തന്റെ പ്രിയ സംവിധായകന് പ്രിയദര്‍ശനെ മരിരാശി എയര്‍പോര്‍ട്ടില്‍വച്ച് കണ്ടപ്പോള്‍ എടുത്ത ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവച്ചിരിക്കുകയാണ് സംവിധായകന് എം.എ. നിഷാദ്.
”പ്രിയങ്കരം…”
മലയാള സിനിമയുടെ ചരിത്രതാളുകളില്‍, തങ്കലിപികളാല്‍ എഴുതപ്പെടുന്ന പേരുകളില്‍ ഒന്ന്… ”പ്രിയദര്ശന് ”
അനന്തപദ്മനാഭന്റെ നാട്ടില്‍ നിന്നും, മദിരാശിയിലേക്കുളള അദ്ദേഹത്തിന്റെ പ്രയാണം, ഒരു സിനിമയുടെ റീലുകള്‍ പോലെ എന്നെ പോലെയുളള ഒരു സിനിമാ പ്രേമിയുടെ അല്ലെങ്കില്‍ പ്രവര്‍ത്തകന്റെ മനസ്സില്‍ തെളിമയാര്‍ന്ന് നില്ക്കുന്നു… അന്നും ഇന്നും…
പ്രിയദര്ശന് സിനിമകള്‍ കണ്ട് ചിരിക്കാത്ത മലയാളികളുണ്ടോ? ഇല്ല എന്നാണ് ഉത്തരം. പുച്ചക്കൊരു മൂക്കുത്തിയില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം, മലയാളവും തമിഴും കടന്ന് ഹിന്ദിയില്‍ എത്തി അവിടെയും സ്വന്തമായൊരു കൈയ്യൊപ്പ് ചാര്‍ത്തി അഭംഗുരം യാത്ര തുടരുന്നു…
അക്ഷയകുമാറിനെ നായകനാക്കി തന്റെ, തൊണ്ണൂറ്റി ഏഴാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണദ്ദേഹം…
ഈ കഴിഞ്ഞ ദിവസം മദ്രാസ് (ചെന്നൈ) എയര്‍പ്പോര്‍ട്ടില്‍ വെച്ച് ഞാനദ്ദേഹത്തെ കണ്ടു…
”ഒരു അന്വേഷണത്തിന്റെ തുടക്കം” എന്ന എന്റെ പുതിയ സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുളള ഫ്ളൈറ്റില്‍ അദ്ദേഹവുമുണ്ടായിരുന്നു. കെ പി എല്‍
(കേരള പ്രീമിയര്‍ ലീഗ്)-ല്‍ അദ്ദേഹവും ഒരു ടീം സ്വന്തമാക്കി ട്രാവന്‍കൂര്‍ റോയല്‍സ്….
പ്രിയന് ചേട്ടനോട് ഒരു പ്രത്യേക സ്നേഹം എന്നും എനിക്കുണ്ട്… മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നതിനപ്പുറം, എന്റെ മരണപ്പെട്ട് പോയ അമ്മാവന് അന്‍സാരിയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം…
അദ്ദേഹം സിനിമയില്‍ വരുന്നതിനും എത്രയോ മുമ്പ്
എന്റെ ചെറുപ്പകാലത്ത്, അമ്മാവനോടൊപ്പം
തിരുവനന്തപുരം മുട്ടടയിലെ ഞങ്ങളുടെ വീട്ടില്‍ അദ്ദേഹം വരാറുണ്ടായിരുന്നു…
തിരുവനന്തപുരം എന്റെ പ്രിയപ്പെട്ട നഗരമാണ്.
മോഹന്‍ലാല്‍ പ്രിയദര്ശന് ചിത്രങ്ങളുടെ രസക്കൂട്ടിന് ജന്മം നല്കിയതും ആ നഗരമാണ്…
നൂറാമത്തെ സിനിമക്ക്, ഇനി മൂന്ന് ചിത്രങ്ങള്‍ ബാക്കി… പ്രിയന് ചേട്ടന്റെ നൂറാമത്തെ സിനിമ ഒരു ആഘോഷമാക്കി മാറ്റണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹം ഒന്ന് ചിരിച്ചു…
ഈ കാലഘട്ടത്തിലെ സിനിമകളെ പറ്റി അദ്ദേഹം വാചാലനായി… ക്രിക്കറ്റിനെ പറ്റി,പുതിയ പ്രതിഭകളെ പറ്റി… ഒരുപാട് നേരം സംസാരിച്ചു…
ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും നിറഞ്ഞാടുന്ന റീലുകളില്‍ പലതും പ്രിയദര്ശന് സിനിമകളുടേതാണെന്ന് അറിയുമ്പോള്‍, കാലത്തിനപ്പുറം സഞ്ചരിക്കുന്ന കലാകാരനാണദ്ദേഹമെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കുന്നു… ഏത് പ്രായക്കാരേയും അത്രമേല്‍ സ്വാധീനിക്കാന്‍ പ്രിയദര്ശന് ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന സത്യം… അദ്ദേഹത്തിന്റെ പേര്… മലയാള സിനിമാ ചരിത്രത്തിലെ മുന്‍നിരയില്‍ തന്നെ അടയാളപ്പെടുത്തുന്നു…
പ്രിയദര്ശന് എന്ന പ്രിയന് ചേട്ടന്റെ നൂറാമത്തെ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു സിനിമാസ്വാദകന്റെ കുറിപ്പ്…
Recent Comments