കേരളത്തിന്റെ വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച അവകാശ തര്‍ക്കം മുറുകുന്നു. ആരാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ കഠിനമായി പ്രയത്നിച്ച ഭരണാധികാരി. യുഡിഎഫ് പറയുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന്. അതിനാല്‍ ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ബിജെപിയുടെ അവകാശവാദം മോദി സര്‍ക്കാരാണെന്നാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷമാണ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നാണ്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരിക്കുന്ന കാലത്ത് വിഴിഞ്ഞം യാഥാര്‍ഥ്യമാകാതിരുന്നത് എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്. എല്‍ഡിഎഫ് പറയുന്നത് പിണറായി സര്‍ക്കാരിന്റെ ഇഛാശക്തി കൊണ്ടാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതെന്നാണ്.
ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നു കഴിഞ്ഞു. അതിനെ സംബന്ധിച്ച ചര്‍ച്ചകളും കേരളീയ സമൂഹത്തില്‍ സജീവവുമാണ്. യുഡിഎഫ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയ ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ പിണറായി വിജയനു അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്ളെക്സ് ബോര്‍ഡുകള്‍ സംസ്ഥാനത്ത് സുലഭമാണ്. ബിജെപിയും ഇക്കാര്യത്തില്‍ പിന്നിലല്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പിന്നീട് നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ അവകാശികളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ചൂട് പിടിക്കും.
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരമ വര്‍മയുടെ കാലത്ത് 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ പരിശോധിക്കാനും തുറമുഖം നിര്‍മ്മിക്കുവാനും വേണ്ടി സര്‍വേ നടന്നിരുന്നു. തുറമുഖ നിര്‍മാണത്തിന് വേണ്ടി മഹാരാജാവിന്റെ ദിവാനായിരുന്ന സര് സിപി രാമസ്വാമി അയ്യര്‍ ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. രാജഭരണം അവസാനിച്ചതോടെ വിഴിഞ്ഞം തുറമുഖം വിസൃമതിയിലായി. പിന്നീട് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നത് 1991 ലാണ്. അന്ന് കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. തുറമുഖ മന്ത്രി എംവിരാഘവനും. അക്കാലത്ത് എംവി രാഘവനാണ് വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പഠിക്കുവാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിനായി അദ്ദേഹം കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.
വിഴിഞ്ഞം തുറമുഖത്തിനായി ബി ഒ ടി വ്യവസ്ഥയില്‍ ആദ്യ കരാറിനു രൂപം നല്‍കിയത് 1996 ലെ ഇ കെ നായനാരുടെ സര്‍ക്കാരായിരുന്നു. പക്ഷെ കരാര്‍ എങ്ങുമെത്തിയില്ല. 2001 ല്‍ അധികാരത്തിലെത്തിയ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് തുറമുഖ നിര്‍മ്മാണത്തിനായി ആദ്യമായി ആഗോള ടെണ്ടര്‍ വിളിച്ചത്. അന്നും എം വി രാഘവനായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞത്തു അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയത് 2006 ലെ വി എസ് അച്യുതാനന്ദന് സര്‍ക്കാരായിരുന്നു. സ്ഥലമെടുക്കാനുള്ള നടപടികള്‍ മുതല്‍ വെദ്യുതി, കുടിവെള്ളം വരെയുള്ള പദ്ധതി നടപ്പാക്കിയതോടെയാണ് കരാര്‍ എടുക്കാന്‍ കൂടുതല്‍ കമ്പനികള്‍ എത്തിയത്. തുടര്‍ന്ന് പഠനം നടത്തി ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ ഉണ്ടായത്.
2011 ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്. തുടര്‍ന്ന് നിരവധി അഴിമതി ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയരുകയും ചെയ്തു. പ്രധാനമായും ആരോപണം അന്ന് ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയമായിരുന്നു. ഒടുവില്‍ അദാനിയെ കണ്ട് വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകള്‍ ബോധ്യപ്പെടുത്തി ടെണ്ടറില്‍ പങ്കെടുപ്പിക്കുകയായിരുന്നു. കേന്ദ്രത്തില്‍ എന്‍ ഡി എ സര്‍ക്കാരിന്റെ അടുപ്പക്കാരനായ അറിയപ്പെട്ടിരുന്ന അദാനിക്ക് കേരളത്തില്‍ ഒരു പദ്ധതി നല്കുന്നതില് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും ശശി തരൂരും സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് വികസന സാദ്ധ്യതകള്‍ ബോധ്യപ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ അനുമതി നേടിയെടുത്തത്. തുടര്‍ന്ന് 2015 ഡിസംബറില്‍ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അദാനിക്ക് വിഴിഞ്ഞം തീറെഴുതി കൊടുത്തുയെന്ന് ആരോപിച്ച് സിപിഎം പ്രക്ഷോഭങ്ങള്‍ നടത്തി. അന്ന് സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയിലെ ഒന്നാം പേജില്‍ വന്ന വാര്‍ത്ത കടല്‍ കൊള്ള എന്നായിരുന്നു. അദാനി തുറമുഖ നിര്‍മ്മാണത്തെ തുടങ്ങിയ ശേഷമാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. നിര്‍മാണ കാലത്ത് പലവിധത്തിലുള്ള തടസങ്ങള്‍ ഉണ്ടായി. ഓഖി, കോവിഡ് എന്നിവയായിരുന്നു അതില്‍ പ്രധാനം. ഒപ്പം നിര്‍മാണ സാമഗ്രികളുടെ ക്ഷാമവും. റാന്റം പിണറായി സര്‍ക്കാര്‍ തുറമുഖ നിര്‍മാണം വേഗത്തിലാക്കാന്‍ ശക്തമായ ഇടപെടലാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ആദ്യ കപ്പലെത്തിയപ്പോഴും ഇപ്പോള്‍ ആദ്യ ചരക്കു കപ്പല്‍ എത്തുമ്പോഴും സ്വീകരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
വാസ്തവത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. ഈ തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് രണ്ടു പേരാണ്. ഒന്ന് ഉമ്മന്‍ചാണ്ടി രണ്ട് അദാനിയും. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം അദാനിയെ തുറമുഖം ഏല്‍പ്പിക്കുന്നതിനെ എതിര്‍ത്തിട്ടു പോലും ഉമ്മന്‍ ചാണ്ടി എല്ലാവരുമായി ചര്‍ച്ച നടത്തി അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് ചെയ്തത്. അതുപോലെ അദാനി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തില്ലെങ്കില്‍ ഇപ്പോഴും ഈ തുറമുഖം യാഥാര്‍ഥ്യമാവുമായിരുന്നില്ല. വിഴിഞ്ഞം തുറമുഖത്തിനു ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് പറയുന്ന കോണ്‍ഗ്രസുകാര്‍ എന്തുകൊണ്ടാണ് നെടുമ്പാശ്ശേരി വിമാനത്തവാളത്തിന് കരുണാകരന്റെ പേര് നല്‍കാതിരുന്നത്?
Recent Comments