പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മെയ് 31 മുതല്‍ രണ്ടു ദിവസം ധ്യാനമിരിക്കും. ഈ വാര്‍ത്ത വന്നതോടെ പ്രതിപക്ഷം ഭയപ്പാടിലാണ്. മോദിയുടെ ധ്യാനം പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്. ഏഴാംഘട്ട വോട്ടെടുപ്പിന്റെ നിശബ്ദ പ്രചാരണ വേളയിലാണ് മോദിയുടെ ധ്യാനം.
ധ്യാനം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എന്നാല്‍ മോദിയുടെ ധ്യാനം തടയാന്‍ കഴിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. മാധ്യമങ്ങള്‍ മോദിയുടെ ധ്യാനം സംപ്രേക്ഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മേല്‍പ്പറഞ്ഞ കക്ഷികള്‍ പരാതിപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് വിവേകാനന്ദപ്പാറയിലെ മോദിയുടെ ധ്യാനത്തെ പ്രതിപക്ഷം ഇത്രമാത്രം ഭയക്കുന്നത്.
ഏഴാംഘട്ട തെരെഞ്ഞെടുപ്പ് നടക്കുക 57 ലോകസഭ മണ്ഡലങ്ങളിലാണ്. ബിഹാറില്‍ എട്ടും ചണ്ഡീഗഡില്‍ ഒന്നും ഹിമാചല്‍ പ്രദേശില്‍ നാലും ജാര്‍ഖണ്ഡില്‍ മൂന്നും ഒഡീഷയില്‍ ആറും പഞ്ചാബില്‍ പതിമൂന്നും ഉത്തര്‍പ്രദേശില്‍ പതിമൂന്നും പശ്ചിമ ബംഗാളില്‍ ഒമ്പതും അങ്ങനെ 57 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കുക. ബംഗാളിലെ ജനങ്ങളുടെ വിവേകാനന്ദ സ്വാമിയോടുള്ള കടുത്ത ആരാധനയാണ് പ്രതിപക്ഷത്തിന്റെ ഭയത്തിനു പിന്നില്‍. അതുകൊണ്ട് മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരുന്നാല്‍ ബംഗാളിലെ ഒമ്പത് സീറ്റുകളില്‍ പ്രതിപക്ഷത്തിനു തിരിച്ചടിയാവുമെന്ന് അവര്‍ ഭയപ്പെടുന്നു. അല്ലാതെ ഭയത്തിനു പിന്നില്‍ മറ്റൊന്നല്ല. അതേസമയം വിവേകാനന്ദപ്പാറയില്‍ മോദി ധ്യാനത്തിലിരിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് ചില ബിജെപി നേതാക്കള്‍ പറഞ്ഞത്.
2019 ലെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ 15 മണിക്കൂറോളം ധ്യാനമിരുന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
ധ്യാനത്തിനായി അദ്ദേഹം വിവേകാനന്ദപ്പാറ തെരഞ്ഞെടുക്കാന്‍ കാരണമെന്താണെന്നാണ് പലരുടെയും ചോദ്യം.
ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഒത്തുച്ചേരുന്ന ത്രിവേണീ സംഗമമാണ് കന്യാകുമാരി. അവിടെ വാവതുറൈ ബീച്ചില്‍ നിന്നും 500 മീറ്റര്‍ അകലെ കടലില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു പാറയാണ് വിവേകാനന്ദപ്പാറ. 1892ല്‍ കന്യാകുമാരിയിലെത്തിയ സ്വാമി വിവേകാനന്ദന് ധ്യാനമിരിക്കാനായി പാറയിലേക്ക് കടലിലൂടെ നീന്തിയെത്തി. മൂന്ന് ദിവസത്തോളം അദ്ദേഹം അവിടെ ധ്യാനമിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് ബോധോദയം ലഭിച്ചതെന്നും കരുതപ്പെടുന്നു. ഏകദേശം 4 വര്‍ഷത്തോളം ഇന്ത്യയില്‍ അലഞ്ഞുനടന്ന അദ്ദേഹം ഒടുവില്‍ കന്യാകുമാരിയില്‍ വെച്ചാണ് തന്റെ തത്വസംഹിതയ്ക്ക് രൂപം നല്‍കിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കന്യാകുമാരിയില്‍ ഇന്ന് (മെയ് 30 വ്യാഴാഴ്ച) മുതല്‍ മൂന്നുദിവസത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കനത്ത സുരക്ഷാസന്നാഹമേര്‍പ്പെടുത്തിയ തീരത്ത് ഇന്നലെ (ബുധനാഴ്ച) സഞ്ചാരികളെ പരിശോധനയ്ക്കു ശേഷമാണ് പാറയിലേക്കു കടത്തിവിട്ടത്. കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി വൈകിട്ട് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു തടസ്സമുണ്ടാകും.
തമിഴ്നാട് ദക്ഷിണമേഖലാ ഐ.ജി. പ്രവേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം പോലീസ് ബുധനാഴ്ച മുതല്‍ നിരീക്ഷണം ശക്തമാക്കി. സുരക്ഷാക്രമീകരണങ്ങള്‍ക്കായി നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ മുതല്‍ കന്യാകുമാരി വരെയുള്ള തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തിയിലെ പോലീസ് ഔട്ട്പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. വിവേകാനന്ദപ്പാറയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മീന്‍പിടിത്തത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കന്യാകുമാരിയില്‍ ക്യാമ്പ് ചെയ്യുന്നു.
Recent Comments