തമിഴിലെ ആക്ഷന്‍ ഹീറോ വിശാലിന് ഏറെ പ്രതീക്ഷയാണ് തന്റെ പുതിയ സിനിമയായ ‘ലാത്തി’യില്‍. അതു കൊണ്ട് തന്നെ ഇതുവരെയില്ലാത്ത രീതിയില്‍ സിനിമയുടെ പ്രമോഷന് വേണ്ടി തമിഴ്നാട്, തെലുങ്കാന, ആന്ധ്ര, കര്‍ണാട എന്നീ സംസ്ഥാനങ്ങളിലെ യുവാക്കളെ ആകര്‍ഷിക്കുവാനായി ഊണും ഉറക്കവുമില്ലാതെ അവിടങ്ങളിലെ കോളേജുകള്തോറും സന്ദര്‍ശനം നടത്തി പടയോട്ടം തുടരുകയാണ് വിശാല്‍. ചിത്രത്തെക്കുറിച്ച് ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
സംവിധായകന് ലോകേഷ് കനകരാജാണ് ‘ലാത്തി’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍വെച്ച് റീലീസ് ചെയ്തത്. ‘ലാത്തി’ക്ക് വേണ്ടി സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന് ഒരുക്കിയ വിശാലിന്റെ അതിസാഹസികമായ സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗുകളും കോര്‍ത്തിണക്കിയ ട്രെയിലര്‍ റിലീസ് ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കകം തന്നെ നാല്പതു ലക്ഷത്തോളം കാഴ്ചക്കാരെ നേടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുന്നേറുകയാണ്. പൊലീസ് കമ്മീഷണറായും എസ്പിയായും ഇന്‍സ്പെക്ടറായും ബിഗ് സ്ക്രീനില്‍ തകര്‍ത്താടി പ്രേക്ഷകരെ ആവേശം കൊള്ളിച്ച വിശാല്‍ ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് എത്തുന്നത്. എങ്കിലും കഥാപാത്രത്തിന്റെ വീറിനും വാശിക്കും തെല്ലും കുറവില്ല.
ബാലസുബ്രമണ്യനും ബാലകൃഷ്ണ തോട്ടയുമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വൈകാരിക മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് നവാഗത സംവിധായകന് ഏ. വിനോദ് കുമാര്‍ ലാത്തി അണിയിച്ചൊരുക്കിയിരിക്കുന്നത്.
‘ഞാന്‍ മുമ്പ് പല പടങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലും അതു പോലെ ഒരു യൂഷ്വല്‍ ക്യാരക്ടര്‍ ആയിരുന്നുവെങ്കില്‍ ഞാന്‍ നോ പറയുമായിരുന്നു. ഇതൊരു സാദാ കോണ്‍സ്റ്റബിള്‍ കഥാപാത്രമാണ്. മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുക എന്നതാണ് കോണ്‍സ്റ്റബിളിന്റെ ജോലി. സംവിധായകന് വിനോദ് കുമാര്‍ എന്നോട് ലാത്തിയുടെ കഥ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ അതില്‍ എന്തോ പുതുമ ഉണ്ടെന്ന് തോന്നി. ഏഴു വയസുകാരന്റെ അച്ഛനായി അഭിനയിക്കണം എന്ന് മടിച്ച് മടിച്ചാണ് എന്നോട് പറഞ്ഞത്. സാരമില്ല എന്ന് പറഞ്ഞ് കഥകേട്ടൂ. ചിത്രത്തില്‍ എന്റെ മകനായി അഭിനയിച്ച ആ ബാലന് സെക്കന്റ് ഹീറോയെ പോലെയാണ്. ഹൈ ലൈറ്റായ അവസാനത്തെ നാല്പത്തഞ്ചു മിനിറ്റ് രംഗങ്ങള്‍ ഒരേ സ്ഥലത്ത് ഷൂട്ട് ചെയ്യണം. ആ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. ആദ്യം സാധാരണ രീതിയിലാണ് കേട്ടു തുടങ്ങിയത്. പക്ഷെ പിന്നീട് ഓരോ മുഹൂര്‍ത്തവും വിവരിക്കുന്തോറും കേട്ടു കേട്ട് എന്റെ ബോഡി ലാംഗ്വേജ് തന്നെ മാറി തുടങ്ങി.’ വിശാല്‍ തുടര്‍ന്നു.
‘സാധാരണയായി ഒരു സിനിമയ്ക്ക് ഒരു ക്ലൈമാക്സേ ഉണ്ടാവൂ. എന്നാല്‍ ഈ സിനിമയില്‍ നാല് ക്ലൈമാക്സ് ഉണ്ടായിരിക്കും.ഒരു രംഗത്തില്‍ ഇനി നായകന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ല എന്ന് നിനച്ചിരിക്കുന്ന നിമിഷത്തിലായിരിക്കും തിരക്കഥ ‘യൂ ടേണ്‍’ എടുക്കുക. വിനോദ് പറഞ്ഞതിനേക്കാള്‍ മൂന്നു മടങ്ങ് സിനിമ നന്നയി വന്നിട്ടുണ്ട്. ഇത് ഞാന്‍ അഭിനയിച്ച സിനിമയായത് കൊണ്ട് പറയുകയല്ല. പീറ്റര്‍ ഹെയിനും, യുവന് ഷങ്കര്‍ രാജയുമാണ് ലാത്തിയുടെ രണ്ട് നെടും തൂണുകള്‍. ഈ സിനിമ ഇത്രയും നന്നായി വന്നതില്‍ അവരുടെ പങ്ക് വളരെ വലുതാണ്.’ വിശാല്‍ പറഞ്ഞു.
നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ ലാത്തി നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ നാലു ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെന്നിന്ത്യന്‍ താരം സുനൈനയാണ് വിശാലിന്റെ നായിക. മലയാളി നടന് പി.എന്‍. സണ്ണിയാണ് ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന് പ്രഭുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവന് ഷങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ആരാധക ശ്രദ്ധയാകര്‍ഷിച്ചു. നടന് കാര്‍ത്തിയുടെ ‘കൈദി’യിലൂടെ ശ്രദ്ധേയനായ പൊന്‍ പാര്ത്ഥിപന് സംഭാഷണവും സംവിധായകനൊപ്പം തിരക്കഥാരചനയില്‍ പങ്കാളിയുമാണ്. വാര്‍ത്താപ്രചരണം സി.കെ. അജയ്കുമാര്‍
ലാത്തി ഡിസംബര്‍ 22- ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസിനെത്തും. ത്രീ ഫോര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
Recent Comments