കേരളത്തിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുക 2026 ലാണ്. അതിനുമുമ്പ് ത്രിതല പഞ്ചായത്തുകളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കും. പത്തുവർഷമായി കേരളത്തിൽ എൽഡിഎഫാണ് ഭരണം നടത്തുന്നത്. 2016 ലാണ് ആദ്യമായി പിണറായി സർക്കാർ വന്നത്. 2021 ൽ തുടർച്ചയായി രണ്ടാം തവണയും പിണറായി അധികാരത്തിലെത്തി. മൂന്നാം തവണയും അധികാരത്തിലെത്താനാണ് എൽഡിഎഫിന്റെ ഇപ്പോഴത്തെ ശ്രമം. എന്നാൽ സർക്കാർ വിരുദ്ധ തരംഗം ഉള്ളതിനാൽ എൽഡിഎഫിനു തിരിച്ചു വരാൻ കഴിയില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. യുഡിഎഫിന് അധികാരം കിട്ടിയാൽ കോൺഗ്രസിലെ ഒരാൾ മുഖ്യമന്ത്രിയാകും. മുസ്ലിം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കോൺഗ്രസിലിപ്പോൾ മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന ഏഴ് നേതാക്കളുണ്ട്. അതിൽ അഞ്ചു പേർ നായർ സമുദായ അംഗമാണ്. രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സി വേണുഗോപാൽ, ശശി തരൂർ, കെ മുരളീധരൻ എന്നിവരാണവർ. കെ മുരളീധരൻ മാരാർ സമുദായാംഗമാണെങ്കിലും നായർ സമുദായത്തിലാണ് പരിഗണിക്കുന്നത്. ഈഴവനായ കെ സുധാകരനും മുസ്ലീമായ എം എം ഹസ്സനും മുഖ്യമന്ത്രി പദം മോഹിക്കുന്നവരാണ്.
കോൺഗ്രസിന് അധികാരം കിട്ടിയാൽ നായർ സമുദായാംഗങ്ങൾക്കാണ് മുഖ്യമന്ത്രിയാവാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. നായർ സമുദായ സംഘടനയായ എൻഎസ്എസിന്റെ പിന്തുണ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കാണ്. അദ്ദേഹത്തിനു എസ്എന്ഡിപിയുടെയും വെള്ളാപ്പള്ളിയുടെയും പിന്തുണയുണ്ട്. അതേസമയം കോൺഗ്രസ് ഹൈക്കമാന്റിന്റെ പിന്തുണ ലഭിക്കുക കെസി വേണുഗോപാലിനാണ്. വിശ്വ പൗര നായരായ ശശി തരൂരിന് കേരളത്തിലെ കോൺഗ്രസുകാരുടെ പിന്തുണ കിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കോൺഗ്രസിൽ ശക്തനാണെങ്കിലും നായർ, ഈഴവ സമുദായങ്ങളുടെ പിന്തുണയില്ല. കെ മുരളീധരൻ കേരളത്തിലെ കോൺഗ്രസിൽ ശക്തനാണ്. പക്ഷെ എത്രമാത്രം പിന്തുണ കിട്ടുമെന്ന് പറയാൻ കഴിയില്ല.
നായർ സമുദായത്തിൽ നിന്നുള്ളവരെ മുഖ്യമന്ത്രിയായി പരിഗണിക്കുന്ന വിവരം പ്രചാരണത്തിൽ വരുന്നതോടെ ഹരിയാന നിയമസഭയിൽ സംഭവിച്ച പോലെ തിരിച്ചടി കോൺഗ്രസിനു സംഭവിക്കുമോ എന്ന് വിലയിരുത്തുന്നവരുമുണ്ട്. ഹരിയാനയിൽ ജാട്ട് സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് തന്ത്രം. അപ്പോൾ ബിജെപിയുടെ മറുതന്ത്രം 34 പ്ലസ് ഒന്ന് എന്നായിരുന്നു. മുപ്പത്തിനാല് ജാതികൾ ബിജെപിക്കൊപ്പവും ജാട്ട് സമുദായം കോൺഗ്രസിനോടൊപ്പവും. ഫലം വന്നപ്പോൾ വിജയ പ്രതീക്ഷയുണ്ടായിരുന്നു ഹരിയാന കോൺഗ്രസിനെ കൈവിട്ടു. ആ അവസ്ഥ കേരളത്തിലുണ്ടാവുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ ഹരിയാനയിലെ പോലെ അധികാരത്തിൽ വരിക ബിജെപി യായിരിക്കില്ല. എൽഡിഎഫ് ആയിരിക്കും.
Recent Comments