ഇന്നലെയാണ് ബറോസ് കണ്ടത്. എത്ര മനോഹരമായ ചിത്രം. എന്നിട്ടും എന്തുകൊണ്ടാണ് ബറോസിനെക്കുറിച്ച് പലരും മോശം പ്രചരിപ്പിക്കുന്നത്. ഇനിയൊരുപക്ഷേ ബറോസിനെ മുന്‍വിധിയോടെ സമീപിച്ചതുകൊണ്ടാകണം. മോഹന്‍ലാല്‍ എന്ന നടന് ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുമ്പോള്‍ അത് ഇങ്ങനെയായിരിക്കമെന്നവര് തീരുമാനിച്ച് ഉറപ്പിക്കുകയാണ്. അതിന് ഘടകവിരുദ്ധമായ ഒരു കാഴ്ചാനുഭവം അവര്‍ക്ക് ദഹിച്ചെന്ന് വരില്ല. അപ്പോള്‍ തങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ട് അവര്‍ സിനിമയെ വിമര്‍ശിക്കുകയാണ്. ഓര്‍ക്കുക, അത് നിങ്ങളുടെ മാത്രം പരാജയമാണ്, സംവിധായകന്റേതല്ല.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ത്രീഡി ചിത്രം ഇന്ത്യയില്‍ ഇറങ്ങുകയാണ്. ത്രീഡി ചിത്രീകരണം ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ്. ചില ഷോട്ട്സുകള്‍ വയ്ക്കാന്‍പോലും പരിമിതികള്‍ ഏറെയുണ്ട്. അതില്‍നിന്നുകൊണ്ടാണ് ഒരു ത്രിമാനതല ദൃശ്യം പകര്‍ത്തപ്പെടുന്നത്. എന്നിട്ടും ഒരു ത്രീ ഡൈമന്‍ഷന്റെ അപൂര്‍വ്വ ചാരുത കാണാന്‍ കഴിയുന്നുണ്ട് ബറോസില്‍. അതിന് പിറകില്‍ ഒരു മികച്ച ഛായാഗ്രാഹകന്‍ (സന്തോഷ് ശിവന്) ഉണ്ടെന്നത് നേരാണ്. പക്ഷേ ആ ദൃശ്യവിന്യാസം എങ്ങനെ വേണമെന്നും എത്തരത്തില്‍ സമീപിക്കണമെന്നതും ഒരു സംവിധായകന്റെ മിടുക്കാണ്. അയാള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്ക്കുന്ന ഒരു പ്രധാന നടന്‍കൂടി ആകുമ്പോള്‍ അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഒരു ഫെയറിടെയിലാണ് ബറോസ്. അതിനെ അത്ര മനോഹാരിതയോടെയും സ്വാഭാവികതയോടെയുമാണ് ലാല്‍ സമീപിച്ചിട്ടുള്ളത്. ശരിയാണ്, കഥ പറച്ചിലില്‍ ഒരല്‍പ്പം താളക്കുറവുണ്ട്. മുത്തശ്ശിക്കഥകളിലെ നീട്ടലും കുറുക്കലുമൊക്കെ നമ്മളും അനുഭവിച്ചിട്ടുള്ളതല്ലേ. അതിനെ ക്ഷമയോടെ കേള്‍ക്കാനും കാണാനും നമുക്ക് കഴിയണം. അതിനെപ്പോലും വിമര്‍ശിച്ചവര്‍ ഏറെയാണ്. അതിനര്‍ത്ഥം വിമര്‍ശനം മോശമാണെന്നല്ല. പക്ഷേ, അതിനെ പ്രസന്റ് ചെയ്യുന്ന രീതിയില്‍പോലും പരിഹാസവും പുച്ഛവും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആ മാനസിക നില പരിശോധിക്കപ്പെടേണ്ടതുതന്നെയാണ്.
ഇതൊരു പരിപൂര്‍ണ്ണ സൃഷ്ടിയാണെന്ന് അതിന്റെ സംവിധായകന് പോലും എവിടെയും അവകാശപ്പെട്ട് കണ്ടിട്ടില്ല. അതാര്‍ക്കും അവകാശപ്പെടാനുമാകില്ല. തെറ്റുകുറ്റങ്ങള്‍ സ്വാഭാവികമായും കടന്നുവരാം. അതിനെ ചൂണ്ടിക്കാട്ടുന്നതിനും തെറ്റില്ല. പക്ഷേ, അതിനെ ഒരു ഹെയ്റ്റ് കാംപെയിനിലേയ്ക്ക് വളരാന്‍ അനുവദിക്കുന്നതിലാണ് അപാകത. അതാണ് ഏറ്റവും അപകടവും. അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ട ഒരു ചിത്രമല്ല ബറോസ്. സംവിധായകനെന്ന നിലയില്‍ മോഹന്‍ലാലിന് തീര്‍ത്തും അഭിമാനിക്കാവുന്ന ചിത്രവും.
Recent Comments