മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ ഇടവരും. സാമ്പത്തികമായ ഉയര്‍ച്ച ഉണ്ടാകുമെങ്കിലും കുടുംബത്തില്‍ പൊതുവേ സ്വസ്ഥത കുറയും. വിദേശയാത്രകള്‍ വേണ്ടിവന്നേക്കും. ഉദരരോഗങ്ങളും അലര്‍ജി തുടങ്ങിയ രോഗങ്ങളും പിടിപെടാതെ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം വന്നു കൂടാവുന്നതാണ്. അനാവശ്യച്ചെലവുകള്‍ വര്‍ദ്ധിക്കും. വസ്തു വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഉത്സാഹിക്കും. സ്വജനങ്ങളുടെ വേര്‍പാടുകള്‍ തൊഴില്‍പരമായ കാര്യങ്ങളില്‍ തടസ്സം സൃഷ്ടിക്കും. സുഹൃത്തുക്കളുടേതായ അനാവശ്യ ഇടപെടലുകള്‍ കുടുംബസ്വസ്ഥതയെ ഇല്ലാതാക്കും. വിദ്യാഭ്യാസത്തിനായി ദൂരയാത്രകള് വേണ്ടിവരും.
ദോഷപരിഹാരമായി ഗണപതിഹോമം, ഭാഗ്യസൂക്തപുഷ്പാഞ്ജലി, ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, തെറ്റിപ്പൂമാല എന്നിവ നടത്തുക.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
സുഖത്തിനും സംതൃപ്തിക്കും വേണ്ടി പണം ചെലവഴിക്കും. സ്വതന്ത്രമായ തൊഴിലുകളോ, വ്യാപാരങ്ങളോ തുടങ്ങുന്നതിനുവേണ്ടി പരിശ്രമിക്കും. മുന്‍കോപം നിമിത്തം സുഹൃത്തുക്കളുമായി പിണങ്ങേണ്ടതായി വരും. സ്ത്രീകള്‍ക്ക് പൊതുവേ ഈ ആഴ്ച അത്ര നല്ലതായിരിക്കുകയില്ല. മറ്റുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഒഴിവാക്കണം. സന്താനങ്ങളുടെ വിവാഹാദി മംഗള കാര്യങ്ങള്‍ക്ക് ചില്ലറ പ്രതിബന്ധങ്ങള്‍ വന്നുകൂടാം. സ്വജനാരിഷ്ടതകളും സ്ത്രീകള്‍ നിമിത്തമുള്ള അപവാദങ്ങള്‍ക്കും ഇടവരും. പതനഭീതിയും അത്യാഹിതങ്ങളും വന്നുചേരാവുന്ന കാലമാണ്.
ദോഷശമനത്തിനായി ശിവക്ഷേത്രത്തില്‍ ധാര, അര്‍ച്ചന, ദുര്ഗ്ഗാഭഗവതിയിങ്കല് സപ്തശതീ അര്‍ച്ചന, പുഷ്പാഞ്ജലി ഇവ നടത്തുന്നത് ഉത്തമമാണ്.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
വ്യാപാരമേഖലയിലുള്ളവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. ശാസ്ത്രീയവിഷയങ്ങളിലുള്ള ഗവേഷണം നടത്തുന്നവര്‍ക്ക് കാര്യവിജയമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുണ്ട്. പ്രേമവിവാഹങ്ങള്‍ സഫലീകൃതമാകും. സ്വജനങ്ങള്‍ക്ക് ആപത്തുകളും അരിഷ്ടതകളും ആകസ്മികമായി വന്നുകൂടാം. കലാസാഹിത്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഉദരരോഗങ്ങളും ശരീരമനസ്സുകളെ ആവലാതിപ്പെടുത്തും. മാര്‍ഗ്ഗമദ്ധ്യേ സാമ്പത്തികനഷ്ടങ്ങളും, കള്ളന്മാരുടെയും ശത്രുക്കളുടെയും ശല്യം ഉണ്ടാകാനുമിടയുണ്ട്. സ്ത്രീജനങ്ങള്‍ക്ക് ആരോഗ്യം തൃപ്തികരമായിരിക്കുകയില്ല.
ശ്രീകൃഷ്ണസ്വാമി ക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, സര്‍പ്പപ്രീതികരമായ കര്‍മ്മങ്ങള്‍ ഇവയനുഷ്ഠിച്ച് ദോഷശാന്തി വരുത്തേണ്ടതാണ്.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ചാപല്യപൂര്ണ്ണമായ സ്വഭാവംകൊണ്ട് ദൂഷ്പേരുകള് ഉണ്ടാകാനിടയുണ്ട്. കുടുംബ പ്രാരാബ്ധങ്ങള്‍ സ്വയം ഏറ്റെടുക്കേണ്ടതായി വരും. സ്വര്‍ണ്ണ-വസ്ത്ര വ്യാപാരികള്‍ക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പിതൃ-മാതൃസ്ഥാനീയര്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ട് വിഷമതകള്‍ നേരിടും. ലഭിക്കേണ്ടതായ ധനം പറയപ്പെടുന്ന സമയത്ത് ലഭിക്കാതെ വരും. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ വിഷമകരമായ അനുഭവങ്ങള്‍ നേരിടേണ്ടിവരും. ഹൃദയരോഗം, ജീവിതശൈലീരോഗം ഇവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സന്താനങ്ങള്‍ നിമിത്തം സാമ്പത്തികമായ കടബാദ്ധ്യതകള്‍ വന്നുചേരാം. ശത്രുക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കും.
ദുര്ഗാക്ഷേത്രദര്ശനം, കൃഷ്ണസ്വാമിക്ഷേത്രത്തില്‍ പുരുഷസൂക്തപുഷ്പാഞ്ജലി, പാല്‍പ്പായസം ഇവ നടത്തുകയും ഗുരുക്കന്മാരെയും പിതൃക്കളേയും സ്മരിച്ചുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വേണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സന്താനങ്ങളെക്കൊണ്ട് പ്രശസ്തി കൈവരിക്കാനിടവരും. ദീര്‍ഘകാലമായി സന്താനഹീനത അനുഭവിക്കുന്ന ദമ്പതിമാര്‍ക്ക് സന്താനയോഗം പ്രാപ്തമാകും. ശാസ്ത്രസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കാനിടവരും. നെല്‍കൃഷിക്കാര്‍ക്കും റബ്ബര്‍ കര്‍ഷകര്‍ക്കും സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കും. നാല്‍ക്കാലികളില്‍നിന്നും വാഹനങ്ങളില്‍നിന്നും നാശനഷ്ടങ്ങള്ക്കിടവരും. നൂതനമായ വസ്തുവകകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നതിന് മുടക്കം നേരിടും. ഭൃത്യജനങ്ങളില്നിന്നും വഞ്ചനകളനുഭവിക്കാനിടവരും. ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പത്രമാധ്യമപ്രവര്ത്തകര്ക്കും അര്‍ഹമായ അംഗീകാരം ലഭിക്കാനിടവരും.
മലദേവസ്ഥാനങ്ങള് ദര്‍ശനം ചെയ്യുന്നതും പുണ്യതീര്‍ത്ഥസ്നാനം ചെയ്യുന്നതും കഴിവിനനുസരിച്ചുള്ള ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും ശ്രേയസ്സ് വര്‍ദ്ധിക്കാനിടവരും. ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ഭസ്മാഭിഷേകം, മൃത്യുഞ്ജയപുഷ്പാഞ്ജലി ഇവ നടത്തേണ്ടതാണ്.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
നൂതനമായ വസ്തുവകകളും, പുതിയ വാഹനങ്ങളും വാങ്ങാനിടവരും. നഷ്ടപ്പെട്ടുവെന്ന് കരുതിയ കുടുംബ ധനം തിരികെ ലഭിക്കാനിടവരും. ദാമ്പത്യജീവിതത്തില്‍ സൈ്വര്യക്കേടുകള്ക്കും അപമാനങ്ങള്‍ക്കും ഇടവരും. ഉചിതമല്ലാത്ത ബന്ധങ്ങളില്പെട്ട് മനസ്വസ്ഥത കുറയും. പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതായി വരും. വിദേശയാത്രകള്‍ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകൃതമാകും. ഭൂമിപരമായ ഇടപാടുകളില്‍ പരിസരവാസികളുമായി അഭിപ്രായഭിന്നതകള്ക്കിടവരും. സേനാവിഭാഗത്തിലും റവന്യു വിഭാഗത്തിലുമുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ വന്നുചേരും ആകസ്മികമായ സാമ്പത്തികനഷ്ടങ്ങള്‍ വന്നുചേരാനിടയുണ്ട്.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, ദേശദേവീഭജനം, കുടുംബാചാരസ്ഥാനങ്ങളില് യഥായോഗ്യം വഴിപാടുകള്‍ നടത്തുകയും മുടങ്ങിക്കിടന്ന ക്ഷേത്രവഴിപാടുകള്‍ നിര്‍വിഘ്നം നടത്തുകയും വേണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ആത്മാര്‍ത്ഥതയിലും മനോധൈര്യത്തിനുമുള്ള അംഗീകാരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവരുടെ സഹായികളില്‍നിന്നും പ്രതികൂലമായ സാഹചര്യങ്ങള്‍ വന്നുചേരും. വ്യാപാര-വ്യവസായ മേഖലകളില്‍ പ്രതീക്ഷിച്ചിരുന്നതായ ലാഭം ലഭിക്കാതെ വരും. സ്വജനങ്ങളെക്കൊണ്ട് പറയത്തക്ക ഗുണങ്ങളൊന്നും ഉണ്ടാകുകയില്ല. ദാമ്പത്യജീവിതം അത്ര സംതൃപ്തമായിരിക്കുകയില്ല. സ്വന്തം പ്രവര്‍ത്തിയെ ആരും വിമര്‍ശിക്കുന്നത് ഇഷ്ടമാകുകയില്ല. എതിര്‍പ്പുകളേയും പ്രതിബന്ധങ്ങളെയും തൃണവല്‍ഗണിച്ച് സ്വാഭിപ്രായത്തോടെ പ്രവര്‍ത്തിക്കും. വാതകോപവും ശ്വാസകോശസംബന്ധമായ രോഗപീഡകളും ഉപദ്രവിച്ചേക്കും. വിദ്യാഭ്യാസരംഗത്ത് അനുകൂലമായ ഫലം ഉണ്ടായെന്നുവരാം. അനാവശ്യച്ചെലവുകളുണ്ടാകുമെങ്കിലും ധനാഗമവും ബന്ധുഗുണവും ലഭിച്ചെന്നുവരാം.
ദുര്‍ഗാക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പുഷ്പാഞ്ജലി, മാല, വിളക്ക് എന്നിവയും ലളിതാസഹസ്രനാമജപവും ദേവീസൂക്തജപവും നടത്തുന്നത് ശ്രേയസ്കരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ബന്ധുപ്രീതി, ബന്ധുക്കളില്‍നിന്ന് സാമ്പത്തികസഹായം ഇവ വന്നുചേരും. മാനസിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവരില്‍ ആത്മഹത്യാപ്രവണത പ്രകടമാക്കും. അനാഥാലയങ്ങള്‍, സാമ്പത്തികസ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് നിയമചോദ്യങ്ങള്ക്കിടവരും. വൈവാഹികജീവിതത്തില്‍ വിജയം കൈവരിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭ്യമാകും. മുടങ്ങിക്കിടന്ന വ്യാദ്യാഭ്യാസം പുനരാരംഭിക്കും. നാഡീഞരമ്പുകള്‍ക്കും അസ്ഥിക്കും രോഗപീഡകള്‍കൊണ്ട് ക്ലേശം അനുഭവിക്കേണ്ടതായി വരും. ഫാമുകള്‍ നടത്തുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള ധനസഹായം ലഭിക്കും. വീടുകള്‍ മോടിപിടിപ്പിക്കുന്നതിനായി സാമ്പത്തികം ചെലവിടും. സ്വജനാരിഷ്ടതകള് നിമിത്തം മനഃപ്രയാസം അനുഭവിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ ദിവസം അത്ര അനുകൂലമായിരിക്കില്ല.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തില് പഞ്ചാമൃതം, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, അര്‍ച്ചന ഇവ നടത്തി ഭജിക്കണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
മുന്‍കോപവും പിടിവാശിയും മറ്റുള്ളവരുടെ വിരോധങ്ങള്ക്കിടവരുത്തും. നൂതനമായ സുഹൃത്ബന്ധങ്ങള്‍ സാമ്പത്തിക ഇടപാടുകളില്‍ സഹായേമകും. ആരോഗ്യപരമായി അത്ര തൃപ്തികരമായിരിക്കുകയില്ല. കുടുംബാഭിവൃദ്ധിക്കായി വ്രതനിഷ്ഠാദികള് അനുഷ്ഠിക്കാന്‍ പ്രേരിതനാകും. പിതൃധനം നഷ്ടപ്പെടാനിടയുണ്ട്. വാഹനാപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം. നൂതനമായ ഭൂമിസമ്പത്തുകള് വാങ്ങാന്‍ ശ്രമിക്കും. കയര്‍ മേഖലകളിലും മത്സ്യമേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടത്തിനുള്ള അനുകൂലദിവസങ്ങളായിരിക്കും. അലര്‍ജി രോഗങ്ങളെക്കൊണ്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുടങ്ങിക്കിടന്ന സാമ്പത്തികം ലഭിക്കാനിടവരും. കലാകായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്ക്കിടവരും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി, വിഷ്ണുപൂജ, നെയ്വിളക്ക്, തുളസിമാല ഇവയും വിഷ്ണുസഹസ്രനാമജപവും നടത്തുന്നത് ഉത്തമമാണ്.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സ്ഥാനമാറ്റങ്ങളും മനസ്വസ്ഥതക്കുറവുമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ ബുദ്ധിമുട്ടുകളും സാമ്പത്തികക്ലേശവും അനുഭവപ്പെടും. ഗൃഹനിര്മ്മാണാദികള് സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടതായി വരും. ഊഹക്കച്ചവടങ്ങളിലും ഷെയര്‍മാര്‍ക്കറ്റിലും നേരിയ പുരോഗതി പ്രതീക്ഷിക്കാം. സന്താനങ്ങളുടെ തൊഴില്‍പരമായും വിദ്യാഭ്യാസപരമായും വിവാഹപരമായും സാമ്പത്തികച്ചെലവുകള്‍ വന്നുചേരും. സഹോദരാദികള് നിമിത്തം ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരാം. ഭൂമിപരമായ വ്യവഹാരങ്ങളില്‍ മനോദുഃഖം അനുഭവിക്കും. ദൈവികകാര്യങ്ങള്‍ക്കായി ധാരാളം സാമ്പത്തികം ചെലവഴിക്കുമെങ്കിലും നിരാശ അനുഭവപ്പെടും.
പരിഹാരമായി ഹനുമാന്സ്വാമിക്ഷേത്രത്തില് വടമാല, അഷ്ടോത്തരാര്‍ച്ചന, അവല് നിവേദ്യം, ശിവക്ഷേത്രത്തില്‍ രുദ്രസൂക്ത പുഷ്പാഞ്ജലി ഇവയും നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
അസാമാന്യമായ കര്‍മ്മകുശലതയും ബുദ്ധിവൈഭവം കൊണ്ടും മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും. നിഷ്പക്ഷമായ അഭിപ്രായപ്രകടനം കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്ക്കിടവരുത്തും. അദ്ധ്യാപകവൃത്തി അഭിഭാഷകര്‍ എന്നിവര്‍ക്ക് അനുകൂലസാഹചര്യമായിരിക്കും. മൂടിവയ്ക്കപ്പെട്ട സാമ്പത്തിക ഏര്‍പ്പാടുകള്‍ നിയമ ചോദ്യങ്ങള്‍ക്ക് വിധേയമാകും. ബാങ്കിംഗ് മേഖലയ്ക്ക് ഈ കാലം അനുകൂലമായിരിക്കും. അനാവശ്യയാത്രകള്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കും എന്നതിനാല്‍ അതൊഴിവാക്കണം. ശാരീരിക അസ്വസ്ഥതകളുണ്ടാകാതെ ശ്രദ്ധിക്കണം. അശ്രദ്ധമായ ജീവിതശൈലി കുടുംബത്തില്‍ പൊതുവെ സ്വസ്ഥതക്കുറവിനിടവരുത്തും. ശത്രുക്കളുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കും. സഹായികളില്‍നിന്നും, സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്ത്രീജനങ്ങളുമായി ബന്ധപ്പെട്ട അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വരും. സാമ്പത്തിക സ്ഥിരനിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ കുറയും.
ശാസ്താക്ഷേത്രത്തില്‍, നീരാജനം, അര്‍ച്ചന, ശംഖുപുഷ്പം കൊണ്ടുള്ള മാല, മലദേവസ്ഥാനങ്ങളില് ദര്‍ശനം ചെയ്ത് യഥായോഗ്യം നേര്‍ച്ചകള്‍ നടത്തുന്നതും ശ്രേയസ്കരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ജലസമ്പത്തു കൊണ്ട് നേട്ടവും അതിനാല്‍ പുരോഗതിയും പ്രാപിക്കും. വാഹനാദികളില്നിന്നും നേട്ടം പ്രതീക്ഷിക്കാം. ഗൃഹനിര്മ്മാണാദികള് പുരോഗമിക്കും. ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ക്ലേശങ്ങള്ക്കിടവരും. സ്വജനവിയോഗം, മാനസികക്ലേശങ്ങള്ക്കിടവരുത്തും, വിദേശയാത്രകള്‍ സഫലീകൃതമാകും. സഹോദരാദികള്‍ക്ക് രോഗപീഡകളും, സാമ്പത്തികക്ലേശവും അനുഭവപ്പെടും. പുണ്യകര്‍മ്മങ്ങള്‍ക്കായി സാമ്പത്തികം വിനിയോഗിക്കും. നൂതനമായ തൊഴില്‍രംഗങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കും. സാമ്പത്തിക ഇടപാടുകളില്‍ ബന്ധജനങ്ങളുമായി അഭിപ്രായഭിന്നതകള്‍ വന്നുചേരാം. കളത്ര ഭര്തൃജനങ്ങള്ക്ക് രോഗപീഡകള്‍ അനുഭവപ്പെടും. അധികാരസ്ഥാനത്തുള്ളവര്‍ സ്ഥാനമാനങ്ങള്‍ക്കായി മത്സരിക്കും. നെല്ല്, പച്ചക്കറി തുടങ്ങിയ കൃഷിക്കാര്‍ക്ക് അത്ര പ്രതീക്ഷിച്ച നേട്ടം ലഭിക്കുകയില്ല. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ബുധന്‍, ശനി ഈ ദിവസങ്ങള്‍ ഈ കൂറുകാര്‍ക്ക് അത്ര അനുകൂലമായിരിക്കില്ല.
പരിഹാരമായി വിഷ്ണുസഹസ്രനാമജപം, വിഷുപൂജ ഇവ നടത്തുകയും വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി, പാല്‍പ്പായസം ഇവ നടത്തുകയും വേണം.
Recent Comments