6 വര്‍ഷത്തിനു ശേഷം മണപ്പള്ളി മാധവന് നമ്പ്യാര്‍ മരിക്കുന്നു. നമ്പ്യാരുടെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനെത്തിയ മകന് പവിത്രനെ കുറച്ചു പേര് തടയുകയും, ആ മണല്‍ത്തിട്ട സംഘര്‍ഷഭരിതമാവുകയും ചെയ്യുന്നു. അവിടെ ജലധിയുടെ നെഞ്ചകം പിളര്‍ന്ന് നായകന് അവതരിക്കുകയാണ്. ഇന്ദുചൂഢന്, പുവള്ളി ഇന്ദുചൂഢന്. ഇത്രയും ശക്തമായ ഒരു ഇന്‍ട്രോ അന്നേവരെ മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ടിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ഐതിഹ്യങ്ങളുടെ ഓര്‍മകള്‍ കുടിയിരിക്കുന്ന മലയാളി മനസ്സ് യുക്തി ഭദ്രതയുടെ കൈകണക്കുകള്‍ മറന്ന് ആ കഥാപാത്രത്തെ സ്വീകരിച്ചു. അതെ നരസിംഹത്തിനും ഇന്ദുചൂഢനും ഇന്ന് 25 വയസ്സ് തികയുകയാണ്.
മലയാളത്തിലെ ലക്ഷണമൊത്ത മാസ് സിനിമകളില്‍ ഒന്നാണ് നരസിംഹം. സിനിമയുടെ എല്ലാ വിഭാഗങ്ങളുടെയും സംയുക്തമായ മികച്ച പ്രകടനം തന്നെയാണ് സിനിമയെ വേറിട്ടു നിര്‍ത്തുന്നത്. ഓവര്‍ ദ ടോപ് കഥാപാത്ര സൃഷ്ടിയുടെ പരകോടിയാണ് ഇന്ദുചൂഡന്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ചിത്രം മൊത്തത്തില്‍ പാളി പോകാനുള്ള സാധ്യതകളുള്ളപ്പോള്‍ ഇന്ദുചൂഢനെ സിംഹമായി കാണിക്കുന്ന മേക്കിംഗിനു തന്നെയാണ് ആദ്യത്തെ കൈയടി. സിംഹമായി നായകനെ കാണാന്‍ തോന്നിക്കുന്നതും കാമ്പുള്ള തിരക്കഥയുടെ ബലമാണ്. ഇതിനെല്ലാം പുറമെ മോഹന്‍ലാല്‍ എന്ന നടന്റെ ംെമഴ കൂടി ആകുമ്പോള്‍ ഹൈ വോള്‍ട്ടേജ് എന്ടര്ടെയ്ന്മെന്റ് തരംഗങ്ങളാണ് പ്രേക്ഷകന് അനുഭവപ്പെടുക.
പടയപ്പയില്‍ നിന്ന് പ്രചാേദനം ഉള്‍ക്കൊണ്ടിട്ടാണ് നരസിംഹം എന്ന സിനിമയിലേക്കും ഇങ്ങനൊരു നായകസങ്കല്പ്പത്തിലേക്കും എത്തിയതെന്ന് സംവിധായകന് ഷാജി കൈലാസ് മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ പടയപ്പയുമായി ഒരു സാമ്യവും നരസിംഹത്തിന് അവകാശപ്പെടാനില്ല. രഞ്ജിത് എന്ന എക്കാലത്തെയും മികച്ച കോമേഴ്ഷ്യല്‍ എഴുത്തുകാരന്റെ കൈമിടുക്കായി തന്നെ നമുക്കിതിനെ വിശേഷിപ്പിക്കാം.
നരസിംഹത്തിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍, മര്‍മ്മ പ്രധാനമായ കഥയുടെ എല്ലാ ഭാഗങ്ങളിലും നായകന്റെ ഹീറോയിസത്തിനെ അഥവാ കഥയുടെ നാടകീയതയെ ഉയര്‍ത്തി കാട്ടാന്‍ കഴിയുന്നുണ്ട്. മാസ് മസാല സിനിമകളുലെ ഏറ്റവും പീക്ക് മൊമെന്റാണ് ഹീറോയുടെ ഇന്‍ട്രോ സീന്‍. പ്രേക്ഷകനുമായി കഥ കണക്ടായോ എന്നറിയാന്‍ കഴിയുന്ന ആദ്യത്തെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് ഇത്. പുഴയില്‍ നിന്ന് പൊങ്ങി വരുന്ന മോഹന്‍ലാലും തീച്ചൂള പോലുള്ള നാല് ഡയലോഗും കൂടി ആയപ്പോള്‍ പ്രേക്ഷകരെ ഇന്ട്രോയില് തന്നെ അമ്പരപ്പിക്കാന്‍ നരസിംഹത്തിന് കഴിഞ്ഞു. ആ പോയിന്റില്‍ തന്നെ ചിത്രത്തിന്റെ വിധി പ്രേക്ഷകന് മനസ്സില്‍ കുറിക്കുന്നു.
പിന്നീട് പ്രേക്ഷകന് കിട്ടുന്ന ഓരോ മൊമെന്റസും ബോണസാണ്. അതും വളരെ മികച്ച കൊമേഴ്ഷ്യല്‍ ശ്രേണിയിലാണ് ഈ സീനുകള്‍ രഞ്ജിത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥാപരിസരം ചുഴുളഴിയുന്ന രണ്ടു സീനുകള്‍ക്കിടയില്‍ വളരെ സ്വഭാവികമെന്ന് തോന്നിക്കും വിധം മാസ് സീനുകള്‍ ഉടലെടുക്കുന്നു. പ്രേക്ഷകന്റെ മനസ്സിനെ കാറ്റു പിടിക്കാതെ ഭദ്രമാക്കി വെക്കുന്നതില്‍ സീനുകളുടെ ഈ ക്രമപ്പെടുത്തലിന് വലിയ പങ്കുണ്ട്. നരസിംഹത്തിന്റെ സ്ഫോടകാത്മകമായ കഥാപശ്ചാത്തലമാണ് ഇത് വഴി ഒരുക്കുന്നത്.
അഡ്രിനാലിന്‍ റഷാണ് മാസ് സിനിമയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് എന്ന് വിലയിരുത്തപ്പെടുന്ന കാലമാണ് ഇത്. അന്നേ രഞ്ജിതും ഷാജി കൈലാസും ഇതിന്റെ രസതന്ത്രം തിരിച്ചറിഞ്ഞിരുന്നു എന്നു വേണം നരസിംഹത്തില്‍ നിന്ന് മനസ്സിലാക്കാന്‍. മോഹന്‍ലാല്‍ ചെരുപ്പൂരുന്നതും വാച്ച് അഴിക്കുന്നതുമെല്ലാം സ്റ്റൈലിനപ്പുറം ഇന്നെന്തെങ്കിലും നടക്കും എന്ന ചിന്ത പ്രേക്ഷകരില്‍ ജനിപ്പിക്കുന്നു. അതുകൊണ്ട് നായകന് ഇടിക്കുന്ന ഓരോ ഇടയിലും അവന് നാല് സെക്കന്റ് കൊണ്ട് നെയ്തെടുത്ത പ്രതീക്ഷകളുടെ സാക്ഷാത്കാരമായി അവന് അനുഭവപ്പെടും. എടുത്ത് പറയേണ്ടത് തിലകന് ആരോപണങ്ങള്‍ നിഷേധിച്ചതിന് ശേഷം സമരക്കാരെ നേരിടാന്‍ പോകുന്ന ഇന്ദുചൂഡന്റെ ഷോട്ടുകളാണ്. ചെരുപ്പ് കാലില്‍ നിന്ന് തട്ടി തെറിപ്പിക്കുമ്പോള്‍ വരാന്‍ പോകുന്ന ഭൂകമ്പത്തെ പ്രേക്ഷകന് മനസ്സിന്റെ സ്വീകരണ മുറിയിലേക്ക് ആനയിക്കുന്നു.
ഒരു സൂപ്പര്‍ താരത്തിന്റെ സമ്പൂര്‍ണ അഴിഞ്ഞാട്ടമുള്ള സിനിമയില്‍ മറ്റൊരു സൂപ്പര്‍ താരം വരുന്നത് ആ സിനിമയ്ക്കും താരത്തിനും സാധാരണയായി ദോഷം ചെയ്യുകയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ നരസിംഹമാണ് ഗസ്റ്റ് റോളുകളെ രോമാഞ്ചമുണ്ടാക്കുന്ന തരത്തില്‍ പ്ലേസ് ചെയ്യുന്നതില്‍ ഏറ്റവും മികച്ച ഉദാഹരണം. നന്ദഗോപാല്‍ മാരാരുടെ മുഖം ആദ്യമായി മാഗസിനിലൂടെ കാണിക്കുന്നതും അതേ ഫ്രെയിമില്‍ തന്നെ മോഹന്‍ലാല്‍ വരുന്നതുമെല്ലാം ഒരു കൊമേഴ്ഷ്യല്‍ സംവിധായകന്റെ സര്‍ഗാത്മകതയുടെ പരകോടിയാണ്. അപകട ഘട്ടത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തെ സഹായിക്കുന്ന മമ്മൂട്ടി കഥാപാത്രത്തിന് വേണ്ടി എത്ര കടുത്ത മമ്മൂട്ടി വിരോധിയായ മോഹന്‍ലാല്‍ ആരാധകന് പോലും കൈയടിച്ചു പോകും.
നരസിംഹത്തിന്റെ തിരക്കഥയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത് അതിന്റെ ക്ലൈമാക്സായിരിക്കണം. ഇത്രയും സ്ഫോടനാത്മക രംഗങ്ങള്‍ മുമ്പ് ഉള്ളപ്പോള്‍ അതിന് മുകളില്‍ നില്ക്കുന്ന ഒരു ക്ലൈമാക്സ് തന്നെ ചിത്രത്തിന് ആവശ്യമാണ്. കുറച്ചെങ്കിലും വീര്യം കുറഞ്ഞാല്‍ തീര്‍ച്ചയായും ക്ലൈമാക്സ് പാളിയതായി ജനം വിധിയെഴുതും. അതിനായി കഥയെ അതുപോലെ തന്നെ നിലനിര്‍ത്തി തിരക്കഥയെ അന്നേവരെ കാണാത്ത രീതിയില്‍ അപനിര്‍മിക്കുകയാണ് നരസിംഹത്തിലുണ്ടായിരിക്കുന്നത്. വെറുതെ വില്ലനെ അടിച്ചിടുന്നതിന് പകരം ചിതാഭസ്മം പുഴയിലൊഴുക്കാന്‍ അനുവദിക്കാതെ ചെറിയ കൈക്രിയകള്‍ക്ക് ശേഷം വില്ലനെ വെറുതെ വിടുന്നു. ഒപ്പം ഹിംസാത്മകമായ ചിന്തകളെ തള്ളിപ്പറയുന്ന നായകന്റെ ഏറ്റുപറച്ചിലും പിന്നീടൊരു കൊമേഴ്ഷ്യല്‍ സിനിമയും ചെയ്യുവാന്‍ ധൈര്യപ്പെടാത്ത സംഗതിയാണ്. അതിനെ ഐതിഹ്യവുമായി കൂട്ടികെട്ടാന്‍ കഴിഞ്ഞ രഞ്ജിത് എന്ന എഴുത്തുകാരന്റെ കൈയടക്കത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഒരുപക്ഷേ ഇത്തരമൊരു ക്ലൈമാക്സ് വന്നത് തന്നെ നായകനില്‍ നിന്ന് ഒരു ഇടി കിട്ടാന്‍ പോലും ആമ്പിയറില്ലാത്ത മണപ്പള്ളി പവിത്രന് വില്ലന്റെ മേലങ്കി അണിഞ്ഞതു കൊണ്ടായിരിക്കണം. എന്നിരുന്നാലും എത്ര ശക്തമായാണ് ആ കഥാപാത്രം സ്ക്രീനില്‍ നിറയുന്നത്. ഇന്ദുചൂഢനുമായി യുദ്ധം ചെയ്യാന്‍ പവിത്രന് കരുത്തുണ്ടെന്ന് കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്ന രീതിയിലായിരുന്നു പവിത്രന്റെ പ്രകടനം. കൈ കരുത്തില്‍ നായകന് അജയ്യനാണെന്ന് സ്ഥാപിച്ച ഒരു കഥയില്‍ പവിത്രനെ പോലെ ബുദ്ധി കൊണ്ട് കരുക്കള്‍ നീക്കുന്ന വില്ലനെ തന്നെയാണ് ആവശ്യം. വില്ലന്‍ എത്രത്തോളം ശക്തനാകുന്നുവോ അത്രമാത്രം വീരോചിതമാകും നായകന്റെ നീക്കങ്ങള്‍ എന്ന അടിസ്ഥാന സിനിമ തത്ത്വം നരസിംഹവും പിന്തുടരുന്നു.
മുടി നീട്ടിയ ബുദ്ധിജീവികളുടെയും മുടി നീട്ടാത്ത ബുദ്ധിജീവികളുടെയും കണ്ണിലെ കരടാണ് നരസിംഹത്തിന്റെ പോസ്റ്റ് ക്ലൈമാക്സ് സീക്വന്‍സായ പ്രപ്പോസല്‍. അന്നും ഇന്നും നരസിംഹത്തിന്റെ സ്വീകാര്യതയില്‍ കണ്ണ് മഞ്ഞളിക്കുമ്പോള്‍ ഈ രംഗത്തിന്റെ സാമൂഹിക ആഘാത റിപ്പോര്‍ട്ടുമായി അവര്‍ പുറത്തുവരും. വിവരമില്ലാത്ത ചിലര്‍ അത് ഏറ്റുപിടിക്കും. സത്യത്തില്‍ സിനിമയില്‍ ഉടനീളം സര്‍ക്കാസ്റ്റിക്കായാണ് ഇന്ദുചൂഢന് അനുരാധയോട് സംസാരിച്ചിട്ടുള്ളത്. അതിന്റെ ഒരു എക്സ്റ്റന്‍ഷന്‍ മാത്രമാണ് ഈ പ്രപ്പോസലും. സാമൂഹികമായി നിലനിന്നു വരുന്ന അത്തരം കാട്ടികൂട്ടലുകളെ പരിഹസിക്കുകയാണ് നായകന് ആ ഡൈലോഗിലൂടെ അര്‍ത്ഥമാക്കുന്നത്. അങ്ങനൊരു മാനത്തിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയാണ് നവസൈദ്ധാന്തികര്‍ സോഷ്യല്‍ മീഡിയ വാളുകള്‍ നിറയെ വിമര്‍ശനം കൊണ്ട് നിറയ്ക്കുന്നത്.
ഒരര്‍ത്ഥത്തില്‍ മലയാളത്തില്‍ വന്ന പല പ്രണയചിത്രങ്ങളിലെ പ്രണയത്തെക്കാളും ശ്രേഷ്ഠമാണ് നരസിംഹത്തിലെ പ്രണയം. കുളകടവില്‍ വെച്ചുള്ള സീന്‍ തന്നെ ശ്രദ്ധിക്കുക. ഒറ്റ സീന്‍ കൊണ്ട് മാത്രം അവരുടെ ഇടയിലെ സിങ്ക് പ്രേക്ഷകനിലേക്ക് പകര്‍ന്നു കൊടുക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. കനലായി കത്തുന്ന പ്രശ്നങ്ങളെ വളരെ ലൈറ്ററായി കാണാന്‍ ആ സീന്‍ ഇന്ദുചൂഢനോടൊപ്പം തന്നെ പ്രേക്ഷകനെയും സഹായിക്കുന്നു. മസില് പിടിച്ച് പ്രണയം ഉരുട്ടി കയറ്റുന്ന നവപ്രണയികളില് ഇല്ലാത്ത ഒരു ‘വൈബ് ‘ ഈ സീന്‍ പ്രേക്ഷകന് സമ്മാനിക്കുന്നു.
രാജാമണിയുടെ പശ്ചാത്തലസംഗീതത്തിനെ കുറിച്ച് പറയാതെ നരസിംഹം ഇല്ല. മാസ് ബിജിഎമ്മുകളുടെ സൗണ്ടിംഗിനെ തന്നെ മാറ്റി കളഞ്ഞ തീം മ്യൂസിക്കാണ് ചിത്രത്തിനുള്ളത്. പാട്ടയടി മത്സരമായി പശ്ചാത്തലസംഗീതത്തിനെ കാണാതിരുന്ന കാലത്ത് അവ കൃത്യമായി പ്ലേസ് ചെയ്യാനും രാജാമണിക്ക് കഴിഞ്ഞു. കനകയുടെ വീടിന്റെ ഗെയിറ്റ് പൊളിച്ച് വരുന്ന സീനാണ് പശ്ചാത്തലസംഗീതത്തിന്റെ നേരായ ഉപയോഗത്തിന്റെ ഉത്തമമായ ഉദാഹരണം.
2000 തൊട്ടുള്ള പത്ത് വര്‍ഷക്കാലം മലയാളം ഏറ്റവും കൂടുതല്‍ കണ്ടത് നരസിംഹത്തിന്റെ വികൃതമായ അനുകരണങ്ങളായിരുന്നു. ഇന്ദുചൂഢനെ പല പശ്ചാത്തലത്തിലും പല ഭാവങ്ങളിലേക്കും സിനിമാക്കാര് പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. പക്ഷേ അവയൊന്നും വിജയം കണ്ടില്ല. കാരണം ഇന്ദുചൂഢനെ പോലെ ഇന്ദുചൂഢന് മാത്രം. ഈ അനുകരണങ്ങളെല്ലാം ഒരു തരത്തില്‍ പ്രശംസകളാണ്. അങ്ങനെയെങ്കില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ പ്രശംസ കിട്ടിയ ചിത്രവും നരസിംഹം തന്നെ. ഈ ഇതിഹാസത്തിന് ജന്മം നല്കിയ എല്ലാ സിനിമ പ്രവര്‍ത്തകര്‍ക്കും ഈ 25-ാം വര്‍ഷത്തിലും അഭിമാനിക്കാനുള്ള വക നരസിംഹം നല്‍കുന്നുണ്ട്.
Recent Comments