മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
സ്ഥാനക്കയറ്റം, ബന്ധുഗുണം, അധികാരപ്രാപ്തി, ധനകുടുംബാഭിവൃദ്ധി, ശത്രുജയം, വ്യവഹാരാദികളില്‍ ജയം എന്നിവ ഉണ്ടാകുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കേണ്ടതായി വരും. സുഹൃത്തുക്കളുമായുള്ള ഇടപാടുകള്‍ അത്ര ഗുണകരമായിരിക്കുകയില്ല. കൊടുക്കല്‍ വാങ്ങലുകള്‍ പരമാവധി ഒഴിവാക്കണം. നേത്രരോഗം, പിത്താദികളെക്കൊണ്ടുള്ള രോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. ഭൂമിപരമായി പരിസരവാസികളുമായി ശത്രുതയ്ക്കിടവരും. മുന്‍കൂട്ടി നിശ്ചയിച്ച യാത്രകള്‍ക്ക് തടസ്സം നേരിടാം.
പരിഹാരമായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട, ഇവയും, ദേവീസൂക്തപുഷ്പാഞ്ജലിയും നടത്തുകയും, ലളിതാസഹസ്രനാമം ജപിക്കുകയും വേണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
കൂടുതല്‍ അലച്ചിലും സ്വജനവിരോധവും ഉണ്ടാകാനിടയുണ്ട്. വിദേശയാത്രകള്‍ പ്രതീക്ഷിച്ചിരിക്കുന്നവരുടെ ആഗ്രഹം സഫലമാകും. മേലധികാരികളുമായി അപ്രീതിക്ക് ഇടവരും. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാലമാണ്. തൊഴില്‍ മേഖലയില്‍ കീര്‍ത്തി സമ്പാദിക്കും. വിരഹദുഃഖം വന്നുചേരുകയും, ജീവിതശൈലീരോഗങ്ങള്‍ വന്നുചേരുകയും ചെയ്യും. പ്രേമവിവാഹം പരാജയപ്പെടാന്‍ സാഹചര്യം ഉണ്ടാകും. അലര്‍ജി, ത്വക് രോഗങ്ങള്‍ ഇവ വന്നുകൂടാനിടയുണ്ട്.
സര്‍പ്പക്ഷേത്രത്തില്‍ പാല്‍പ്പായസവും, ഹോമവും സര്പ്പസൂക്താര്ച്ചനയും ധാരയും നടത്തുകയും, വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചനയും, നെയ്വിളക്കും ദോഷപരിഹാരമായി നടത്തണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
കര്മ്മവ്യാപാരമേഖലകളില് നേരിയ പുരോഗതി ഉണ്ടാകും. കുടുംബാരിഷ്ടതകളെക്കൊണ്ട്, അനാവശ്യ ചെലവുകള്‍ വന്നുചേരും. തൊഴിലില്‍ സ്ഥാനമാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അധികാരികളുടെ അനുകൂലമായ സമീപനം തൊഴിലില്‍ ഉയര്‍ച്ച ഉണ്ടാകാനിടവരും. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ അപ്രതീക്ഷിതമായി വന്നുചേരാം. കലാസാഹിത്യരംഗങ്ങളില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലമാണ്. ജ്യേഷ്ഠസന്താനത്തെക്കൊണ്ട് മനോദുഃഖം അനുഭവിക്കാനിടയുണ്ട്. നഷ്ടപ്പെട്ടു എന്ന് കരുതിയ ധനം തിരികെ വന്നുചേരാനുള്ള സാഹചര്യമുണ്ടാകും.
ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം എന്നിവ പതിവായി ചെയ്യണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
തൊഴില്‍പരമായും, സാമ്പത്തികപരമായും മെച്ചപ്പെട്ട കാലമായി കരുതാം. പൊതുവേ ഗുണദോഷ സമ്മിശ്രമായ കാലമാണ്. കൃഷി നാല്‍ക്കാലികളില്‍നിന്ന് ആദായം ഉണ്ടാകുന്നതാണ്. വ്യവഹാരാദികളില്‍ ജയം ഉണ്ടായെന്നു വരാം. കുടുംബസുഖവും ധനാഗമവും ഉണ്ടാകും. ശത്രുക്കള്‍ നിമിത്തം കാര്യതടസ്സങ്ങള്‍ വന്നുചേരാം. അപ്രതീക്ഷിതമായ നാശനഷ്ടങ്ങളുണ്ടായെന്നുവരാം. തൊഴില്‍പരമായി ദൂരയാത്രകള് വേണ്ടിവരും. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നതകളുണ്ടാകും. പകര്‍ച്ചവ്യാധികള്‍ പിടിപെടാം. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ്.
ദോഷശാന്തിക്കായി ദേവീമാഹാത്മ്യപാരായണം, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ പതിവാക്കണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
സ്വജനവിയോഗം നിമിത്തം മനഃക്ലേശവും, തൊഴില്‍പരമായി സ്ഥാനചലനവും ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വന്നുചേരും. മനഃസമാധാനം പൊതുവെ കുറവായിരിക്കും. അനാവശ്യവിവാദങ്ങളില്‍ ചെന്നുപെടും. മേലധികാരികളുടെ പ്രീതിയുണ്ടാകും. സ്വജനങ്ങളുമായി വിവാദങ്ങളിലേര്പ്പെടും. സന്താനങ്ങള്‍ക്ക് രോഗപീഡകള്‍ പിടിപെടാം. കോടതിവ്യവഹാരങ്ങള്‍ അനുകൂലമായിത്തീരും. പൊതുപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയപരമായി അത്ര നന്നല്ല. ദേവകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വിവാദങ്ങളില്‍ ചെന്നുപെടാം.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, മൃത്യുഞ്ജയ പുഷ്പാഞ്ജലി, ശിവസഹസ്രനാമജപം ഇവ നടത്തിക്കൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
വിദേശയാത്രകള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും. വാഹനാദി ഉത്തമഗുണങ്ങള്‍ പ്രാപ്തമാക്കും. ഗൃഹനിര്‍മ്മാണാദികള്‍ക്ക് ശ്രമിക്കും. സംസാരങ്ങളെക്കൊണ്ട് പരസ്പരവിരോധങ്ങള്ക്കിടവരും. കളത്ര ഭര്ത്തൃജനങ്ങള്ക്ക് ആകസ്മികമായ രോഗപീഡകള്‍ വന്നുചേരാം. സഹോദരാദികള് നിമിത്തം മനഃക്ലേശം അനുഭവിക്കും. പിതൃധനം ലഭിക്കുകയും ദാനമായി കിട്ടിയ ഭൂസ്വത്തുക്കള്‍ നിമിത്തം വ്യവഹാരാദികള്‍ വന്നുകൂടുകയും ചെയ്യും. ബന്ധുസമാഗമം, സാമ്പത്തികനേട്ടം ഇവയുണ്ടാകും.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, മൃത്യുഞ്ജയ പുഷ്പാഞ്ജലി, ശിവസഹസ്രനാമജപം ഇവ നടത്തിക്കൊള്ളണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
സ്വജനങ്ങളില്‍നിന്ന് സഹായം ലഭിക്കുകയും, പുതിയ കര്‍മ്മങ്ങള്‍ക്ക് പരിശ്രമിക്കുകയും ചെയ്യും. കുടുംബത്തില്‍ പൊതുവെ സ്വസ്ഥത കുറയുകയും, പരസ്പര കലഹങ്ങള്ക്കിടവരികയും ചെയ്യും. രക്തദൂഷ്യം കൊണ്ടുള്ള രോഗങ്ങളും, ജീവിത ശൈലീരോഗങ്ങളും പിടിപെടാം. ക്രയവിക്രയാദികള്‍ കൊണ്ട് പൂര്‍ണ്ണവിജയം സാധിച്ചെന്നു വരികയില്ല. സഹോദരാദികളില്നിന്ന് സഹായം ലഭിക്കും. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ട് ചെയ്യുന്ന കാര്യങ്ങള്‍ നിരാശാജകമായിരിക്കും. ദേവപ്രീതിക്കായി ധാരാളം സാമ്പത്തികം ചെലവഴിക്കുമെങ്കിലും ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടായെന്നുവരില്ല.
ദോഷശാന്തിക്കായി ദുര്ഗാക്ഷേത്രഭജനം, ലളിതാസഹസ്രനാമജപം, ദേവീഭാഗവതം പാരായണം എന്നിവ പതിവായി ചെയ്തുകൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
മേലധികാരികളുടെ അപ്രീതിക്ക് ഇടവരാം. നഷ്ടപ്പെട്ടു എന്നു കരുതുന്നതായ ധനം തിരികെ ലഭിക്കാം. സന്താനങ്ങളുടെ തൊഴിലിനും, വിദ്യാഭ്യാസത്തിനുമായി ധാരാളം ധനം ആവശ്യമായി വരും. സാമ്പത്തികത്തിനുവേണ്ടി ഭൂമി ധനങ്ങള്‍ കടപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉദ്ദേശിച്ചതായ ഫലപ്രാപ്തി ഉണ്ടാകുകയില്ല. സ്വര്‍ണ്ണവ്യാപാരം, വസ്ത്രവ്യാപാരം എന്നീ മേഖലകളില്‍ നേരിയ പുരോഗതി ഉണ്ടാകും. ദാമ്പത്യജീവിതത്തില്‍ സൈ്വര്യക്കേടുകള്‍ ഉണ്ടാകാം. വാഹനപരമായ കഷ്ടനഷ്ടങ്ങള്ക്കിടവരും.
ദോഷപരിഹാരമായി സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തില് പഞ്ചാമൃതം, അഭിഷേകം, അര്‍ച്ചന, നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവ നടത്തിക്കൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
സഹോദരങ്ങള്‍ക്കുവേണ്ടി സാമ്പത്തിക സഹായം ചെയ്യേണ്ടതായി വരും. ഗൃഹം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. വാഹനപരമായ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭൂമിസമ്പത്തുകള് ക്രയവിക്രയം ചെയ്യുന്ന കാര്യങ്ങളില്‍ കുടുംബജനങ്ങള്‍ നമ്മില്‍ അഭിപ്രായഭിന്നതകളുണ്ടാകാം. നാല്ക്കാലിനാശങ്ങള്ക്കിടവരും. പൂര്വ്വികസമ്പത്തുകള് ചെലവഴിക്കേണ്ടതായ സാഹചര്യം ഉണ്ടാകും. വിദ്യാപരമായും, തൊഴില്‍പരമായും മാന്ദ്യത നേരിടും. ദാമ്പത്യജീവിതത്തില്‍ അപവാദങ്ങള്ക്കിടവരാം. നാഡീഞരമ്പുകളില്‍ ബാധിക്കുന്ന രോഗങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍ ഇവകൊണ്ട് ക്ലേശങ്ങള്‍ അനുഭവിക്കും. മത്സ്യമേഖലയിലും, കുടില്‍ വ്യവസായങ്ങള്‍ക്കും ഈ ദിവസം അത്ര നല്ലതല്ല.
കാലദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി, വിഷ്ണുപൂജ, ഗണപതിഹോമം ഇവ നടത്തിക്കൊള്ളണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. തൊഴിലില്‍ സ്ഥാനഭ്രംശം വന്നുകൂടും. വ്യാപാരങ്ങള്‍ക്കായി ദൂരയാത്രകള് ചെയ്യേണ്ടതായി വരും. സന്താനങ്ങള്‍ക്ക് രോഗപീഡകളും വാഹനപരമായ അപകടങ്ങളും, ഉണ്ടായെന്നുവരാം. സഹായികള്‍ നിമിത്തം വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിദേശത്ത് പോയവര്‍ മടങ്ങിവരും. പരിസരവാസികളുമായി കൂടുതല്‍ സൗഹൃദം നിലനിര്‍ത്താന്‍ ശ്രമിക്കും. കോടതിജോലികള്, പൊതുപ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലസാഹചര്യമായിരിക്കുകയില്ല. ദൈവികകാര്യങ്ങള്‍ക്കായി സമയവും, സമ്പത്തും ചെലവഴിക്കും.
ദോഷപരിഹാരമായി ഹനുമാന്സ്വാമീക്ഷേത്രത്തില് നെയ്വിളക്ക്, വെറ്റിലമാല, അഷ്ടോത്തരാര്‍ച്ചന ഇവയും ശാസ്താവിന് നീരാജനവും നടത്തണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
സഹോദരങ്ങളില്‍നിന്ന് സാമ്പത്തികസഹായം ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കുന്നതിനായി സഹായം ലഭിക്കും. ചില കാര്യങ്ങളിലെ കാര്ക്കശ്യബുദ്ധി സൈ്വര്യക്കേടുകള്ക്കിടവരുത്തും. ധനദുര്‍വ്യയം നിമിത്തം അരക്ഷിതാവസ്ഥ വന്നുകൂടും. ബിസിനസ് മേഖലയില്‍ നേരിയ പുരോഗതി ഉണ്ടാകും. വാഹനാദികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണ്. മാതൃജനങ്ങള്‍ക്ക് ആപത്തുകളും, രോഗപീഡകളും വന്നുചേരാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായി വിദേശയാത്രകള്‍ ചെയ്യേണ്ടതായി വരും. ഗൃഹനിര്മ്മാണത്തിനുവേണ്ടി ഭൂമി വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍നിന്ന് ആനുകൂല്യം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സംഘടനയില്‍നിന്നുള്ള എതിര്‍പ്പുകള്‍ നേരിടേണ്ടതായി വരും. മദ്യവ്യവസായികള്‍ക്ക് അനുകൂലസാഹചര്യങ്ങളുണ്ടാകും.
ദോഷശാന്തിക്കായി ശാസ്താവിന് അര്‍ച്ചന, ശംഖുപുഷ്പംകൊണ്ടുള്ള മാല, എള്ളുതിരി കത്തിക്കുക ഇവ പതിവായി ചെയ്യുകയും, ദേശദേവതയെ നിത്യവും, ദര്‍ശിക്കുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ജലവിഭാഗങ്ങള്കൊണ്ട് സാമ്പത്തിക നേട്ടമുണ്ടാകും. തൊഴില്‍മേഖലയില്‍ പുതിയ സംരംഭങ്ങള്‍ കണ്ടെത്തും. പണമിടപാടുകള്‍ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്ക്കിടയാകും. സ്ത്രീസന്താനം നിമിത്തം മനഃക്ലേശങ്ങള്ക്കിടവരും. ബന്ധുജനങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച് നടത്തിക്കൊള്ളണം. കേരകര്‍ഷകര്‍ക്കും, റബ്ബര്‍മേഖലയില്‍ പൊതുവെ അനുകൂലമായ നേട്ടങ്ങളുണ്ടാകും. പിതൃകര്‍മ്മങ്ങള്‍ ചെയ്യേണ്ടതായി വരും. അപ്രതീക്ഷിതമായി വന്നു കൂടുന്ന കാര്യങ്ങളെക്കൊണ്ട് സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിക്കും. സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ്. ശസ്ത്രക്രിയാദികളെക്കൊണ്ട് ക്ലേശം അനുഭവിക്കേണ്ടതായി വരും.
ദോഷപരിഹാരമായി ദുര്ഗാക്ഷേത്രദര്ശനം, സപ്തശതീ അര്‍ച്ചന, മുല്ലപ്പൂമാല, നെയ്വിളക്ക്, ദേവീ ഭാഗവതപാരായണം ഇവ നടത്തിക്കൊള്ളണം.
Recent Comments