ്ങള്‍ മറവ് ചെയ്ത് ശ്രദ്ധേയനായ ആലുവ സ്വദേശി വിനു പി.യുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ വിനുവിന് ജീവന് പകരുന്നത് മണികണ്ഠന് ആചാരിയാണ്.
തണ്ടര്‍ ബോള്‍ട്ട് കമാന്റോയും സംവിധായകന് ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റുമായ സജിത്ത് വി സത്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ്സണ്‍ ജോര്‍ജ്ജാണ് തിരക്കഥ ഒരുക്കുന്നത്.
ഏറെ സംഭവബഹുലമാണ് വിനുവിന്റെ ജീവിതം. അപൂര്‍വ്വമായ മനുഷ്യാനുഭവങ്ങളാണ് വിനുവിന്റെ ജീവിതത്തിലുടനീളമുള്ളത്. അങ്ങനെ ഏറെ പുതുമയും സങ്കീര്‍ണ്ണതയും നിറഞ്ഞ ആ ജീവിതമാണ് സിനിമയാക്കുന്നതെന്ന് സംവിധായകന് സജിത്ത് വി സത്യന് പറഞ്ഞു. വിനുവിന്റെ ജീവിതമാണ് പ്രമേയമെങ്കിലും ഒരു കൊമേഴ്സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ഒരുക്കിയാണ് ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുന്നതെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
ഒരു മനുഷ്യന്റെ ജീവിതത്തിലൂടെ അനേകം പേരുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ജീവിതം കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന വിനുവിന്റെ കഥ വെള്ളിത്തിരയിലെത്തിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ചിത്രത്തിലെ നായകനായ മണികണ്ഠന് ആചാരി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം ഉടന്‍ കൊച്ചിയില്‍ ആരംഭിക്കും. പി.ആര്.ഒ. പിആര്‍ സുമേരന്‍.
Recent Comments