ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നിരവധി അഭിമുഖങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ നല്കിക്കൊണ്ടിരിക്കുന്നത്. എല്ലാ അഭിമുഖങ്ങളിലും പൃഥ്വിരാജിനെ കുറിച്ചാണ് എല്ലാവരും വാചാലരാകുന്നത്.
ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു പ്രഭാസ് ചിത്രത്തിലെ ഏറ്റവും വലിയ ഇമോഷനും സ്കേലും ഡ്രാമയുമെല്ലാം പൃഥ്വിയാണെന്നാണ് പ്രശാന്ത് നീല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷവും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നതും പൃഥ്വിയായിരിക്കുമെന്ന് നിസംശയം പറയാം.
‘ഇന്ത്യയില്‍ തന്നെ പൃഥ്വിരാജിനെ പോലെ ഒരാളേയുളളൂ. ഒരു സൂപ്പര്‍ താരമായിരിക്കുമ്പോള്‍ തന്നെയാണ് അദ്ദേഹം ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ സിനിമ സംവിധാനം ചെയ്തത്’ എന്ന് രാജമൗലിയുമായി നടത്തിയ അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞു.
എന്തുകൊണ്ടാണ് പൃഥ്വിരാജിനെ സലാറിലേക്ക് കാസ്റ്റ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് നീലും വെളിപ്പെടുത്തിയിരുന്നു. ‘വരദരാജ മന്നാര്‍ എന്ന കഥാപാത്രം ചെയ്യാനായി ഒരു താരം എന്നതിനെക്കാള്‍ ഉപരി ഒരു ഗംഭീര നടനെ ഞങ്ങള്‍ക്ക് വേണമായിരുന്നു. രണ്ട് ഉറ്റ സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്നതാണ് ഞങ്ങള്‍ക്ക് സിനിമയില്‍ കാണിക്കേണ്ടിയിരുന്നത്.’
‘അദ്ദേഹത്തിന്റെ സ്ക്രീന്‍ പ്രെസെന്‍സ് എടുത്ത് പറയേണ്ടതാണ്. അഭിനയത്തിനൊപ്പം തന്നെ ഞങ്ങള്‍ക്ക് ഏറ്റവും മികച്ച അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു പൃഥ്വിരാജ്. ക്രിയേറ്റീവ് പോയിന്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അത്രക്കും ബ്രില്ല്യന്റ് ആയിരുന്നു. സലാര്‍ ചെയ്തതിനു അദ്ദേഹത്തിനോട് നന്ദി പറയാതിരിക്കാന്‍ ആകില്ല.’ നീല്‍ കൂട്ടി ചേര്‍ത്തു.
ഭുവന് ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക. വിജയ് കിരാഗണ്ടൂരിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ 22-ന് ചിത്രം തിയേറ്ററുകളിലെത്തും.
Recent Comments