സുരേഷ്ഗോപി എന്ന മനുഷ്യസ്നേഹിയെ, പരോപകാരിയെ നാം എത്രയോവട്ടം തിരിച്ചറിഞ്ഞിരിക്കുന്നു. ചിലര്ക്കിടയിലേയ്ക്ക് അദ്ദേഹം നേരിട്ടെത്തുകയായിരുന്നു. മറ്റു ചിലര്‍ക്കിടയില്‍ സാമ്പത്തിക സഹായങ്ങളുമായി വന്നു. ഇനിയും ചിലര്‍ക്കിടയില്‍ അവരുടെ ആവശ്യങ്ങളറിഞ്ഞ് അത് വാങ്ങി നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ ജാതിയും മതവും രാഷ്ട്രീയവുമൊന്നും സുരേഷ്ഗോപിക്ക് വിലങ്ങുതടിയായിട്ടേയില്ല. ഉറവ വറ്റാത്ത കാരുണ്യം അദ്ദേഹത്തില്‍നിന്ന് അനുസ്യൂതം പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു.
ഇന്ന് രാവിലെയാണ് മറ്റൊരു മഹത്തായ പുണ്യകര്‍മ്മം സുരേഷ്ഗോപിയുടെ കരുതല്‍കൊണ്ട് യാഥാര്‍ത്ഥ്യമായത്.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ, പതിനൊന്നാം വാര്‍ഡിലെ അറുപത്തിനാല് ബെഡ്ഡുകളിലേയ്ക്ക് പൈപ്പ്ലൈന് വഴി ഓക്സിജന്‍ എത്തിക്കുന്ന പദ്ധതിക്കായി ഏഴ് ലക്ഷത്തി അറുപത്തിയെണ്ണായിരം രൂപയുടെ ചെക്കാണ് അദ്ദേഹം കൈമാറിയത്. ഇന്നലെ നടക്കേണ്ട ചടങ്ങായിരുന്നു. മഹാകവി അക്കിത്തത്തിന്റെ മരണത്തെത്തുടര്‍ന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ എം.പി. ഫണ്ട് പൂര്‍ണ്ണമായും മരവിപ്പിച്ചിരിക്കുന്ന പ്രത്യേക സാഹചര്യമാണ് നിലവിലുള്ളത്. എന്നിട്ടും ആവശ്യം നിറവേറാന്‍ പണം ഒരു വിലങ്ങുതടിയാവരുതെന്ന അദ്ദേഹത്തിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച മൂത്തമകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ് സുരേഷ് ഗോപി ഈ തുക മെഡിക്കല്‍ കോളേജിന് സംഭാവനയായി നല്‍കിയത്.
‘കേരളത്തില്‍ തൃശൂര്‍ മെഡിക്കല്‍കോളേജ് മാത്രമാണ് ഇങ്ങനെയൊരു പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതായത് രോഗിയുടെ കിടക്കയിലേയ്ക്ക് പൈപ്പ് വഴി ഓക്സിജന്‍ എത്തിക്കുന്ന സാങ്കേതികവിദ്യയാണത്. അതിന് സാമ്പത്തികസഹായം ആവശ്യമായിരുന്നു. ഡോ. മോഹനും ഡോ. ബാലനുമാണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാനതിന് സന്തോഷത്തോടെ സമ്മതമറിയിക്കുകയായിരുന്നു.’
‘കോവിഡ് രോഗികള്‍ക്ക് വെന്റിലേറ്ററുകളേക്കാളും ആവശ്യം ഓക്സിജന്‍ തന്നെയാണ്. ഓക്സിജന്‍ ആവശ്യത്തിന് നല്‍കുന്നതിലൂടെ രോഗികളുടെ അപകടാവസ്ഥ ഒരു പരിധിവരെ കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഇനിയൊരു രോഗിയും ഓക്സിജന്‍ കിട്ടാതെ മരിക്കരുത്.’
‘പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ ഓക്സിജന്‍ എത്തിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഗവണ്മെന്റ് ആശുപത്രികളില്‍ അത് തീരേ ഇല്ല. തൃശൂര്‍ മെഡിക്കല്‍ കോളേജാണ് ഇക്കാര്യത്തില്‍ പ്രസംശനീയമായ ഒരു സ്റ്റെപ്പ് എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ അവിടുത്തെ ഡോക്ടര്‍മാരെ എത്ര പ്രസംശിച്ചാലും അധികമാകില്ല.’ സുരേഷ്ഗോപി പറഞ്ഞു.
Recent Comments