കഴിഞ്ഞ ദിവസമാണ് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ലഹരി വസ്തുക്കളുടെ സാന്നിദ്ധ്യം സംശയിച്ചുകൊണ്ടാണ് സംഘം എത്തിയതെങ്കിലും ഒന്നും കണ്ടെത്താനാകാതെ അവര്‍ തിരിച്ചുപോയി.
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് നിര്‍മ്മാതാക്കളുടെ സംഘടനയാണ്. ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സെറ്റില്‍ കയറി പരിശോധന നടത്തണമെന്ന് അവര്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ട സാഹചര്യവും നിലവിലുണ്ട്. പക്ഷേ, നജീംകോയയുടെ കാര്യത്തില്‍ ആരോ ഒരാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തുനിന്ന് പതിനഞ്ച് പേരടങ്ങുന്ന എക്സൈസ് സംഘം ഈരാറ്റുപേട്ടയിലുള്ള ഹോട്ടലിലെത്തി പരിശോധന നടത്തിയെന്നുവേണം വിശ്വസിക്കാന്‍. എക്സൈസിന്റെ ഐ.ബി. വിഭാഗത്തില്‍പെട്ടവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. വ്യക്തമായ ഒരു സന്ദേശം കിട്ടാതെ അവര്‍ ഈ അന്വേഷണത്തിന് ഇറങ്ങി പുറപ്പെടില്ല. ആ സന്ദേശം നല്‍കിയത് ആരാണ് എന്ന ചോദ്യമാണ് നജീം കോയയും ഫെഫ്കയുമടക്കം ഉയര്‍ത്തുന്നത്.
നജീംകോയ താമസിക്കുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടലില്‍ വേറെയും രണ്ട് സിനിമാസംഘങ്ങള്‍ ഉണ്ടായിരുന്നു. ഒരു പൊതുപരിശോധനയുടെ ഭാഗമായിട്ടാണ് എക്സൈസ് എത്തിയതെങ്കില്‍ മറ്റുള്ളവരെക്കൂടി പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു. അതുണ്ടായില്ല. മറിച്ച് നജീം കോയയെത്തന്നെ ലക്ഷ്യം വയ്ക്കുകയായിരുന്നു. അതുകൊണ്ടാണ് ഒരു ഇന്‍ഫോര്‍മറുടെ സാന്നിദ്ധ്യം സിനിമാസംഘടനകള്‍ സംശയിക്കുന്നതും. ഇന്‍ഫോര്‍മര്‍ ആ ഹോട്ടലില്‍തന്നെ ഉണ്ടായിരുന്നുവെന്നും ചില സിനിമാപ്രവര്‍ത്തകര്‍ പറയുന്നുമുണ്ട്.
ആഗസ്റ്റ് സിനിമായുടെ ബാനറില്‍ ഷാജി നടേശനാണ് നജീംകോയ സംവിധാനം ചെയ്യുന്ന വെബ് സീരീസ് നിര്‍മ്മിക്കുന്നത്. ഡിസ്നി ഹോട്ട് സ്റ്റാറിനുവേണ്ടിയുള്ളതാണ് വെബ് സീരീസ്. നജീംകോയ ആദ്യമായി സംവിധാനം ചെയ്ത കളി നിര്‍മ്മിച്ചതും ഷാജി നടേശന്റെ ആഗസ്റ്റ് സിനിമാസാണ്. ആഗസ്റ്റ് സിനിമയിലൂടെ കരിയര്‍ ബ്രേക്ക് കിട്ടിയ ഒരു നടനാണ് ഈ ഇന്‍ഫോര്‍മറെന്ന് വിശ്വസിക്കുന്നവരാണ് സിനിമാക്കാരിലേറെയും. നജീം കോയയോടുള്ള വ്യക്തിവിരോധവും പുതിയ സീരീസില്‍ തന്നെ പരിഗണിക്കാത്തതിലുള്ള ദേഷ്യവുമായിരിക്കണം ഇതിന് പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു.
രക്തപരിശോധനയ്ക്കടക്കം നജീംകോയ തയ്യാറാണെന്നിരിക്കെ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ എക്സൈസ് സംഘത്തെ അറിയിച്ച ആളിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നജീം കോയയും ഫെഫ്കയും മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രി എം.ബി. രാജേഷിനും നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയതായി സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.
Recent Comments