വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. വരുമാന വിഹിതം പങ്കുവയ്ക്കണമെന്ന നിലപാടിൽ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ല. തൂത്തുക്കൂടി സർക്കാരിന്റെ കീഴിലുള്ള തുറമുഖമാണെന്ന് രാജ്യസഭാ എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രം അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് അനുവദിക്കുന്ന വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് എഴുതിയിരുന്നു. വിജിഎഫ് ഗ്രാന്റായിത്തന്നെ അനുവദിക്കുന്നതിനു പ്രധാനമന്ത്രി ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വിജിഎഫിനു കേന്ദ്രം വരുമാനത്തിൽനിന്നു തിരിച്ചടവ് ആവശ്യപ്പെടുന്നതു യുക്തിസഹമല്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.
വിജിഎഫ് വായ്പയായി മാത്രമേ അനുവദിക്കാനാകൂവെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
Recent Comments