ഞങ്ങൾ ആർക്കും എതിരല്ലെന്ന് എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ചട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം, പരമാധികാരത്തോടും പ്രാദേശിക സമഗ്രതയോടുമുള്ള ബഹുമാനം, എല്ലാ തർക്കങ്ങളുടെയും സമാധാനപരമായ പരിഹാരം എന്നിവയെ പിന്തുണയ്ക്കുന്നവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയിലെ വിൽമിങ്ടണിൽ നടക്കുന്ന ആറാമത് ക്വാഡ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. “ലോകം സംഘർഷങ്ങളാലും പിരിമുറുക്കങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന സമയത്താണ് ക്വാഡ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു സമയത്ത്, ക്വാഡ് അംഗങ്ങൾ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി മുന്നോട്ട് പോകേണ്ടത് എല്ലാ മനുഷ്യരാശിക്കും പ്രധാനമാണ്.
സ്വതന്ത്രവും സമൃദ്ധവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ- പെസഫിക് മേഖല, കൂട്ടായ ഉത്തരവാദിത്തവും മുന്‍ഗണനയുമാണ്. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം, ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ ഞങ്ങൾ ഒരുമിച്ച് നിരവധി ക്രിയാത്മകമായ സംരംഭങ്ങൾ തീരുമാനിച്ചിട്ടുണ്ട്,” മോദി പറഞ്ഞു.
ഇന്ത്യ- യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും.
മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയത്. ക്വാഡ് ഉച്ചകോടിക്കു ശേഷം, യുഎൻ ജനറൽ അസംബ്ലിയിലെ ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ എന്ന പരിപാടിയെ അഭിസംബോധനചെയ്തും മോദി സംസാരിക്കും. ‘പ്രസിഡൻ്റ് ബൈഡൻ, പ്രധാനമന്ത്രി അൽബാനീസ്, പ്രധാനമന്ത്രി കിഷിദ എന്നിവർക്കൊപ്പം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാനായി കാത്തിരിക്കുന്നതായി,’ പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രി പ്രസ്ഥാവനയിലൂടെ അറിയിച്ചിരുന്നു.
എഐ, ക്വാണ്ടം കംപ്യൂട്ടിങ് , അർദ്ധചാലകങ്ങൾ, ബയോടെക്നോളജി തുടങ്ങിയ അത്യാധുനിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുന്നതിനായി യുഎസിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി സംവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്ഥാവനയിൽ അറിയിച്ചിരുന്നു.ഇന്ത്യ ,ജപ്പാൻ ,ഓസ്ട്രേലിയ ,അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ക്വാഡ് .
Recent Comments