ഇന്നും പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണുന്ന ചിത്രങ്ങളിലൊന്നാണ് വന്ദനം. നായികയായ ഗാഥ സ്റ്റെപ്പ് ഷൂ എന്ന കമ്പനിക്ക് വേണ്ടി പരസ്യ വാചകം കണ്ടെത്തുന്ന സീനും പ്രേക്ഷകര്‍ മറന്നു കാണാന്‍ വഴിയില്ല. Where ever you go I am there എന്ന വാക്കുകള്‍ കേട്ടാല്‍ ഇപ്പോഴും സ്റ്റെപ്പ് ഷൂവും വന്ദനം സിനിമയും മനസ്സിലേക്ക് കടന്നു വരും. എന്നാല്‍ ഈ നിത്യഹരിതമായ പരസ്യവാചകം കണ്ടെത്തിയത് ആരാണെന്നറിയാമോ?
വിആര്‍ ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ പ്രിയദര്‍ശനായിരുന്നു വന്ദനം സംവിധാനം ചെയ്തത്. ഗോപാലകൃഷ്ണനും പ്രിയദര്‍ശനും പലതും പറഞ്ഞ് നോക്കിയെങ്കിലും സംതൃപ്തി തരുന്ന ഒരു ക്യാപ്ഷനില്‍ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഷൂട്ടിങ്ങ് തുടങ്ങിയിട്ട് പോലും ക്യാപ്ഷന്‍ മാത്രം കിട്ടുന്നുണ്ടായില്ല. സെറ്റില്‍ അഭിനയിക്കാന്‍ എത്തിയ മുകേഷും മണിയന്‍പിള്ള രാജുവുമെല്ലാം ക്യാപ്ഷന്‍ കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷേ അവരെ കൊണ്ടും നടന്നില്ല. അങ്ങനെ ഒന്നും നടക്കാതെ വന്നപ്പോള്‍ പ്രിയദര്ശന് സെറ്റില്‍ ഒരു പ്രഖ്യാപനം നടത്തി. ‘ആപ്റ്റായിട്ടുള്ള ക്യാപ്ഷന്‍ കണ്ടെത്തുന്നവര്‍ക്ക് ആയിരം രൂപ കൂടുതല്‍ പ്രതിഫലം’. (1989 ല്‍ ആയിരം രൂപ എന്നത് വലിയൊരു സംഖ്യയായിരുന്നു)
പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ കടന്ന് പോയിട്ടും മികച്ച ക്യാപ്ഷന്‍ കിട്ടിയില്ല. സ്റ്റെപ്പ് ഷൂ കമ്പനിയുടെ മുതലാളിയായി വരും ദിവസങ്ങളില്‍ അഭിനയിക്കാന്‍ വരുന്ന തിക്കുറിശ്ശിയിലായിരുന്നു പ്രിയന്റെ അവസാനത്തെ പ്രതീക്ഷ. കാരണം പ്രേം നസീര്‍ മുതല്‍ പ്രിയദര്ശന് വരെയുള്ള പേരുകള്‍ നിര്‍ദ്ദേശിച്ചത് തിക്കുറിശ്ശിയായിരുന്നു. കൂടാതെ ചൊറിച്ചുമല്ലലില്‍ പ്രഗല്ഭനായിരുന്നു തിക്കുറിശ്ശി അന്ന്.
തിക്കുറിശ്ശിയോട് ആവശ്യം ഉന്നയിച്ചപ്പോള്‍ ‘എന്ത് ഉത്പനത്തിന്റെ ക്യാപ്ഷാനാണ് വേണ്ടതെന്ന്’ അദ്ദേഹം ചോദിച്ചു. പ്രിയന് ഷൂസിന്റെ പരസ്യമാണ് വേണ്ടത് എന്ന് മറുപടി കൊടുത്തു. ഉടന്‍ തിക്കുറിശ്ശി പറഞ്ഞു ‘നീ എവിടെ പോയാലും ഞാന്‍ കൂടെയുണ്ടാകും.’ എന്നാല്‍ കേട്ട ആര്‍ക്കും തന്നെ ആ ക്യാപ്ഷനില്‍ സംതൃപ്തി തോന്നിയില്ല. പ്രിയദര്ശന് വീണ്ടും നിരാശനായി. ആ ക്യാപ്ഷന്റെ അര്‍ത്ഥ പൂര്‍ണത ആരും അപ്പോള്‍ തിരിച്ചറിഞ്ഞില്ല എന്നതാണ് സത്യം.
പക്ഷേ അന്നുറങ്ങാന്‍ കിടന്ന പ്രിയന്റെ മനസ്സില്‍ തിക്കുറിശ്ശിയുടെ വാക്കുകള്‍ അലയടിച്ചു. ഉറക്കത്തിലേക്ക് വഴുതി വീണ് കൊണ്ടിരുന്ന പ്രിയന് ഒച്ച വെച്ച് ബെഡില്‍ എഴുന്നേറ്റു നിന്നു. അലറി കൊണ്ട് പ്രിയന് പറഞ്ഞു. ‘കിട്ടി, ക്യാപ്ഷന്‍ കിട്ടി.’ ചുറ്റിനുമുള്ളവര്‍ എന്താണ് ആ ക്യാപ്ഷന്‍ എന്ന് പ്രിയനോട് ചോദിച്ചു. അതാണ് ‘Where ever you go I am there’.
സത്യത്തില്‍ ആശയം തിക്കുറിശ്ശിയുടെ തന്നെയാണ്. പക്ഷേ പ്രിയന് അത് ഇംഗ്ലീഷിലാക്കി സൗന്ദര്യവത്കരിച്ചു എന്ന് മാത്രം. ലളിതമായ പദങ്ങള്‍ കൊണ്ട് ആശയം സംവദിക്കുന്നു എന്നതാണ് ഈ വാചകത്തിന്റെ മേന്മ. ആ സീനില്‍ മോഹന്‍ലാല്‍ ഗാഥയോട് പറയുന്ന ഡയലോഗായും ഈ വാചകം വളരെയധികം യോജിച്ചു നില്‍ക്കുകയും ചെയ്യുന്നു. നടീനടന്മാരുടെ പ്രകടനവും പ്രിയദര്ശന് എന്ന പ്രതിഭയുടെ സംവിധാനവും കൂടിയായപ്പോള്‍ ആ സീന്‍ അതിമനോഹരമായി. മറക്കാന്‍ കഴിയാത്ത ഇത്തരം സീനുകളുടെ ജനനത്തിന് പിന്നിലും അവിസ്മരണിയമായ മുഹൂര്ത്തങ്ങമുണ്ട്.
Recent Comments