കേരളത്തിൽ ക്ഷേത്രത്തിൽ കയറുമ്പോൾ ഷർട്ട് ധരിക്കണമെന്ന ചർച്ച നടക്കുമ്പോൾ മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ ശരീരം മറയ്ക്കുന്ന മാന്യമായ വസ്ത്രം ധരിക്കണമെന്ന് സിദ്ധിവിനായക ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ഇറക്കം കുറഞ്ഞ പാവാട, ശരീരഭാഗം വെളിവാകുന്ന വസ്ത്രങ്ങള്‍ എന്നിവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ചിലരുടെ മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന രീതിയിലുള്ള പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
’’കീറിയ ജീന്‍സ്, ഇറക്കം കുറഞ്ഞ പാവാട, ശരീരഭാഗം വെളിവാക്കുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല,’’ എന്ന് ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി ഡ്രസ് കോഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു.
Recent Comments