എല്ലാ നടന്മാര്ക്കും അവര്‍ക്ക് അവതരിപ്പിക്കാന്‍ താല്പര്യമുള്ള ഒരു സ്വപ്ന റോള്‍ ഉണ്ടാകും. മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്കും അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു. വടക്കന്‍ പാട്ടിലെ പയ്യമ്പള്ളി ചന്തുവായി വേഷമിടാനായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചത്. അദ്ദേഹം പലരോടും ഇത് പറയുകയും ചെയ്തിട്ടുണ്ട്.
വടക്കന്‍പാട്ടിലെ വീരനായകന് തച്ചോളി ഒതേനന്റെ ഗുരുസ്ഥാനീയനും ഉറ്റതോഴനുമായിരുന്നു പയ്യമ്പള്ളി ചന്തു ചേകവര്‍ എന്ന് കൂടി അറിയപ്പെട്ടിരുന്ന പയ്യംവെള്ളി ചന്തു. പ്രമുഖ പടനായകനായിരുന്ന പയ്യനാട് ചിണ്ടന് നമ്പ്യാരെ അടിയറവു പറയിക്കാന്‍ സുഹൃത്ത് കോമപ്പക്കുറുപ്പിന്റെ നിര്‍ദേശപ്രകാരം ‘പൂഴിക്കടകന്‍’ എന്ന പത്തൊമ്പതാം കളരി അടവ് ഒതേനനെ പഠിപ്പിച്ചതും, ഒതേനന് അങ്കംകുറിച്ച കതിരൂര്‍ ഗുരുക്കളുമായി ഒതേനന് പകരം ആദ്യം അങ്കം വെട്ടിയതും ചന്തുക്കുറുപ്പായിരുന്നു.
കോട്ടയം രാജവംശത്തിന്റെ നഷ്ടപ്പെട്ടുപോയ സ്വത്തുകളും കോവിലകവും ചന്തുക്കുറുപ്പിന്റെ നേതൃത്വത്തിലാണ് സൈന്യം തിരിച്ചുപിടിച്ചതും, പിന്നീട് മലബാറിലെ മിക്കയിടങ്ങളിലും പടയോട്ടം നടത്തി നിരവധി പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലാക്കിയതും. പയ്യംവെള്ളി ചന്തുക്കുറുപ്പിന് ജീവഹാനി നേരിട്ടത് കോട്ടയില്‍ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണെന്നാണ് പറയപ്പെടുന്നത്.
ആദ്യം പയ്യമ്പള്ളി ചന്തുവിന്റെ കഥ സിനിമയാക്കാന്‍ ശ്രമിച്ചത് ഡെന്നീസ് ജോസഫാണ്. ഉദയാ പടങ്ങളുടെ മാതൃകയില്‍ ഒരു സിനിമ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ജോയി തോമസിന്റെ നിര്‍മാണത്തില്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ചിത്രവുമായി മുന്നോട്ട് പോകുമ്പോഴാണ് പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി കടത്തനാടന്‍ അമ്പാടി പ്രഖ്യാപിക്കുന്നത്. ഒരേ സമയത്ത് രണ്ട് വടക്കന്‍ പാട്ട് സിനിമകള്‍ വന്നാല്‍ ശരിയാകില്ല എന്ന് തോന്നി ഡെന്നീസ് ജോസഫും കൂട്ടരും പിന്മാറുകയായിരുന്നു. പയ്യമ്പളളി ചന്തുവിന് പകരം അവര്‍ ചെയ്ത സിനിമയാണ് ന്യൂ ഡല്‍ഹി.
മമ്മൂട്ടി പക്ഷേ തന്റെ ആഗ്രഹത്തില്‍ നിന്ന് പിന്മാറാന് തയ്യാറായിരുന്നില്ല. പയ്യമ്പള്ളി ചന്തു തിരക്കഥയാക്കാമോ എന്ന് ചോദിച്ച് മമ്മൂട്ടി സമീപിച്ചത് സാക്ഷാല്‍ എംടിയെയാണ്. എന്നാല്‍ അദ്ദേഹം അതിനോട് ആഭിമുഖ്യം പ്രകടിപ്പിച്ചില്ല. ക്ലൈമാക്സില്‍ പയ്യമ്പള്ളി ചന്തു രാജവംശത്തെ പുന:സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നായിരുന്നു കാരണമായി എംടി പറഞ്ഞത്. അത് എംടിയുടെ നിലപാടുകള്‍ക്ക് എതിരാണ്. അതിനാലാണ് എംടി ആ ഉദ്യമത്തില്‍ നിന്ന് പിന്മാറിയത്.
പിന്നീടും പയ്യമ്പള്ളി ചന്തു സിനിമയായില്ല. വടക്കന്‍ പാട്ട് സിനിമകളില്‍ തന്നെ ഏറ്റവും മികച്ചതായ വടക്കന്‍ വീരഗാഥയോട് താരതമ്യം വരും എന്നതും അതിനൊരു കാരണമായിരിക്കാം. അങ്ങനെ പയ്യമ്പള്ളി ചന്തു കാലത്തിന്റെ ഒഴുക്കില്‍ മുങ്ങി പോയി. എന്നാല്‍ അവസരം കിട്ടിയാല്‍ ഇനിയും ചന്തുവാകാന്‍ മമ്മൂട്ടി എന്ന മഹാനടന് തയ്യാറാകും എന്നത് തീര്‍ച്ച.
Recent Comments