വടകരയിൽ നിർത്തിയിട്ട കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതുമൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം നിഗമനം. എ.സി. പ്രവര്‍ത്തിപ്പിച്ച ജനറേറ്ററിന്റെ പുകയില്‍നിന്നാണ് കാര്‍ബണ്‍ മോണോക്സൈഡ് കാരവനുള്ളിലേക്ക് കയറിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
മലപ്പുറം എരമംഗലം ആസ്ഥാനമായുള്ള ഫ്രണ്ട്ലൈന് ഹോസ്പിറ്റാലിറ്റി ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റിന്റെ പേരിലുള്ള കാരവൻ ഡ്രൈവര്‍ വണ്ടൂർ വാണിയമ്പലം പരിയാരത്ത് മനോജ് (48), ഫ്രണ്ട് ലൈനിലെ ഐ.ടി. വിഭാഗം ജീവനക്കാരന് കാസര്‍കോട് ചിറ്റാരിക്കാല്‍ പറമ്പ് സ്വദേശി പറശ്ശേരി ജോയല്‍ (26) എന്നിവരാണ് മരിച്ചത്. കാരവനില്‍ കുന്നംകുളത്തുനിന്ന് വധൂവരന്മാരെയും ബന്ധുക്കളെയും ഞായറാഴ്ച കണ്ണൂരിലെത്തിച്ച് തിരിച്ചുവരുകയായിരുന്നു ഇവര്‍. വടകരയ്ക്ക് സമീപം കരിമ്പനപ്പാലത്ത് റോഡരികില്‍ വണ്ടിനിര്‍ത്തി വിശ്രമിക്കാന്‍ കിടന്നപ്പോഴായിരുന്നു ദുരന്തം.
വണ്ടി നിര്‍ത്തിയശേഷം എ.സി. ഓണാക്കിയാണ് ഇവര്‍ ഉള്ളില്‍ വിശ്രമിച്ചിരുന്നത്. വണ്ടിക്ക് പുറകില്‍ ഇടതുവശത്തായി പുറത്തുനിന്ന് തുറക്കാന്‍ കഴിയുന്ന കാബിനിലാണ് ജനറേറ്ററുള്ളത്. ഇതിലെ ഇന്ധനം പൂര്‍ണമായും വറ്റിയ നിലയിലാണ് കാണുന്നത്.
Recent Comments