താലിന് ചലച്ചിത്രമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഡോ. ബിജുവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ അപ്രതീക്ഷിതമായി എത്തിയത് ഒരേ ഒരാള്‍ മാത്രം. മലയാളികളുടെ പ്രിയ നടന് ഇന്ദ്രന്‍സ്.
ഫിയാപ്ഫ് (FIAPF) അക്രിഡിറ്റേഷനിലെ ആദ്യ പതിനഞ്ചു എ കാറ്റഗറി മേളകളില്‍ ഒന്നായ താലിനിലെ മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമയും ഈ വര്‍ഷത്തെ ഒരേ ഒരു ഇന്ത്യന്‍ സിനിമയുമാണ് അദൃശ്യ ജാലകങ്ങള്‍. ചിത്രത്തിന്റെ പ്രദര്‍ശനത്തിലൂടെ ഡോ. ബിജു മലയാളത്തിന്റെ അഭിമാനമായിരിക്കുകയാണ്. പക്ഷേ ആ അഭിമാനത്തെ സ്വീകരിക്കാന്‍ വേറൊരു മലയാളിയോ ഒരു സംഘടനയോ എന്തിനേറെ ചലച്ചിത്ര അക്കാദമിയില്നിന്നുപോലും ഒരാള്‍ ഉണ്ടായിരുന്നില്ല എന്നത് ലജ്ജാവഹമാണ്. നിരൂപകരുടെ കരാളഹസ്തങ്ങള്‍ കണ്ടുപിടിക്കുന്ന തിരക്കില്‍ നല്ല സിനിമകളെ അവര്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു. അതിന് കിട്ടുന്ന അംഗീകാരങ്ങള്‍ തവിട് കൊടുത്ത് മേടിക്കുന്നതായി കണക്കാക്കുന്നു.
അതേസമയം ഇന്ദ്രന്‍സിനെ പോലുള്ള ഒരു മുതിര്‍ന്ന കലാകാരന് രാവിലെ 4.20 നു ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. മലയാള സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ഇവിടെ വെളിപ്പെടുന്നത്. അതിരാവിലെ എന്തിനാണ് ഇന്ദ്രന്സേട്ടന് ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മറുപടി എന്ന് ഡോ. ബിജു പറയുന്നു. സംവിധായകന് വി.സി. അഭിലാഷാണ് ഡോ. ബിജു വരുന്ന കാര്യം ഇന്ദ്രന്‍സിനെ അറിയിച്ചത്. അഭിലാഷ് ആശുപത്രിയില്‍ ആയതിനാല്‍ എയര്‍ പോര്‍ട്ടിലേക്ക് വരാന്‍ പറ്റിയില്ല.
കേരളത്തില്‍ നിന്ന് അവഗണന നേരിടുമ്പോഴും, ലോക സിനിമയുടെ ശ്രദ്ധയെ മലയാള സിനിമയിലേക്ക് എത്തിക്കുന്ന ബിജുവിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് അഭിനന്ദനങ്ങള്‍. ഒപ്പം ഒരു കലാകാരന്റെ ക്യാമറയ്ക്ക് പിന്നിലുള്ള ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ ഇന്ദ്രന്‍സിനും വി.സി അഭിലാഷിനും ഇനിയും കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
Recent Comments