മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
കുടുംബത്തില്‍ എല്ലാ വിധത്തിലുള്ള ശ്രേയസ്സും ഉണ്ടാകും. പുതിയ ചില ഏജന്‍സി ഏര്‍പ്പാടുകള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് സ്ഥാനമാറ്റം ലഭിക്കും. വീട് മോടിപിടിപ്പിക്കുകയോ പുതിയ വസ്തുവകകള്‍ വാങ്ങാനോ ശ്രമിക്കും. കൃഷിയില്‍നിന്നും വാടക ഇനത്തില്‍നിന്നും ആദായം ലഭിക്കും. ഗ്രന്ഥകാരന്മാര്ക്ക് വളരെ ആനന്ദം ലഭിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കുകയും അയയ്ക്കുകയും ചെയ്യും. സംഗീതത്തിലും കലകളിലും താല്‍പ്പര്യമുള്ളവര്‍ക്ക് നന്നായി ശോഭിക്കാന്‍ സാധിക്കും. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉന്നത സ്ഥാനപ്രാപ്തി ലഭിക്കാനിടവരും. പൂര്വ്വികസ്വത്തിനെ സംബന്ധിക്കുന്ന ചില പ്രമാണങ്ങള്‍ കൈവശം വന്നുചേരും. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ചയും പിതൃസ്ഥാനീയര്‍ക്ക് ആരോഗ്യവിഷയത്തില്‍ ക്ലേശവും ഉണ്ടാകും. ഏറിയ കാലമായി ആലോചനയിലുണ്ടായിരുന്ന വിവാഹകാര്യങ്ങള്‍ക്ക് നടപടിയുണ്ടാകും.
ദോഷശമനത്തിനായി ഭദ്രകാളീഭജനം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രദര്‍ശനം, ഷഷ്ഠിവ്രതം എന്നിവ അനുഷ്ഠിക്കണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ഉന്നതവ്യക്തികളുമായി സൗഹൃദം പുലര്‍ത്താന്‍ സാധിക്കും. കൂട്ടുകച്ചവടം വേര്പിരിയാനിടയുണ്ട്. സഹകരണസ്ഥാനങ്ങളില് ജോലി ചെയ്യുന്നവര്‍ക്ക് നിയമചോദ്യങ്ങളും സ്ഥാനമാറ്റവും ഉണ്ടായേക്കാം. അനാചാരങ്ങളില്പെട്ട് ധനവും മാനവും നഷ്ടപ്പെട്ടേക്കാം. സ്ത്രീകള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങളുണ്ടാകാനിടയുണ്ട്. അന്യദേശത്തുള്ള ബന്ധുക്കളുമായി ചേര്‍ന്ന് പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനിടയാകും. വാഹനസംബന്ധമായ ഇടപാടുകളില്‍ നഷ്ടങ്ങള്‍ സംഭവിക്കാം. വീട്ടമ്മമാര്‍ മാനസികവും ശാരീരികമായും അസ്വസ്ഥഥകള് നേരിടും. അയല്പക്കക്കാരുമായി ഭൂമിപരമായി ശത്രുതകള്‍ ഉണ്ടാകാം. ഊഹക്കച്ചവടത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളില്‍നിന്ന് സാമ്പത്തികനേട്ടം കൈവരിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായ തൊഴില്‍സാധ്യതകള്‍ വന്നുചേരുന്നതാണ്. അദ്ധ്യാപകര്‍ മറ്റു വിദ്യാഭ്യാസസംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും.
ദോഷശാന്തിക്കായി ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, നെയ്വിളക്ക്, അര്‍ച്ചന ഇവയും, ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും സ്ഥിരമായി നടത്തേണ്ടതാണ്.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
ഗൃഹകരണാദികള് തുടങ്ങി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതാണ്. ഭൂമി ഇടപാടുകള്‍ നിര്‍വ്വഹിക്കും. കൃഷിമേഖലയില്‍ ഉള്ളവര്‍ക്ക് ഗുണകരമാവുകയില്ല. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്ക് അനുകൂലമാവില്ല. സുഹൃത്തുക്കള്‍ മുഖേന ക്ലേശം അനുഭവിക്കും. രോഗികള്‍ക്ക് ചികിത്സാദികളില്നിന്ന് ആശ്വാസം ലഭിക്കും. ദൂരയാത്രകള് ആവശ്യമായി വന്നേക്കാം. വാഹനാദികള്‍ വാങ്ങാന്‍ ശ്രമിക്കും. ബന്ധുക്കളുടെ ചേര്‍ച്ച ഉണ്ടാകും.
കൃഷ്ണസ്വാമീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പാരായണാദി പുരാണ ശ്രവണങ്ങളെക്കൊണ്ടും ദുഃഖശമനം വരും. സര്‍പ്പങ്ങള്‍ക്കും പ്രീതികരമായ കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുക.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കും. രോഗബാധിതര്‍ക്ക് നേരിയ ശമനം ഉണ്ടാകും. സ്വജനങ്ങളുടെ വിരോധത്തിന് പാത്രമാകും. കൃഷികാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലമാവില്ല. ഗൃഹകരണാദികള്ക്ക് തടസ്സങ്ങള്‍ നേരിടാം. വക്കീലന്മാര്ക്ക് പ്രമാദമായ പല കേസുകളിലും വിജയിക്കാന്‍ സാധിക്കും. ആത്മീയ ചിന്തയില്‍ കഴിയുന്നവര്‍ക്ക് അവരുടെ നിഷ്ഠകള്‍ക്ക് മുടക്കം നേരിടും. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പരാജയഭീതി നേരിടാം. സുഹൃത്തുക്കള്‍ വഴി ബുദ്ധിമുട്ടുകള്‍ നേരിടും. വീട്ടുകാര്യങ്ങളില്‍ അനാവശ്യമായ ധനനഷ്ടങ്ങള്‍ വന്നുകൂടും.
പ്രതിബന്ധങ്ങള്‍ മാറ്റുന്നതിനായി നരസിംഹ മൂര്ത്തീക്ഷേത്രദര്ശനവും ശാസ്താവിങ്കല്‍ ശനിയാഴ്ച ദിവസങ്ങളില്‍ നീരാജനം നടത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
പൂര്വ്വപുണ്യഫലാനുഭവവും ധനലാഭവും ഭാഗ്യോദയവും ഉന്നതസ്ഥാനലബ്ധിയും, ശത്രുക്കളുമായി വാദപ്രതിവാദവും, ദുരിതവും ഭൂമിലാഭവും, ധനലാഭവും സുഖവും ഫലമാകുന്നു. അഭിമാനം, കീര്‍ത്തി ഇവ വര്‍ദ്ധിക്കുകയും പുത്രസുഖമുണ്ടാവുകയും ചെയ്യും. സഹോദരസുഖവും, കൃഷി, വാഹനം എന്നിവ നിമിത്തം സന്തോഷവും ഉണ്ടാകും. സ്ത്രീസുഖവും വസ്ത്രലാഭവും, ഗൃഹലാഭവും ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ലാഭവും പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂലവും വിവാദങ്ങളില്‍നിന്ന് ജയവും സഹപ്രവര്‍ത്തകരുടെ സഹായവും ഉണ്ടാകും. സന്താനവിഷയത്തില്‍ മനഃക്ലേശവും സന്താനങ്ങള്‍ക്ക് തടസ്സങ്ങളും വന്നുകൂടും.
പരിഹാരമായി ശിവക്ഷേത്രഭജനവും സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും, തെക്ക് ദിക്കിലുള്ള ഭദ്രകാളീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, മലദൈവാശ്രയവും ചെയ്യണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
ദാമ്പത്യജീവിതത്തില്‍ അസ്വാസ്ഥ്യങ്ങളും അഭിപ്രായഭിന്നതകളും ഉണ്ടാകാം. നാഡീഞരമ്പുകള്‍ക്ക് രോഗം ബാധിച്ച് തളര്ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം. നേത്രരോഗം ബാധിക്കും. വിവാഹാദി മംഗളകാര്യങ്ങള്‍ നിര്‍വ്വഹിക്കും. സാമ്പത്തിക ഏര്‍പ്പാടുകളില്‍ വിജയിക്കും. സ്വര്‍ണ്ണം, ഇരുമ്പ് മുതലായ ലോഹപ്രവര്ത്തികള് ഉള്ളവര്‍ക്ക് നേട്ടം ഉണ്ടാകും. സ്ത്രീഹേതുകമായ അപവാദങ്ങള്‍ക്ക് കാരണം ഉണ്ടാകും. സഹോദരങ്ങള്‍ നിമിത്തം മനക്ലേശം അനുഭവിക്കും. ദൂരയാത്രകള് പലതും ഒഴിവാക്കേണ്ടതായി വരും. മത്സ്യബന്ധനത്തിലേര്പ്പെട്ടിട്ടുള്ളവര്ക്ക് പ്രയോജനകരമണ് സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും.
പരിഹാരമായി ശിവക്ഷേത്രദര്‍ശനവും മല, മൂര്‍ത്തി തുടങ്ങിയ അവതാര ശിവസങ്കേതത്തില് ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും കൃഷ്ണസ്വാമീക്ഷേത്രത്തില്‍ പതിവായി ദര്‍ശനം നടത്തി ആരാധിക്കണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കണം. മത്സരപ്പരീക്ഷകളില്‍ നിരാശയ്ക്കിടവരും. ബന്ധുജനങ്ങള്‍ക്ക് ആപത്തുകളും സ്വജനവിരോധവും ഉണ്ടാകും. ഊഹക്കച്ചവടങ്ങളില്‍ പ്രതീക്ഷിക്കുന്ന വിജയം കാണില്ല. ക്രയവിക്രയങ്ങളിലും, ഭൂമി ഇടപാടുകളിലും കുടുംബജനങ്ങള്‍ പരസ്പരം മത്സരിക്കാനിടവരും. പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അയല്‍ക്കാരുമായി മുഷിയാനിടവരും. സാമ്പത്തിക ഏര്‍പ്പാടുകള്‍ നടത്താതിരിക്കുന്നതാണ് ഉചിതം.
ദുര്ഗ്ഗാക്ഷേത്രഭജനവും വിഷ്ണുഭജനവും സ്ഥിരമായി നടത്തേണ്ടതാണ്. സ്ത്രീജനങ്ങള്‍ വെള്ളിയാഴ്ച തോറും ഭവനത്തില്‍ നെയ്യ് വിളക്ക് കത്തിച്ച് ലളിതാസഹസ്രനാമം ജപിക്കുന്നത് ഉത്തമമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെടും. കുടുംബത്തില്‍ ഭക്തി അന്തരീക്ഷം വര്‍ദ്ധിക്കും. ഉദ്യോഗം തേടി വിദേശയാത്രയ്ക്ക് അവസരം ഉണ്ടാകും. ഉപരിപഠനങ്ങള്‍ക്ക് സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. കൂട്ടുകച്ചവടത്തില്‍ ഫലം കണ്ടുതുടങ്ങും. പിതൃസ്ഥാനീയര്‍ക്കും ജ്യേഷ്ഠസഹോദരാദികള്ക്കും ഗുണകരമാകും. ഭൂമിലാഭമുണ്ടാകും. മൂത്ത സന്താനത്തെക്കൊണ്ട് മനസ് വിഷമിക്കാനിടവരും. തൊഴില്‍ പുരോഗതി ഉണ്ടാകുമെങ്കിലും ബുദ്ധിമുട്ടുകള്‍ ആ മേഖലയില്‍ അനുഭവിക്കേണ്ടതായിവരും.
ശ്രേയസ്സിനായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രദര്‍ശനവും ഭജനവും നടത്തുകയും ദേശദേവീ പ്രീതി വരുത്തുകയും പൈതൃകമായ കര്‍മ്മങ്ങള്‍ അനുഭവിക്കേണ്ടതായിവരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
വിദേശത്തുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. കുടുംബത്തില്‍ പരസ്പരം മാത്സര്യങ്ങള്ക്കിടവരും. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കുന്നവര്‍ക്ക് കാലതാമസം നേരിടും. മദ്യപാനാദികളെക്കൊണ്ട് ദുരിതങ്ങള്‍ ഉണ്ടാകും. ത്വക് രോഗങ്ങള്‍ വരാതെ ശ്രദ്ധിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്ക്കിടവരും. കൂട്ടുബിസിനസ്സുകള്ക്ക് പരാജയം നേരിടും. കളരി, കരാട്ടെ തുടങ്ങിയ കായികാഭ്യാസകലകളില് ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായിരിക്കും. അഗ്നിഭയവും, ദുര്ജ്ജനഭീതിയും ഉണ്ടാകാം.
ധന്വന്തരീക്ഷേത്രദര്ശനവും വിഷ്ണുഭജനവും നടത്തണം. ഭവനത്തില്‍ വിഷ്ണുസഹസ്രനാമജപം പതിവാക്കുകയും വേണം
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സ്ത്രീകള്‍ മുഖാന്തിരം മാനസികക്ലേശങ്ങള്‍ അനുഭവിക്കും. ദാമ്പത്യജീവിതത്തില്‍ വൈരുദ്ധ്യങ്ങളും സ്ത്രീകള്‍ മുഖേനയുള്ള സ്വസ്ഥതക്കേടുകളും ഉണ്ടാകും. വസ്ത്രവ്യാപാരമേഖലയിലുള്ളവര്ക്ക് അനുകൂലസമയമാണ്. തൊഴില്‍ പരമായ നഷ്ടങ്ങളും സ്ഥാനഭ്രംശവും ഉണ്ടാകും. വ്യവസായസ്ഥാപനങ്ങള്‍ സ്വകാര്യാവസ്ഥയിലാകുകയും ഏര്‍പ്പെട്ട കരാറുകള്‍ക്ക് മുടക്കവും ഉണ്ടാകും. നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് മുടക്കവും പല പ്രകാരത്തിലുള്ള അപവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.
ശാസ്താക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തുകയും മഹാവിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി നടത്തുകയും വേണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
വാഹനാദികളില്‍ ഭ്രമം വര്‍ദ്ധിക്കും. മാതൃജനങ്ങള്‍ക്ക് ആപത്തുകള്‍ ഉണ്ടാകും. അയല്‍ക്കാരുമായി സ്നേഹത്തിനില് നില്‍ക്കുമെങ്കിലും അവസാനം മനഃപ്രയാസം അനുഭവിക്കേണ്ടതായി വരും. റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസത്തിനിടവരും. നാഡീഞരമ്പുകള്‍ക്കും ഹൃദയത്തിനും രോഗങ്ങള്‍ ഉണ്ടാകാം. തീരുമാനം ചെയ്ത കാര്യങ്ങള്‍ക്ക് മുടക്കവും ലഭിക്കേണ്ടതായ സാമ്പത്തികം തടസ്സമാകുകയും സഹായികളായി നില്ക്കുന്നവര് വാക്ക് പാലിക്കാതെ വരികയും ചെയ്യും. ദൂരയാത്രകള്‍കൊണ്ട് പ്രയോജനമില്ലാതെ വരികയും ധനനഷ്ടങ്ങള്‍ യാത്രാവേളയില്‍ ഉണ്ടാവുകയും ചെയ്യും.
നിത്യം ശാസ്താക്ഷേത്രദര്ശനം നടത്തുകയും ഭവനത്തില്‍ എള്ളെണ്ണ നിറച്ച് തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുകയും ശിവങ്കല്‍ യഥാശക്തി വഴിപാടുകളും നടത്തണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
സന്താനങ്ങളെക്കൊണ്ട് ദുഃഖം അനുഭവിക്കും. സുഹൃത്തുക്കള്‍ പരസ്പരം പാര വയ്ക്കുന്നവരാകും. ബന്ധുജനങ്ങളുടെ വിരോധവും ഭാര്യാഭര്ത്താക്കന്മാര് പരസ്പരം പിണങ്ങി ജീവിക്കേമ്ടതായ സാഹചര്യവും ഉണ്ടാകും. ലോഹനിര്മ്മാണത്തിലുള്ളവര്ക്ക് അനുകൂല സമയമാണ്. സുഹൃത്തുക്കളില്‍നിന്നും വിപരീത അനുഭവങ്ങള്‍ നേരിടേണ്ടതായി വരും. ക്രയവിക്രയങ്ങളില്‍ സാമ്പത്തികനഷ്ടം ഉണ്ടാകും. ഭൂമിലാഭം ഉണ്ടാകും. സ്ത്രീജനങ്ങള്‍ക്ക് രോഗോപദ്രവങ്ങള് ഉണ്ടാകും.
ശിവഭജനം നടത്തുകയും, ശിവാഷ്ടകം നിത്യം ജപിക്കുകയും വേണം. നവഗ്രഹങ്ങളില്‍ വ്യാഴപ്രീതികരമായ കര്‍മ്മങ്ങള്‍ ചെയ്യണം.
Recent Comments