കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഈ വര്‍ഷം സെപ്തംബര്‍ മാസം റിട്ടയര്‍ ചെയ്യുമ്പോള്‍ അടുത്ത ഗവര്‍ണര്‍ ആരാവും? 2019 സെപ്തംബര്‍ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന് കേരള ഗവര്‍ണറായി ചുമതലയേറ്റത്. സംസ്ഥാനസര്‍ക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍ത്തന്നെ ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ച്ചനല്‍കാന്‍ കേന്ദ്രം. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികള്‍ക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകള്‍ സഹായിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ബി.ജെ.പിക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഒരുപരിധിവരെ ഗവര്‍ണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടര്‍ച്ചയുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ തെരഞ്ഞെടുപ്പുകാലത്ത് നിര്‍ത്തിവെച്ചിരുന്ന നടപടികള്‍ ഗവര്‍ണറും പുനരാരംഭിച്ചു. സിന്റിക്കേറ്റുകളിലേക്ക് വിദ്യാര്‍ത്ഥി പ്രതിനിധികളെ അദ്ദേഹം നോമിനേറ്റ് ചെയ്തു. വൈസ് ചാന്‍സലറെ തെരെഞ്ഞെടുക്കാന്‍ വേണ്ടി ആറു യൂണിവേഴ്സിറ്റികളില്‍ സെര്‍ച്ച് കമ്മിറ്റിയും രൂപീകരിച്ചു.
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച ആരിഫ് ഖാന് സര്‍ക്കാരിനെ ഔദ്യോഗികകാര്യങ്ങളില്‍പോലും മുള്‍മുനയില്‍ നിര്‍ത്തി സമ്മര്‍ദത്തിലാക്കിയപ്പോള്‍ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവച്ചും രാഷ്ട്രപതിക്കയയ്ച്ചുമെല്ലാം ഗവര്‍ണര്‍ സര്‍ക്കാരിനെ
വീര്‍പ്പുമുട്ടിക്കുകയും ചെയ്തു. കോടതികളില്‍നിന്ന് ഗവര്‍ണര്‍ക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണപരമായി എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ഒരു വട്ടം കൂടി ആരിഫ് ഖാന് അവസരം നല്കാന് ബിജെപി സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് നിഗമനം.
അതേസമയം ആരിഫ് ഖാനു തുടര്‍ച്ച നല്‍കിയില്ലെങ്കില്‍ മലയാളിയും ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന കൈലാസനാഥനെ കേരള ഗവര്‍ണറാക്കുവാന്‍ സാധ്യതയുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശിയാണ് കുനിയില്‍ കൈലാസനാഥന്. ഇദ്ദേഹം മലയാളിയായതിനാല്‍ ഗവര്‍ണറാക്കുവാന്‍ കഴിയുമോ?
എന്നാല്‍ മലയാളിയായ വ്യക്തിയെ സ്വന്തം സംസ്ഥാനത്ത് ഗവര്‍ണറാക്കാന്‍ കഴിയില്ലെന്ന് പറയുന്നവരുമുണ്ട്. അതേസമയം സ്വന്തം സംസ്ഥാനത്ത് നിന്നും ഒരാള്‍ക്ക് ഗവര്ണറാവുന്നതില് ഭരണഘടന പ്രകാരം പ്രശ്നമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വന്തം സംസ്ഥാനത്തുള്ളയാള് അതേ സംസ്ഥാനത്ത് ഗവര്‍ണറായാല്‍ സാധാരണക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിയും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് മാത്രമാണ് ബംഗാളി ഭാഷ സ്വയം പഠിച്ച് സാധാരണക്കാരുമായി ആശയവിനിമയം നടത്തുന്നത്. ആരിഫിഖാന്‍ മലയാളം അറിയില്ല.
കൈലാസനാഥന് 1979 ഐഎഎസ് ബാച്ച് ആണ്. ഗുജറാത്ത് കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കെ കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കുനിയില്‍ കൈലാസനാഥന് നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പതിനൊന്ന് വര്‍ഷം ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. മോദിക്ക് ശേഷം വന്ന മുഖ്യമന്ത്രിമാരോടോപ്പവും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2013 മെയ് 31-ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ (സിഎംഒ) അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ചെങ്കിലും ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സി എം ഓഫീസില്‍ നിലനിര്‍ത്തുകയായിരുന്നു. ഔദ്യോഗികമായി 33 വര്‍ഷത്തെ സേവനം അദ്ദേഹത്തിനുണ്ട്. 2024 ജൂണ്‍ മാസമാണ് ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും അദ്ദേഹം പിരിഞ്ഞത്. അതിനെ തുടര്‍ന്നാണ് കേരള ഗവര്‍ണറായി കൈലാസനാഥനെ നിയമിക്കുമെന്ന അഭ്യൂഹമുണ്ടായത്.
Recent Comments