മോഹന്‍ലാലിനെ നായകനാക്കി ഭദ്രന് സംവിധാനം ചെയ്ത ചിത്രമായിരുന്നു സ്ഫടികം. ഭദ്രന്റെയും മോഹന്‍ലാലിന്റെയും കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്ന്. 1995 ലാണ് ചിത്രം റിലീസിനെത്തിയത്. 27 വര്‍ഷങ്ങള്‍ക്കിപ്പുറം 4K വിഷ്വല്‍ ക്വാളിറ്റിയിലും ഡോള്‍ബി അറ്റ്മോസ് സൗണ്ടിലും സ്ഫടികം പുറത്തിറക്കാനുള്ള കൊണ്ടുപിടിച്ച പ്രവര്‍ത്തനങ്ങളിലാണ് ഭദ്രനും കൂട്ടരും. ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയില്‍ അതിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
ഇതിനിടെ മോഹന്‍ലാല്‍ ഇന്നലെ ചെന്നൈയിലെത്തി. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മിസ്റ്റിക് റൂം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേയ്ക്കാണ് അദ്ദേഹം വന്നത്. സമയം വൈകുന്നേരം മൂന്ന് മണി. അവിടെ ലാലിനെ കാത്ത് സംവിധായകന് ഭദ്രനും സംഗീതസംവിധായകന് എസ്.പി. വെങ്കിടേഷും ഉണ്ടായിരുന്നു. ലാലിനെ അവര്‍ സ്വീകരിച്ച് അകത്തേയ്ക്ക് കൊണ്ടുപോയി.
അല്‍പ്പനേരം കുശലാന്വേഷണം. ഇതിനിടെ ഭദ്രന് ഒരു റെയ്ബാന്‍ ഗ്ലാസ് ലാലിനെ അണിയിച്ചു. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആടുതോമ അണിഞ്ഞിരുന്ന (സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്) അതേ റെയ്ബാന്‍ ഗ്ലാസ്. ഷൂട്ടിംഗിന് ശേഷം ഭദ്രന് സൂക്ഷിച്ച് വച്ചിരുന്ന പല പ്രോപ്പര്‍ട്ടികളുടെ കൂട്ടത്തില്‍ അതും ഉണ്ടായിരുന്നു. അതണിഞ്ഞാണ് ലാല്‍ മൈക്കിന് മുന്നിലെത്തിയത്. ഹെഡ്ഫോണ്വച്ച് അദ്ദേഹം ട്രാക്ക് കേട്ടു. പിന്നെ സ്വതസിദ്ധമായ ശൈലിയില്‍ പാടി.
‘ഏഴിമല പൂഞ്ചോലാ… മാമനുക്ക് മണിമാല…’
ഒരു തലമുറ ഏറ്റുപാടിയ ഗാനം. പി. ഭാസ്കരന്റെ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് ഈണം പകര്‍ന്ന ഗാനം. 27 വര്‍ഷങ്ങള്‍ക്കുമുമ്പ് മോഹന്‍ലാലും ചിത്രയും പാടിയ ഗാനം. മാസങ്ങള്‍ക്ക് മുമ്പ് അതിന്റെ പുതിയ വെര്ഷന് ചിത്ര പാടിയിരുന്നു. ബാക്കി പാടാനാണ് ലാല്‍ എത്തിയത്.
മൂന്ന് മണിക്ക് തുടങ്ങിയ റെക്കോര്‍ഡിംഗ് ഏഴ് മണിയോടെ അവസാനിച്ചു. ‘പഴയതിനേക്കാളും ഗംഭീരമായി ലാല്‍ പാടിയിരിക്കുന്നു.’ ഒറ്റവാക്കില്‍ പാട്ടിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഭദ്രന് പറഞ്ഞു. റെക്കോര്‍ഡിംഗ് കഴിഞ്ഞ് ഇറങ്ങുന്നതിന് മുമ്പ് ലാല്‍ റെയ്ബാന്‍ ഗ്ലാസ് ഭദ്രന് തിരിച്ചുനല്‍കി.
‘ഇത് നിങ്ങള്‍തന്നെ സൂക്ഷിച്ചുകൊള്ളൂ.’ ലാല്‍ പറഞ്ഞു. ഭദ്രന് അത് രണ്ടുകൈയും നീട്ടി സ്വീകരിച്ചു.
‘ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം എന്റെ ആടുതോമയെ അണിയിക്കാന്‍ ഈ ഗ്ലാസ് വേണ്ടിവരുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതിനും നിയോഗമുണ്ടായി. എല്ലാം ദൈവാനുഗ്രഹം. ഫെബ്രുവരി 9 ന് എല്ലാ സാങ്കേതിക തികവോടെയും സ്ഫടികം പുറത്തിറങ്ങും. കാലത്തെ അതിജീവിച്ച ചിത്രം പുതിയ തലമുറയും ഏറ്റുവാങ്ങും.’ ഭദ്രന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments