പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ പോളിംഗ് കുറഞ്ഞതിൽ മൂന്നു മുന്നണികൾക്കും ആശങ്ക. ഇക്കുറി 70.18 ശതമാനം പോളിങ്ങാണ് നടന്നത്… കഴിഞ്ഞ വർഷത്തേക്കാൾ ഏതാണ്ട് നാലു ശതമാനത്തിന്റെ കുറവുണ്ട് .ആ കുറവ് ഏത് മുന്നണിയെ ബാധിക്കും?
ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭ മേഖലയിൽ പോളിങ് കുറവുണ്ടായിട്ടില്ല. അൽപ്പം കൂട്ടിയിട്ടേയുള്ളൂ. അതേസമയം യുഡിഎഫിന്റെ ശക്തി കേന്ദ്രമായ പിരായരി പഞ്ചായത്തിൽ 69.78 ശതമാനമാണ് പോളിംഗ് .കഴിഞ്ഞ തവണത്തേക്കാൾ ഏതാണ്ട് ഏഴു ശതമാനത്തിന്റെ കുറവുണ്ട്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇ ശ്രീധരനെ അവസാന ലാപ്പിൽ പരാജയപ്പെടുത്തിയത് പിരായരി പഞ്ചായത്താണ് .അവിടെ പോളിംഗ് കുറഞ്ഞത് കോൺഗ്രസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
യു ഡിഎഫും എൽ ഡിഎഫും തുല്യശക്തികളായ മാത്തൂർ പഞ്ചായത്തിൽ 69.29 പോളിങ്. ഇവിടെയും പോളിങ് കുറഞ്ഞു. എൽഡിഎഫിനു മുൻതൂക്കമുള്ള കണ്ണാടി പഞ്ചായത്തിൽ 68.42 ശതമാനമാണ് പോളിംഗ്. അവിടെയും പോളിംഗ് കുറഞ്ഞു. അതായത് ബിജെപി ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറയാതിരിക്കുകയും യുഡിഎഫിന്റെയും എൽ ഡി എഫിന്റെയും ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറയുകയും ചെയ്തതുകൊണ്ടാണ് ചില തെരെഞ്ഞെടുപ്പ് വിദഗ്ദ്ധർ ബിജെപി പാലക്കാട് വിജയിക്കുമെന്ന് വിലയിരുത്തുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും യുഡിഎഫ് വൻ വിജയം നേടുമെന്നും ഭൂരിപക്ഷം പതിനായിരം കടക്കുമെന്നും പ്രവചിക്കുന്നുണ്ട്. ബിജെപിയുടെ സ്ഥാനാർഥി സി കൃഷ്ണകുമാർ 5000 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടുമെന്നാണ് വ്യക്തമാക്കിയത്. സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിന്റെ പ്രവചനം എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിൻ വൻ ഭൂരിപക്ഷത്തിനു ജയിക്കുമെന്നാണ്. ഭൂരിപക്ഷം എത്രെയെന്ന് അദ്ദേഹം പറഞ്ഞില്ല. തനിക്ക് എഴുപതിനായിരം വോട്ടുകൾ കിട്ടുമെന്നാണ് സരിൻ അവകാശപ്പെട്ടത്.
നാളെയാണ് വോട്ടെടുപ്പ് ഫലം വരുന്നത്. അതുവരെ ഓരോ മുന്നണി നേതാക്കളും തങ്ങൾ വലിയ ഭൂരിപക്ഷത്തിനു വിജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കും. തോറ്റാൽ പുതിയ ന്യായീകരണവുമായി വരും .എൽഡിഫോ ,യൂഡിഎഫോ ജയിച്ചാൽ ബിജെപി വോട്ട് മറിച്ചെന്നായിരിക്കും പറയുക. ബിജെപി ജയിച്ചാൽ സിപിഎം പറയുക കോൺഗ്രസ് വോട്ട് മറിച്ചെന്നായിരിക്കും .എൽഡിഎഫ് ജയിച്ചാൽ ബിജെപി സിപിഎം അന്തർധാരയെന്നായിരിക്കും യുഡിഎഫ് ആക്ഷേപം .
വോട്ടെടുപ്പിനു മുമ്പ് യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രവചിച്ച പലരും ഇപ്പോൾ അതിൽ നിന്നും പിന്നോട്ട് പോയി എന്നാണ് വാസ്തവം. ഇപ്പോൾ ആ സർക്കിളുകൾ പറഞ്ഞത് പാലക്കാട് ബിജെപിക്കും യുഡിഎഫിനും തുല്യ സാധ്യത എന്നാണ്. അതേസമയം വോട്ടെടുപ്പിനു മുമ്പും ശേഷവും എൽഡിഎഫ് ജയിക്കുമെന്ന് എൽ ഡി എഫുകാരല്ലാതെ ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് തെരെഞ്ഞെടുപ്പിൽ പാലക്കാട് സീറ്റിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ് എന്ന തിരിച്ചറിവോടെയാണ് തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രവർത്തിച്ചത്. അതിനാൽ ശക്തമായ പ്രവർത്തനങ്ങൾ അവർ നടത്തി. അവസാന ദിവസം എൽഡിഎഫ് നൽകിയ പത്ര പരസ്യം പോലും വിവാദമായി. നാളെ രാവിലെ എട്ടു മണി മുതൽ ലീഡ് നില അറിയാൻ കഴിയും.
Recent Comments