ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട അല്ലെങ്കില്‍ ഏറെ സ്വാധീനിച്ച ഗാനം ഒരു സംശയവുമില്ല, അത് വടക്കുംനാഥനിലെ ‘ഗംഗേ…’ എന്ന് തുടങ്ങുന്ന ഗാനംതന്നെയാണ്.
ഗിരീഷ് പുത്തഞ്ചേരി ഹൃദയം തൊട്ടെഴുതിയ വരികള്‍. രവീന്ദ്രന് മാസ്റ്ററുടെ ആത്മവിശുദ്ധിപുരണ്ട സംഗീതം. ദാസേട്ടന്റെ സ്വര്ഗ്ഗീയാലാപനം. ഇവയുടെ ഒത്തുചേരലാണ് ആ ഗാനം.
ആ ഗാനം കംപോസ് ചെയ്യുന്ന വേളയില്‍ ഒരു കാര്യം മാത്രമേ ഞാന്‍ രവീന്ദ്രന്മാസ്റ്ററോട് ആവശ്യപ്പെട്ടിരുന്നുള്ളൂ.
‘വടക്കുംനാഥനില്‍ ഏറ്റവും മനോഹരമായി വിഷ്വലൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഗാനമാണ്.’
അതറിഞ്ഞുതന്നെയാണ് രവീന്ദ്രന്മാസ്റ്ററും സംഗീതം നല്‍കിയിരിക്കുന്നത്. അത്രയും സ്ട്രെയിന്‍ അദ്ദേഹം അതിനുവേണ്ടി എടുത്തിരുന്നു.
എന്നിട്ടും അദ്ദേഹത്തിന് നല്കിയ വാക്കുകള്‍ എനിക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതൊരു വേദനയായി ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
ഇനിയൊരുപക്ഷേ സിനിമയുടെ ചരിത്രത്തില്‍തന്നെ ഒരു ഷോട്ടുപോലും പകര്‍ത്താതെ സൃഷ്ടിച്ച ഗാനരംഗമാണത്.
വടക്കുന്നാഥന്റെ ആദ്യ ഷെഡ്യൂള്‍ ഹരിദ്വാറിലും ഋഷികേശിലും വച്ചായിരുന്നു. ഞങ്ങള്‍ ലൊക്കേഷനിലെത്തിയശേഷവും യൂണിറ്റംഗങ്ങള്‍ വരാനോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ ഷൂട്ടിംഗ് വൈകുമ്പോള്‍ ആകെ ചെയ്യാനുണ്ടായിരുന്നത് ഒരു ഷോട്ട് രണ്ട് റെയ്ഞ്ചുകളില്‍ പകര്‍ത്തുക എന്നതായിരുന്നു. സത്യത്തില്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്നിട്ടും ചെയ്തു. ആ ഷോട്ടിലൊക്കെ അഭിനയിച്ചിരുന്നത് ലാലേട്ടന് മാത്രമാണ്.
ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ നാട്ടിലെത്തി. കാസര്‍ഗോഡും കാഞ്ഞങ്ങാടുമായിരുന്നു പിന്നീടുള്ള ലൊക്കേഷനുകള്‍. സെക്കന്റ് ഷെഡ്യൂളോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകേണ്ടതായിരുന്നു. പക്ഷേ പല കാരണങ്ങള്‍കൊണ്ടും അത് നീണ്ടു. ആറ് ഷെഡ്യൂളുകള്വരെയായി. ഇതിനിടയില്‍ രവീന്ദ്രന്മാസ്റ്ററും വിടപറഞ്ഞുപോയി.
ഷൂട്ടിംഗ് പൂര്‍ത്തിയായെങ്കിലും ആ പാട്ടുസീന്മാത്രം അവശേഷിച്ചു. അത് ഷൂട്ട് ചെയ്യാന്‍ പല ശ്രമങ്ങളും നടത്തി. ഏറ്റവും ഒടുവില്‍ ലാലേട്ടന് അഭിനയിച്ച രസതന്ത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനില്വരെ പോയി. പക്ഷേ വിചിത്രമായ പല കാരണങ്ങള്‍കൊണ്ടും അത് നടന്നില്ല. നിര്‍മ്മാതാവും വിതരണക്കാരും വിഷമഘട്ടത്തിലായി. ഒടുവില്‍ ദുഃഖത്തോടെ ഞാന്‍ തിരിച്ചറിയുകയായിരുന്നു, ആ പാട്ടിനി ഷൂട്ട് ചെയ്യാനാകില്ലെന്ന്. രവീന്ദ്രന്മാസ്റ്ററിന് കൊടുത്ത വാക്ക് എനിക്ക് പാലിക്കാനായില്ലല്ലോ എന്ന ദുഃഖം വേറെയും.
അത് പങ്കുവയ്ക്കാന്കൂടിയാണ് മദ്രാസിലുള്ള രവീന്ദ്രന്‍മാസ്റ്ററുടെ വീട്ടില്‍ ഞാന്‍ എത്തിയത്. ഭാര്യ ശോഭചേച്ചിയോട് കാര്യങ്ങളെല്ലാം പറഞ്ഞു. ചേച്ചി എന്നെ ആശ്വസിപ്പിച്ചു. ഗാനരംഗം ഷൂട്ട് ചെയ്യാനായില്ലെങ്കിലും പടം ഹിറ്റാകുമെന്ന് ചേച്ചി പറഞ്ഞു. രവിയേട്ടന്റെ അനുഗ്രഹങ്ങളുണ്ടാകുമെന്നും.
തിരിച്ചുവന്നതിനുശേഷവും സമാധാനമുണ്ടായില്ല. മനസ്സ് നിറയെ ആ പാട്ട് എങ്ങനെ ഉള്‍പ്പെടുത്താം എന്ന ചിന്തയിലായിരുന്നു.
ആ പാട്ട് സീനിനായി ആകെ ഷൂട്ട് ചെയ്തത് രണ്ട് ഷോട്ടുകളാണ്. ഒന്ന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ലാലേട്ടന് ശയനപ്രദക്ഷിണം ചെയ്യുന്നതും അദ്ദേഹത്തിന്റെ അടുക്കലേയ്ക്ക് പത്മപ്രിയ ഓടിയെത്തുന്നതും. കാവ്യാമാധവന്റെ കല്യാണരംഗമായിരുന്നു മറ്റൊരു ഷോട്ട്. അപ്പോഴാണ് ഋഷികേശിലും ഹരിദ്വാറിലുംവച്ച് ഷൂട്ട് ചെയ്ത ഷോട്ടുകളെക്കുറിച്ച് ഓര്‍മ്മ വന്നത്. അതില്‍ വളരെക്കുറിച്ച് ഭാഗങ്ങളേ ഉപയോഗിച്ചിരുന്നുള്ളു. ലാഗ് വന്നതിനെത്തുടര്‍ന്ന് ഉപേക്ഷിച്ച ഒരു സീനും കൈവശമുണ്ടായിരുന്നു. ഇതൊക്കെ ചേര്‍ത്തുവച്ചുള്ള ഒരു ഗാനരംഗത്തിന്റെ സാധ്യതയെത്തേടി ആദ്യം വിളിച്ചത് എഡിറ്റര്‍ ഹരിഹരപുത്രനെയാണ്. എഡിറ്റിംഗ് ടേബിളില്‍ ഞങ്ങളിരുന്നു. ഷോട്ടുകള്‍ സിന്ഗ്രണൈസ് ചെയ്തു, പലവട്ടം. ഒടുവില്‍ ആ പാട്ടിന്റെ നീളത്തിനൊപ്പിച്ച് പല ഷോട്ടുകളും ചേര്‍ത്തുവച്ച് ഞങ്ങളൊരു ഗാനരംഗം സൃഷ്ടിച്ചു.
മീരയോട് (പത്മപ്രിയ) ഭരതപിഷാരടി (മോഹന്‍ലാല്‍) തന്റെ ഭൂതക്കാലത്തെക്കുറിച്ച് പറയുന്ന സീനിലെ ഷോട്ടിനിടയിലാണ് ഈ ഗാനരംഗം കടന്നുവരുന്നത്. തൃശൂരിലെ ഒരു തീയേറ്ററിലിരുന്നാണ് പ്രദര്‍ശനത്തിന്റെ ആദ്യദിവസം ഞാനും എന്റെ ഭാര്യയും വടക്കുന്നാഥന് കാണുന്നത്. ഗംഗേ എന്ന ഒറ്റവരി നാദം ഉയരുമ്പോള്‍തന്നെ തീയേറ്റര്‍ മുഴുവനും എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കുകയായിരുന്നു. ഞാന്‍ കരഞ്ഞുപോയി. ഭാര്യ എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
എന്നെക്കൊണ്ട് ആരായിരിക്കും അന്ന് ആ രണ്ട് റെയ്ഞ്ചിലുള്ള ഷോട്ടുകള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഏതോ അദൃശ്യശക്തിതന്നെയായിരിക്കണം. അല്ലെങ്കില്‍ ശോഭച്ചേച്ചി പറഞ്ഞതുപോലെ രവീന്ദ്രന്മാഷിന്റെ അനുഗ്രഹമായിരിക്കാം.
Recent Comments