വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മദ്രാസിലെ ഗുഡ്ലക്ക് തീയേറ്ററില്‍വെച്ചായിരുന്നു അയ്യര്‍ ദി ഗ്രേറ്റിന്റെ പ്രിവ്യൂ ഷോ. അന്ന് ആ ഷോ കാണാന്‍ ഞങ്ങളും അവിടെയുണ്ടായിരുന്നു. പ്രശസ്ത സംവിധായകന് ഭാരതിരാജയും നടന് മുരളിയും നിര്‍മ്മാതാവ് ഗുഡ്നൈറ്റ് മോഹനുമടക്കം നിരവധി പേര് ആ ഷോ കാണാന്‍ എത്തിയിരുന്നു.
ഷോ കഴിഞ്ഞതിന് പിന്നാലെ നടന് മുരളി ആദ്യം ഓടിയെത്തിയത് അയ്യര്‍ ദി ഗ്രേറ്റിന്റെ സംവിധായകന് ഭദ്രന്റെ അടുക്കലേക്കാണ്. വന്നപാടെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ‘സിനിമ നന്നായിരിക്കുന്നു. മമ്മൂട്ടിയും ഗംഭീരമായിട്ടുണ്ട്.’ നിറഞ്ഞ ചിരിയോടെ ഭദ്രന് അത് കേട്ടുനിന്നു.
അന്ന് വൈകുന്നേരം വുഡ്ലാന്റ് ഹോട്ടലില്‍വച്ച് ഭദ്രനെ ഞങ്ങള്‍ വീണ്ടും കണ്ടു. പലതും സംസാരിച്ച കൂട്ടത്തില്‍ മുരളിയുടെ പ്രശംസയും കടന്നുവന്നു. അപ്പോഴാണ് അതിനെ ബന്ധപ്പെടുത്തി ഭദ്രന് ഒരു കാര്യം പറഞ്ഞത്.
അയ്യര്‍ ദി ഗ്രേറ്റിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയം. ഇതേ വുഡ്ലാന്റ് ഹോട്ടലില്‍വച്ച് നടന് മുരളിയോടും ഞാന്‍ കഥ പറഞ്ഞു. മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മുരളിയുടെ ആദ്യ ചോദ്യം എന്തിന് മമ്മൂട്ടി, നെടുമുടി വേണു പോരേ എന്നായിരുന്നു. അതിനദ്ദേഹം കാരണമായി പറഞ്ഞത്, അയ്യര്‍ ദി ഗ്രേറ്റിലെ ഹീറോ അതിലെ പ്രവചനങ്ങളും അത് സംഭവിക്കുന്നതിലുമാണെന്നാണ്. ആ നിലയ്ക്ക് ഏത് നടനായാലും ആ രംഗത്ത് അനുയോജ്യനായിരിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. പക്ഷേ ഞാനെന്റെ നിലപാടില്‍ ഉറച്ചുനിന്നു. വൈകുണ്ഠം സൂര്യനാരായണന് വെറുമൊരു കണിയാനല്ല. അയാളുടെ പ്രവചനങ്ങള്‍ക്ക് ചില അസാധാരണത്വങ്ങളുണ്ട്. അതിന്റെ പ്രസന്റേഷനില്പോലും ഒരു ഗാംഭീര്യമുണ്ടാകണം. പോരാത്തതിന് ആ കഥാപാത്രം അയ്യരാണ്. ശരീരപ്രകൃതികൊണ്ടുപോലും അത് തോന്നിപ്പിക്കണമെങ്കില്‍ മമ്മൂട്ടി തന്നെ വേണമെന്ന് ഞാന്‍ ശഠിച്ചു. എന്റെ നിരീക്ഷണങ്ങളോട് തര്‍ക്കിക്കാന്‍ പിന്നെ മുരളിയും നിന്നില്ല. അതേ മുരളി തന്നെയാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ പ്രകടനം ഗംഭീരമായിരിക്കുന്നുവെന്ന് പറഞ്ഞത്.’
ഈ സംഭവം പെട്ടെന്ന് ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. അഭിനയജീവിതത്തിന്റെ അമ്പതാണ്ട് പിന്നിട്ട മമ്മൂട്ടിയെ അഭിനന്ദിച്ചുകൊണ്ട് ഭദ്രന് ഫെയ്സ് ബുക്കില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. അതില്‍ ഈ സംഭവം വിശദീകരിക്കുന്നുണ്ട്. പക്ഷേ നടനാരാണെന്ന് അദ്ദേഹം പറയുന്നില്ല. അദ്ദേഹം ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് പേര് പറയുന്നില്ല എന്നാണ് ഭദ്രന് എഴുതിയിരിക്കുന്നത്. ആ അനുഭവങ്ങള്‍ക്ക് സാക്ഷികളായവരെന്ന നിലയില്‍ ഞങ്ങള്‍ക്കറിയാം ആ പ്രഗത്ഭനായ നടന് മുരളിയായിരുന്നുവെന്ന്.
Recent Comments