ഒടുവിൽ അത് സംഭവിച്ചു. കുറച്ച് നാളുകളായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. അതിനു വിരാമം വീണത് ഇന്നലെ (24-12-2024) രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങിയതോടെയാണ്. ബീഹാർ ഗവർണറായാണ് ആരിഫ് ഖാന്റെ പുതിയ നിയമനം. പകരം ബീഹാർ ഗവർണർ രാജേന്ദ്ര ആർലേക്കർ ആണ് കേരള ഗവർണർ. എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റം കേന്ദ്ര സർക്കാർ നടത്തിയത്?
ഏതാനും മാസങ്ങൾക്കകം ബിഹാറിൽ സംസ്ഥാന തെരെഞ്ഞെടുപ്പ് നടക്കുവാൻ പോകുകയാണ് .ബിഹാറിൽ മുസ്ലിം വോട്ടുകൾ നിർണായകമാണ്.അതുകൊണ്ടാണ് ബിഹാറിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി എത്തുന്നത് .ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ബിഹാറിലെ മുസ്ലിം വോട്ടുകൾ ലാലു പ്രസാദ് യാദവ് നേതൃത്വം നൽകുന്ന സഖ്യത്തിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .ആ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തുകയാണ് ഇത് വഴി ബിജെപി ലക്ഷ്യമിടുന്നത് .അമിത്ഷായുടെ ചാണക്യ തന്ത്രമാണ് ഇതിനു പിന്നിലെന്നും പ്രചാരണമുണ്ട് .
പതിവു രീതികളെല്ലാം പൊളിച്ചെഴുതിയാണ് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അഞ്ചുവർഷത്തിലധികം ഗവർണറായി കേരളത്തിൽ വിരാജിച്ചത് .കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഒരു ഗവർണ്ണരും സംസ്ഥാന സർക്കാരുമായി ഇത്രയധികം ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല . മുഖ്യമന്ത്രിയും ഗവർണ്ണറും ദിവസവും വാർത്താസമ്മേളനം നടത്തി കൊമ്പുകോർക്കുന്നതും കേരളംകണ്ടു .ആരിഫ് മുഹമ്മദ് ഖാൻ 2019 സെപ്റ്റംബർ ആറിന് ചുമതലയേറ്റെടുത്തത് മുതൽ ഓരോ ദിവസവും സംസ്ഥാന സർക്കാരുമായി സംഭവബഹുലമായ ഏറ്റുമുട്ടലുകളാണ് നടന്നത്.
തനിക്കെതിരെ പ്രസ്താവന നടത്തിയ ധനമന്ത്രി കെഎൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ ഗവർണ്ണർ രേഖപ്പെടുത്തിയ അപ്രീതിയും ഏറെ ചർച്ചയായിരുന്നു. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നുമാണ് മുഖ്യമന്ത്രിക്ക് അയച്ച് കത്തിൽ ഗവർണ്ണർ വ്യക്തമാക്കിയത്. ഇത് ദേശീയതലത്തിൽ പോലും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
സർക്കാരുമായുള്ള ഭിന്നതയെ തുടർന്ന് നയപ്രഖ്യാപന പ്രസംഗം വെറും 78 സെക്കൻഡിൽ ഒതുക്കിയതും വിവാദമായിരുന്നു.നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ നിയമസഭയിൽ വായിച്ചത്. ഏറ്റവും കുറച്ചുസമയം കൊണ്ട് നയപ്രഖ്യാപനം വായിച്ചതിന്റെ റെക്കോർഡും ഇതോടെ അദ്ദേഹത്തിന്റെ പേരിലായി.സർവ്വകലാശാലകളിലെ നിയമനങ്ങളെ ചൊല്ലിയാണ് ഏറ്റവുമധികം തവണ ഗവർണ്ണരും സർക്കാരും തമ്മിൽ കൊമ്പ് കോർത്തത് .
രാജേന്ദ്ര ആർലേക്കർ ഗോവയിലെ പ്രധാനപ്പെട്ട ബിജെപി നേതാവായിരുന്നു .ആർ എസ് എസിലൂടെയാണ് ബിജെപിയിൽ അദ്ദേഹം എത്തിയത് .ഗോവയിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുകയും ചെയ്തു .ഗോവ സ്പീക്കറായിരുന്നു .തുടർന്ന് ഹിമാചൽ പ്രദേശ് ,ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ അദ്ദേഹം ഗവർണറായി .ഇപ്പോൾ കേരള ഗവർണറും .ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയത് പിണറായി സർക്കാരിനു ആശ്വാസകരമാണ് .ഇവരെ കൂടാതെ ചില ഗവർണർ നിയമനവും പ്രഖ്യാപിച്ചിട്ടുണ്ട്.ഒഡീഷ സ്ഥാനം ഒഴിഞ്ഞ രഘുബർ ദാസിന്റെ രാജി സ്വീകരിച്ച രാഷ്ട്രപതി അവിടെ പുതിയ ഗവർണറായി മിസോറാം ഗവർണർ ഡോ .ഹരിബാബു കമ്പം പതിയെ നിയമിച്ചു .മിസോറാം ഗവർണറായി ഡോ .വിജയകുമാർ സിംഗ് നിയമിതനായി .പുതിയ ഗവർണർമാർ അതാത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്നത് തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരുമെന്നാണ് രാഷ്ട്രപതി ഭവന്റെ ഉത്തരവിൽ പറയുന്നത് .പുതിയ ഗവർണർ പിണറായി സർക്കാരിനു ആരിഫ് ഖാനെ പോലെ തലവേദന സൃഷ്ടിക്കുമോ എന്ന് കണ്ടറിയണം
Recent Comments