മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു പദ്മരാജന്. സിനിമകള്‍ കൊണ്ടും സാഹിത്യ രചനകള്‍ കൊണ്ടും എണ്ണമറ്റ സംഭാവനകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. പദ്മരാജന്റെ രാഷ്ട്രീയത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് മകന് അനന്തപദ്മനാഭന്. ഒപ്പം പദ്മരാജന് മരിച്ചപ്പോള്‍ ഗവര്‍ണര്‍ ഒഴിച്ച് മറ്റാരും അനുശോചിച്ചില്ല എന്നും അനന്തപദ്മനാഭന് പറയുന്നു.
‘പലപ്പോഴും ആളുകള്‍ എന്നോട് പദ്മരാജന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കാറുണ്ട്. അച്ഛന് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ നിന്ന ആളല്ല. പക്ഷേ എല്ലാ പാര്‍ട്ടികളില്‍നിന്നും തിരസ്കാരം നേടേണ്ടി വന്നിട്ടുണ്ട്. അച്ഛന് മരിച്ചതിന്റെ പിറ്റേ ദിവസം പത്രങ്ങളില്‍ ഒരേയൊരു അനുശോചനം മാത്രമാണ് പത്രങ്ങളില്‍ വന്നത്. അന്നത്തെ ഗവര്‍ണര്‍ രാച്ചയ്യയുടെ അനുശോചനം. മുഖ്യമന്ത്രി അനുശോചിച്ചില്ല. സാംസ്കാരിക മന്ത്രി അനുശോചിച്ചില്ല. ആരുമല്ലാത്തവര്‍ മരിക്കുമ്പോള്‍പോലും ഇന്ന് വെടി പൊട്ടിക്കലുമൊക്കെയുണ്ട്. അത് നല്ലത് തന്നെയാണ്. കലാകാരന്മാരെ അങ്ങനെ ബഹുമാനിക്കണം എന്നാണ് ഞാന്‍ പറയുന്നത്. പക്ഷേ അച്ഛന് ഒരിക്കലും അത് ഉണ്ടായിട്ടില്ല’ അനന്തപദ്മനാഭന് തുടര്‍ന്നു
‘അതിന് ഒരു കാരണം രാഷ്ട്രീയ ചായ്വ് പ്രകടിപ്പിക്കാത്തതാണ്. ചിലപ്പോഴെങ്കിലും നല്ല രാഷ്ട്രീയ അവബോധമുള്ളവര്‍ അരാഷ്ട്രീയവാദിയായി പോകാറുണ്ട്. അച്ഛന് അനുഭാവമുണ്ടായിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടായിരുന്നു. അനുഭാവം മാത്രമാണ്, ഒരിക്കലും അംഗമായിരുന്നില്ല. സിപിഐയോട് ആയിരുന്നു അടുപ്പം. അച്യുതമേനോനായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്. അച്ഛന് ഏറ്റവും കൂടുതല്‍ എഴുതിയിരുന്നത് ജനയുഗത്തിലായിരുന്നു. അച്ഛന് പക്ഷേ ആ ഇടതുപക്ഷ അടുപ്പം പ്രകടമാക്കിയില്ല. എനിക്ക് തോന്നുന്നത് അടിയന്തരാവസ്ഥ അച്ഛനെ വല്ലാതെ ഉലച്ചു എന്നാണ്. അത് ഒരു വലിയ സ്വപ്ന ഭംഗമായിരുന്നു. സി.പി.ഐ കൂടെ നില്‍ക്കുമെന്ന് അച്ഛന് പ്രതീക്ഷിച്ചില്ല.’
‘പലരും ചോദിച്ചിട്ടുണ്ട്, കോണ്‍ഗ്രസ് കുടുംബമാണോ എന്ന്. എല്ലാ പാര്‍ട്ടിക്കാരുമുള്ള ഒരു വിശാല കുടുംബമായിരുന്നു അച്ഛന്റേത്. പക്ഷേ അച്ഛന് ആരോടും ചേര്‍ന്ന് നിന്നിട്ടില്ല. അങ്ങനെ തെറ്റിദ്ധരിക്കപ്പെടാന്‍ ഒരു കാരണം 87-ല്‍ നടന്ന മനുഷ്യചങ്ങലയില്‍ വിളിച്ചപ്പോള്‍ അച്ഛന് പോയില്ല എന്നതാവാം. അന്ന് അച്ഛന് സ്ഥലത്തില്ലായിരുന്നു, ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കുമെന്ന് തോന്നുന്നില്ല. അതായിരിക്കും ഒരു അനുശോചനം പോലും ഇല്ലാതെ അച്ഛന്റെ മരണം കടന്നുപോയതിന് കാരണം.’
‘അച്ഛനെ ചിലര്‍ സവര്‍ണ്ണ ഹൈന്ദവന് എന്ന് പറയാറുണ്ട്. അച്ഛന് ഒരിക്കലും അങ്ങനെയായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍, ഒരിടത്ത് ഒരു ഫയല്‍വാനില്‍ റഷീദിനെയോ കൂടെവിടെയില്‍ റഹ്മാനെയോ അദ്ദേഹം കാസ്റ്റ് ചെയ്യുമായിരുന്നില്ല. വല്ല നായര്‍ പയ്യന്മാരെ ആയിരിക്കും കാസ്റ്റ് ചെയ്യുന്നത്. അങ്ങനെ അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. 90-ല്‍ ആദ്യത്തെ രഥയാത്രയുടെ കമന്ററി വരുമ്പോള്‍ അച്ഛന് അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത് അപകടം പിടിച്ച പോക്കാണ് എന്നാണ് പറഞ്ഞത്. വളരെ സെക്കുലര്‍ മനോഭാവമായിരുന്നു, പക്ഷേ അത് തിരിച്ചറിയപ്പെട്ടില്ല. കൃത്യമായ രാഷ്ട്രീയം അച്ഛനുണ്ടായിരുന്നു. അച്ഛന് വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഒന്നിനോടും ചേര്‍ന്ന് നില്‍ക്കാതിരുന്നത്.’ അനന്തപദ്മനാഭന് പറഞ്ഞു.
Recent Comments