ടിക്കറ്റ് വില്‍പ്പന ആരംഭിച്ച നിമിഷംമുതല്‍ മികച്ച പ്രതികരണമാണ് ലിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വിറ്റു പോയത്. പല തിയേറ്ററുകളിലും ടിക്കറ്റ് ബുക്കിങ്ങിനായി വലിയ തോതില്‍ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷനാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി ആദ്യദിനം നേടിയിരിക്കുന്നത് 5.4 കോടിയിലധികം രൂപയാണ്. മൂന്നര ലക്ഷം ടിക്കറ്റും വില്പന നടന്നു. ആദ്യ ദിവസ കളക്ഷനില്‍ ഇതുവരെ മുമ്പില്‍ നിന്നിരുന്നത് രജനികാന്തിന്റെ ജയിലറാണ്. 5.85 കോടിയാണ് ജയിലര്‍ ആദ്യ ദിനം നേടിയത്. റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ജയിലറിനെ ലിയോ മറികടക്കും എന്നാണ് വിലയിരുത്തല്‍. അതേസമയം, ടിക്കറ്റിന്റെ പ്രീസെയിലില്‍ കെ.ജി.എഫ് 2വിന്റെ 4.3 കോടി എന്ന റെക്കോര്‍ഡ് ലിയോ മറികടന്ന് കഴിഞ്ഞു.
ഒക്ടോബര്‍ 19ന് ആണ് ലിയോ റിലീസ്. അന്നേദിവസം കേരള ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ ചിത്രം നേടുമെന്ന് ട്രെന്റുകളില്‍ നിന്നും വ്യക്തമാണ്. വിജയ്യുടെ മുമ്പുള്ള രണ്ട് ചിത്രങ്ങളും കേരളത്തിലെ പ്രേക്ഷകരെ നിരാശപ്പെടുത്തിയെങ്കിലും ലോകേഷ് കനകരാജില്‍ ജനം വിശ്വാസം അര്‍പ്പിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്റെ ചിത്രങ്ങളുടെ ആസ്വാദക സമൂഹത്തെ സൃഷ്ടിക്കാന്‍ ലോകേഷിന് കഴിഞ്ഞു. യുവാക്കളില്‍ ലോകേഷിനുള്ള ഈ സ്വാധീനമാണ് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നത് .
ലിയോ ജയിലറിനെ മറികടക്കുമോ ഇല്ലെയോ എന്നാണ് സിനിമ സമൂഹം ഉറ്റുനോക്കുന്നത്. ദളപതിയും തലൈവരും തമ്മിലുള്ളൊരു ശക്തി പരീക്ഷയായി കളക്ഷന്‍ റെക്കോര്‍ഡുകള്‍ വിലയിരുത്തപ്പെടുമെന്ന് തീര്‍ച്ചയാണ്.
Recent Comments